Published: July 03 , 2025 10:51 PM IST Updated: July 03, 2025 11:03 PM IST
1 minute Read
കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, മുൻ ഭാര്യ ഹസിൻ ജഹാനും മകൾക്കും ജീവനാംശമായി നാലു ലക്ഷം രൂപ ഓരോ മാസവും നൽകണമെന്ന് കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കോടതി വിധി വന്നതിനു പിന്നാലെ മുഹമ്മദ് ഷമിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഹസിൻ ജഹാന്‍ ഉയർത്തിയത്. ഷമിയുടെ ജീവിത രീതി വച്ച് നാലു ലക്ഷം ചെറിയ തുകയാണെന്ന് ഹസിൻ ജഹാൻ പ്രതികരിച്ചു. ‘‘നാലു വര്‍ഷം മുൻപ് ഞങ്ങൾ ആവശ്യപ്പെട്ടത് പത്തു ലക്ഷം രൂപയായിരുന്നു. ജീവിതച്ചെലവ് ഇപ്പോൾ വർധിച്ചിട്ടുണ്ട്. ഷമിയുടെ ജീവിത രീതി വച്ച് നോക്കുമ്പോൾ നാലു ലക്ഷം ചെറിയ തുകയാണ്. എങ്കിലും കോടതി വിധി ഞങ്ങൾക്കു വലിയ വിജയമാണ്.’’– ഹസിൻ ജഹാൻ വാർത്താ ഏജൻസിയായ പിടിഐയോടു പ്രതികരിച്ചു.
‘‘ മാസം 10 ലക്ഷം രൂപ നല്‍കണമെന്ന ആവശ്യം ഞങ്ങൾ ഇനിയും ഉന്നയിക്കും. അഭിഭാഷകനോടും ഹൈക്കോടതിയോടും ഞങ്ങൾക്കുള്ള നന്ദി അറിയിക്കുകയാണ്. കൂടുതൽ തുക ലഭിച്ചാൽ എനിക്കു മകളെ നന്നായി വളർത്താൻ സാധിക്കും.’’– ഹസിൻ ജഹാൻ പ്രതികരിച്ചു. ആറു വർഷത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് മാസം നാലു ലക്ഷം രൂപ ജിവനാംശം നൽകണമെന്ന കോടതി വിധി ഹസിൻ ജഹാൻ നേടിയെടുത്തത്.
നാലു ലക്ഷത്തിൽനിന്ന് പ്രതിമാസം ആറു ലക്ഷം രൂപ വരെ ഷമി നൽകാനുള്ള സാധ്യതയുണ്ടെന്നു ഹസിൻ ജഹാന്റെ അഭിഭാഷകനായ ഇംതിയാസ് അലി പ്രതികരിച്ചു. അതിനായി നിയമപോരാട്ടം നടത്തുമെന്നാണ് ഹസിൻ ജഹാന്റെ അഭിഭാഷകന്റെ നിലപാട്. 2014ലാണ് മോഡലായ ഹസിൻ ജഹാനും മുഹമ്മദ് ഷമിയും വിവാഹിതരാകുന്നത്. 2015ൽ ഷമിക്കും ഹസിൻ ജഹാനും മകൾ ലഭിച്ചു. ബന്ധം വഷളായതോടെ 2018 മുതൽ ഇരുവരും അകന്നു കഴിയുകയാണ്. മുഹമ്മദ് ഷമിക്കും കുടുംബത്തിനുമെതിരെ ഹസിൻ ജഹാൻ ഗാർഹിക പീഡന പരാതി നൽകിയിരുന്നു.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Insta/Shami/HasinJahanൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
English Summary:








English (US) ·