ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഇങ്ങനെയൊരു ഭാഗ്യം കിട്ടൂ, അതിനുവേണ്ടി പണിയ ഭാഷ പഠിച്ചു-ആര്യാ സലിം

7 months ago 8

കേരളത്തിലെ ആദിവാസി മേഖലയില്‍ നടന്ന ഒരു ഭൂസമരം. ആ സംഭവം പ്രചോദനമായി നരിവേട്ട എന്ന ചിത്രം ഇറങ്ങിയപ്പോള്‍ സമരനായികയെ അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത് ആര്യാ സലീമിനായിരുന്നു. ഇരുപതോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയേറെ ആളുകള്‍ തന്നെ തിരിച്ചറിഞ്ഞ മറ്റൊരു സിനിമയില്ലെന്ന് പറയുകയാണ് ആര്യാ സലീം. തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിലെ പോലീസുകാരിയില്‍ നിന്ന് നരിവേട്ടയിലെ ശാന്തിയിലെത്തുമ്പോള്‍ നിറഞ്ഞ സന്തോഷത്തിലാണ് ഈ താരം. നരിവേട്ട എന്ന ചിത്രത്തിലെ കഥാപാത്രമാവാനെടുത്ത തയ്യാറെടുപ്പുകള്‍, ഭാഷാ പഠനം, അഭിനന്ദനങ്ങള്‍ എന്നിവയെല്ലാം ആര്യ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു.

കുറേ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആര്യയെ ആളുകള്‍ തിരിച്ചറിയാതിരിക്കുകയായിരുന്നോ?

കുറേക്കാലത്തിനുശേഷമാണ് ഇത്രയും ശക്തമായതും അഭിനയ പ്രാധാന്യമുള്ളതുമായ കഥാപാത്രം ചെയ്യുന്നത്. കുറേ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അത് ഞാനാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. നരിവേട്ടയിലെ കഥാപാത്രത്തിന് നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം. ഓസ്​ലർ കഴിഞ്ഞ് നില്‍ക്കുമ്പോള്‍ മമ്മൂട്ടി കമ്പനിയില്‍ നിന്നാണ് അനുരാജ് മനോഹര്‍ ഒരു പടം ചെയ്യുന്നുണ്ടെന്ന് പറഞ്ഞത്. അതനുസരിച്ച് ഞാനവരെ നേരിട്ടുകാണുകയും കഥ കേള്‍ക്കുകയും ചെയ്തു. 2023 ഡിസംബറിലായിരുന്നു ഇത്.

narivetta

സി.കെ. ജാനുവാണോ ശാന്തി എന്ന കഥാപാത്രത്തിന്റെ റഫറന്‍സ്.

കേരളത്തില്‍ ഒരുപാട് ഭൂസമരങ്ങള്‍ നടന്നിട്ടുണ്ട്. അതുപോലൊന്നാണ് നമ്മുടെ സിനിമയിലേത് എന്നാണ് അനുരാജ് സാര്‍ പറഞ്ഞിരുന്നത്. എല്ലാവരേയും ഒരുമിച്ചുകൂട്ടി, കാര്യങ്ങള്‍ വിശദമാക്കി, ഒറ്റക്കെട്ടാക്കി സമരത്തിനിറക്കുന്ന സമരനായികയാണ് ഈ കഥാപാത്രമെന്നും പറഞ്ഞു. ശാന്തി എന്ന കഥാപാത്രത്തിന്റെ പ്രധാന റഫറന്‍സ് സി.കെ. ജാനു മാഡമാണ്. ആദ്യം മേക്കപ്പിട്ടപ്പോള്‍ സംവിധായകന്‍ അത്ര തൃപ്തനല്ലായിരുന്നു. പിന്നീട് ചില ഫോട്ടോസ് കാണിച്ചശേഷം ഇങ്ങനെയാണ് വേണ്ടതെന്ന് അനുരാജ് പറയുകയായിരുന്നു. പിന്നീട് വീണ്ടും മേക്കപ്പിട്ടശേഷം നമ്മുടെ ഫോട്ടോഗ്രാഫര്‍ ഏതാനും ചിത്രങ്ങളെടുത്ത് കാണിച്ചപ്പോള്‍ എനിക്ക് ശരിക്കും ജാനു മാഡത്തെ ഫീല്‍ ചെയ്തു. ടെന്റിലിരുന്ന് സംസാരിക്കുന്ന ചിത്രമായിരുന്നു അത്. അദ്ഭുതപ്പെട്ടുപോയി.

