Published: December 29, 2025 06:59 PM IST
1 minute Read
മുംബൈ ∙ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ആദ്യമായി മുത്തമിട്ട വർഷമാണ് 2025. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ചാണ് ഇന്ത്യ ലോക ചാംപ്യന്മാരായത്. വനിതാ ലോകകപ്പ് നേടുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ; നേരത്തേ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസീലൻഡ് ടീമുകൾ ലോകജേതാക്കളായിട്ടുണ്ട്. ലോകകപ്പിൽ ഇന്ത്യൻ വനിതകളുടെ കന്നിക്കിരീടനേട്ടം രാജ്യമാകെ വൻ ആഘോഷമായിരുന്നു. താരങ്ങളുടെ ആഹ്ലാദപ്രകടനങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ലോകകപ്പ് ട്രോഫി സ്വീകരിക്കുന്നതിന് തൊട്ടുമുൻപ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നടത്തിയ ഭംഗര നൃത്തവും സമൂഹമാധ്യമങ്ങൾ ഏറ്റുപിടിച്ചിരുന്നു. ഐസിസി ചെയർമാൻ ജയ് ഷായിൽനിന്നു ട്രോഫി സ്വീകരിക്കാൻ സ്റ്റേജിയിൽ കയറിയപ്പോഴാണ് പഞ്ചാബി നൃത്തരൂപമായ ഭംഗരയിലെ ചില ചുവടുകൾ ഹർമൻപ്രീത് വച്ചത്.
ഇപ്പോഴിതാ, ടീം വൈസ് ക്യാപ്റ്റനായ സ്മൃതി മന്ഥനയുടെ നിർബന്ധം മൂലമാണ് ഹർമൻപ്രീത് ഡാൻസ് കളിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഹതാരമായ ജമീമ റോഡ്രിഗസ്. കൊമേഡിയൻ കപിൽ ശർമ അവതാരകനായ ദ് ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ എപ്പിസോഡിലാണ് ജമീമയുടെ വെളിപ്പെടുത്തൽ. ഷോയിൽ സ്മൃതി ഉണ്ടായിരുന്നില്ലെങ്കിലും, ടീമിൽ താരത്തിനുള്ള സ്വാധീനം വ്യക്തമാക്കുന്ന സംഭവങ്ങൾ ജമീമയും ഹർമൻപ്രീതും പങ്കുവച്ചു.
യുവതാരങ്ങളിൽ നിന്ന് ഹർമൻപ്രീത് വളരെ അപൂർവമായി മാത്രമേ നിർദേശങ്ങൾ സ്വീകരിക്കാറുള്ളൂ എന്ന് ജമീമ തമാശരൂപേണ പറഞ്ഞു. എങ്കിലും സ്മൃതിക്ക് ഒരു പ്രത്യേക സ്ഥാനം ഉള്ളതായി തോന്നുന്നുണ്ടെന്നും സ്മൃതിയുടെ നിർദേശപ്രകാരമാണ് ട്രോഫി സ്വീകരിക്കുന്നതിനു മുൻപ് ഭംഗര അവതരിപ്പിക്കാൻ ഹർമൻപ്രീത് തയാറായതെന്നും ജമീമ പറഞ്ഞു. ജമീമയും ഹർലീനും ചേർന്നാണ് താൻ ഡാൻസ് കളിക്കാൻ പ്ലാൻ ചെയ്തതെന്ന് ഹർമൻപ്രീത് പറഞ്ഞപ്പോഴാണ് ജമീമ, സ്മൃതിയുടെ ‘ഭീഷണി’യെക്കുറിച്ച് വെളിപ്പെടുത്തിയത്.
‘‘ഇല്ല, അത് സ്മൃതി ആയിരുന്നു. ഹാരിദീ എന്തായാലും ഞങ്ങളുടെ വാക്കുകൾ കേൾക്കാറില്ല. തുടക്കത്തിൽ ഹാരിദീ മടിച്ചുനിന്നു, പക്ഷേ പിന്നീട് സ്മൃതി പ്രഖ്യാപിച്ചു, ‘ട്രോഫി ഉയർത്തുമ്പോൾ നിങ്ങൾ ഭംഗര കളിച്ചില്ലെങ്കിൽ, ജീവിതകാലം മുഴുവൻ ഞാൻ നിങ്ങളോട് സംസാരിക്കില്ല.’ അതോടെയാണ് ഡാൻസ് കളിക്കാൻ ഹർമൻപ്രീത് സമ്മതിച്ചതെന്ന് ജമീമ വ്യക്തമാക്കി.
ലോകകപ്പ് നേടിയതിനു പിന്നാലെ നടന്ന ആഘോഷങ്ങളെക്കുറിച്ചും ജമീമ വിശദീകരിച്ചു. ‘‘വിജയിച്ചതിനുശേഷം, ഞങ്ങൾക്ക് ആവേശം അടക്കാൻ കഴിഞ്ഞില്ല, നൃത്തം തുടർന്നു. ഉറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും അസാധ്യമായിരുന്നു. അത്താഴം കഴിച്ച ശേഷം പുലർച്ചെ 3:30 വരെ ഞങ്ങൾ മൈതാനത്ത് ആഘോഷം തുടർന്നു. സ്റ്റേഡിയത്തിലെ ലൈറ്റുകൾ ഓഫ് ചെയ്തതിനാൽ ഞങ്ങൾ പോകാൻ നിർബന്ധിതരായി. പക്ഷേ പുലർച്ചെ വരെ ഒരുമിച്ച് നിന്നു.’’– ജമീമ വിവരിച്ചു.
English Summary:








English (US) ·