സി.കെ. ജാനുവുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ അവസരം ലഭിച്ചിരുന്നോ.

അവരെ കാണണമെന്നും സംസാരിക്കണമെന്നുമുണ്ടായിരുന്നു. ആദ്യം ശ്രമിച്ചപ്പോള്‍ അവരുടെ ചില തിരക്കുകള്‍ കാരണം കാണാന്‍ പറ്റിയില്ല. പിന്നീട് അവരുടെ വീട്ടില്‍പ്പോയി കണ്ടു. ഇങ്ങനെയൊരു സിനിമ വരുന്നുണ്ടെന്നും അവരെ അനുസ്മരിപ്പിക്കുന്ന ഒരു കഥാപാത്രം അതിലുണ്ടെന്നും നേരത്തേ അറിയിച്ചിരുന്നു. 2003-ലെ മുത്തങ്ങ സമരത്തെക്കുറിച്ചൊക്കെ അന്വേഷിച്ചറിഞ്ഞു. അഭിമാനം നിറഞ്ഞ ഒരു നിമിഷമായിരുന്നു അത്.

narivetta

ശാന്തി എന്ന കഥാപാത്രം ആദിവാസി വിഭാഗക്കാരിയാണ്. ഇതിനായി ഗോത്രവിഭാഗം സംസാരിക്കുന്ന ഭാഷ പഠിച്ചിരുന്നോ.

ദ്രാവിഡ ഭാഷയാണ് ആദ്യം പഠിച്ചത്. എന്നാല്‍ നമ്മുടെ കൂടെ അഭിനയിച്ച സഹോദരങ്ങളെല്ലാം പണിയ ഭാഷയാണ് സംസാരിച്ചിരുന്നത്. ദ്രാവിഡ ഭാഷയെ അപേക്ഷിച്ച് പണിയ ഭാഷയാണ് ആളുകള്‍ക്ക് കുറച്ചുകൂടി മനസിലാവുക എന്നുള്ളതുകൊണ്ട് അത് പഠിക്കുകയായിരുന്നു. സിനിമയില്‍ പണിയ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ഷൂട്ട് തുടങ്ങുന്നതിന് കുറച്ചുദിവസം മുന്‍പ് വയനാട്ടില്‍ അവരുടെ ഊരുകളില്‍പ്പോവുകയും അവരുമായി ഇടപഴകുകയും ചെയ്തു. ആദ്യമൊക്കെ അവര്‍ നമ്മളോട് നല്ല മലയാളത്തിലും അവര്‍ തമ്മില്‍ പണിയ ഭാഷയിലും സംസാരിക്കും. തുടക്കത്തില്‍ ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല. ഡയലോഗുകള്‍ ഓഡിയോ എടുത്ത് അയച്ചുതരുമായിരുന്നു. ഷൂട്ട് തുടങ്ങിയപ്പോള്‍ എങ്ങനെ സംസാരിക്കണമെന്നെല്ലാം അവര്‍തന്നെ പറഞ്ഞുതരാന്‍ തുടങ്ങി. നമ്മളുമായി അടുത്തുകഴിഞ്ഞാല്‍ വലിയ സ്‌നേഹമാണ് അവര്‍ക്ക്. ആദ്യം കണ്ടപ്പോള്‍ അപരിചിത എന്ന നിലയ്ക്ക് അവര്‍ക്ക് ചിരിക്കാനൊക്കെ മടിയായിരുന്നു. പിന്നെയത് മാറി. നമ്മളും അവരിലൊരാളായി മാറി. ചില ഡയലോഗുകള്‍ തിരക്കഥയില്‍ ഉണ്ടാവില്ല. അപ്പോള്‍ അവര്‍ എങ്ങനെവേണമെന്ന് പറഞ്ഞുതരും. പ്രസാദ്, വിനോദ്, അമ്പിളി തുടങ്ങിയ ചേട്ടന്മാരൊക്കെ നന്നായി സഹായിച്ചു.

തിരക്കഥയില്‍ സംഭാഷണങ്ങള്‍ സാധാരണപോലെയായിരുന്നോ? സംസാരശൈലിയും സംഭാഷണങ്ങളും എങ്ങനെയാണ് പഠിച്ചത്.

തിരക്കഥയില്‍ സംഭാഷണങ്ങള്‍ സാധാരണ ഭാഷയിലായിരുന്നു. ഇടയ്ക്ക് ഒന്നുരണ്ട് വാക്കുകള്‍ ഗോത്രവിഭാഗങ്ങള്‍ പറയുന്നതുപോലെയുണ്ടായിരുന്നു. തിരക്കഥയിൽ എഴുതിയിരുന്ന സംഭാഷണങ്ങൾ പണിയഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു. അതാണ് ഓഡിയോ ആക്കി അയച്ചുതന്നിരുന്നത്. ഓഡിയോ കേട്ടിട്ട് ഒരു ബുക്കിലേക്ക് മാറ്റിയെഴുതും. എന്നിട്ട് സംശയമുള്ള പ്രയോഗങ്ങളും വാക്കുകളും അവരോട് ചോദിക്കും. കാരണം ഓഡിയോ കേട്ടിട്ട് നമ്മള്‍ എഴുതുന്നത് കൃത്യമായിരിക്കില്ലല്ലോ.

narivetta

മിന്നല്‍ മുരളിയില്‍ ടൊവിനോയുടെ ചേച്ചിയുടെ വേഷമായിരുന്നല്ലോ. ടൊവിനോയെക്കുറിച്ച് ആര്യ നിരീക്ഷിച്ച കാര്യങ്ങളെന്തെല്ലാമാണ്.

ഞാന്‍ ചെയ്തതില്‍ ആളുകളിലേക്ക് എത്തിയ ഒരു കഥാപാത്രം മിന്നല്‍ മുരളിയിലെ ടൊവിനോയുടെ ചേച്ചിയുടേതാണ്. ആ ചിത്രത്തിലെ സഹോദരന്‍-സഹോദരി കോമ്പിനേഷന്‍ ആളുകള്‍ക്കിടയില്‍ വര്‍ക്കായെന്ന് തോന്നുന്നു. നിങ്ങളിത്ര കമ്പനിയാണോ, വിളിക്കാറുണ്ടോ എന്നൊക്കെ പലരും ചോദിക്കാറുണ്ട്. പക്ഷേ, യഥാര്‍ത്ഥത്തില്‍ അന്ന് ടൊവിനോയുമായി ഒരു ഹായ്-ബൈ സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞ് നരിവേട്ടയിലേക്ക് വന്നപ്പോഴാണ് ഞങ്ങള്‍ കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങിയത്. ടൊവിനോയുമായി വര്‍ക്ക് ചെയ്യാന്‍ നല്ല കംഫര്‍ട്ടബിള്‍ ആണ്. സഹതാരങ്ങളെ പിന്തുണയ്ക്കാന്‍ മടിയില്ലാത്തയാളാണ് അദ്ദേഹം. സെറ്റില്‍ കൃത്യസമയത്ത് വരും. കഥാപാത്രത്തിനുവേണ്ടി നന്നായി അധ്വാനിക്കും. ഡ്യൂപ്പ് വെയ്ക്കാന്‍ പറഞ്ഞാലും അത് സ്വയം ചെയ്യുന്നതുപോലെയാവില്ലല്ലോ എന്ന് പറയുന്നയാളാണ്.

ചേരനൊപ്പമായിരുന്നല്ലോ കൂടുതല്‍ രംഗങ്ങള്‍. അദ്ദേഹം സെറ്റിലും പുറത്തും എങ്ങനെയായിരുന്നു? സംവിധായകനെന്ന നിലയില്‍ ആര്യയെക്കുറിച്ച് അദ്ദേഹം എന്തെങ്കിലും പറഞ്ഞിരുന്നോ.

വളരെ അച്ചടക്കമുള്ള ഒരാളാണ് ചേരന്‍ സാര്‍. സെറ്റില്‍പ്പോലും രഘുറാം എന്ന ആ കഥാപാത്രമായിത്തന്നെയാണ് അദ്ദേഹം നിന്നിരുന്നത്. കൂടെ അഭിനയിക്കുന്ന താരത്തിന്റെ മൂഡ് കളയരുതെന്ന നിര്‍ബന്ധംകൊണ്ടായിരിക്കാം അത്. കാരണം അത്രയും ഗൗരവമുള്ള രംഗങ്ങളാണല്ലോ ചിത്രീകരിക്കുന്നത്. ഒരു സംവിധായകന്‍കൂടിയായതുകൊണ്ട് എങ്ങനെ ചെയ്താല്‍ നന്നാവുമെന്ന് സഹതാരങ്ങളോട് പറയുന്നത് കേട്ടിട്ടുണ്ട്. സെറ്റിന് പുറത്തുവെച്ച് കാണുകയാണെങ്കില്‍ ഇത്രയും ലാളിത്യമുള്ള വേറൊരു മനുഷ്യനില്ല. രഘുറാം എന്ന കഥാപാത്രത്തിന്റെ ഗൗരവമാണ് സെറ്റില്‍ അദ്ദേഹം കാണിച്ചിരുന്നത്. പുറത്തുവന്നാല്‍ നമ്മളോട് നന്നായി സംസാരിക്കുകയും തമാശ പറയുകയുമൊക്കെ ചെയ്യും. നമ്മളൊക്കെ ചെറുപ്പത്തില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാനാവുമെന്ന് വിചാരിച്ചിട്ടേയില്ല. ചെന്നൈയില്‍ പ്രൊമോഷനുമായി പോയപ്പോള്‍ അദ്ദേഹം എന്നെ അവിടെയുണ്ടായിരുന്നവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. തമിഴ്‌ സിനിമയ്ക്കും ഉപയോഗപ്പെടുത്താവുന്ന കലാകാരിയാണെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി.

narivetta

പ്രണവ് തിയോഫിന്‍ എന്ന യുവതാരത്തെ അടയാളപ്പെടുത്തുന്ന ചിത്രമാണ് നരിവേട്ട. പ്രണവ് ഈ ചിത്രത്തിലേക്ക് അപ്രതീക്ഷിതമായി വന്നയാളാണെന്ന് കേട്ടിട്ടുണ്ട്...

തമിഴിലാണ് പ്രണവ് തിയോഫിന്‍ അഭിനയം ആരംഭിച്ചത്. ഇതുവരെ ഏഴ് സിനിമകള്‍ ചെയ്തു. അതില്‍ രണ്ടാമത്തെ മലയാള സിനിമയാണ് നരിവേട്ട. ഡിയര്‍ സിന്ദഗി എന്ന ധ്യാന്‍ ശ്രീനിവാസന്‍ നായകനായ പടമാണ് പ്രണവ് ആദ്യം മലയാളത്തില്‍ ചെയ്തത്. തമിഴില്‍ ലോകേഷ് കനഗരാജിന്റെ മാസ്റ്റര്‍, വിക്രം എന്നിവയാണ് അവന് ബ്രേക്ക് കൊടുത്തത്. നരിവേട്ടയുടെ ഒരു പോസ്റ്റര്‍ അവന്‍ ഷെയര്‍ ചെയ്തത് കണ്ട് അണിയറപ്രവര്‍ത്തകര്‍ വിളിക്കുകയായിരുന്നു. ആ പോസ്റ്റര്‍ ഷെയര്‍ ചെയ്യാന്‍ തോന്നിയത് ഭാഗ്യമാണെന്ന് ഇടയ്ക്ക് പ്രണവ് പറഞ്ഞിരുന്നു. എന്റെ കഥാപാത്രം ചില രംഗങ്ങളില്‍ സാധാരണ മലയാളം സംസാരിക്കുന്നുണ്ട്. പക്ഷേ, പ്രണവിന്റെ കഥാപാത്രം പണിയഭാഷ മാത്രമാണ് സംസാരിക്കുന്നത്. ഞാന്‍ പണിയഭാഷ പഠിക്കാന്‍പോയതുപോലെ അവനും ട്രെയിനിംഗ് ഉണ്ടായിരുന്നു. ആ നായയെ ഇണക്കാനായി പ്രത്യേകം പരിശീലിച്ചിരുന്നു. അതുകൊണ്ടാണ് ആ രംഗങ്ങള്‍ മനോഹരമായത്. ലക്കി എന്നായിരുന്നു ആ നായയുടെ പേര്.

അനുരാജ് മനോഹര്‍ എന്ന സംവിധായകനെയും അബിന്‍ എന്ന എഴുത്തുകാരനെയും എങ്ങനെ വിലയിരുത്തുന്നു.

അനുരാജ് ഭയങ്കര കര്‍ക്കശക്കാരനാണ് എന്നാണ് ആദ്യം കേട്ടിരുന്നത്. ചെറിയ ഒരു കാര്യം കേട്ടാല്‍പ്പോലും ഞാന്‍ ടെന്‍ഷനാവും. പക്ഷേ സെറ്റിലെത്തിയപ്പോള്‍ ആ ധാരണയെല്ലാം മാറി. നമ്മള്‍ ഒരു കാര്യം പറഞ്ഞാല്‍ പുള്ളി അത് മനസിലാക്കും. ഗൗരവമുള്ളതാണെന്ന് തോന്നിയാല്‍ സ്വീകരിക്കും. ഇംപ്രവൈസ് ചെയ്യാനുള്ള അവസരം തരും. ഒരു ആര്‍ട്ടിസ്റ്റിനെ കംഫര്‍ട്ടബിളും കൂളുമാക്കി കൊണ്ടുപോവാന്‍ പറ്റുന്നയാളാണ് അനുരാജ്. അങ്ങനെയൊരു മേന്മ പിന്നെ കണ്ടിട്ടുള്ളത് ലിജോ (ലിജോ ജോസ് പെല്ലിശ്ശേരി) സാറിലാണ്. ഒരു അഭിനേതാവിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നവരാണ് അനുരാജും ലിജോ സാറും. നരിവേട്ട എന്ന ചിത്രത്തിലേക്കെത്താന്‍ വര്‍ഷങ്ങളുടെ അധ്വാനം വേണ്ടിവന്നിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. അനുരാജിന്റെയും അബിന്റെയും കൂട്ടായ പ്രവര്‍ത്തനം ഇതില്‍ കാണാനുണ്ട്. സ്‌ക്രീനില്‍ കാണുമ്പോള്‍ ആളുകള്‍ക്കുള്ളിലുണ്ടാവുന്ന ആ അനുഭവത്തിന്റെ പകുതി ക്രെഡിറ്റ് അബിനും കൂടിയുള്ളതാണ്.

narivetta

നരിവേട്ടയിലെ ശാന്തി എന്ന കഥാപാത്രം ആര്യ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍നിന്ന് എങ്ങനെ വ്യത്യസ്തയാവുന്നു.

തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിലെ പോലീസ് കോണ്‍സ്റ്റബിള്‍തൊട്ട് നരിവേട്ട വരെ വന്നുനില്‍ക്കുമ്പോള്‍ ഓരോ കഥാപാത്രവും വ്യത്യസ്തമാണെന്നുതന്നെയാണ് വിശ്വസിക്കുന്നത്. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. സ്ഥിരം പാറ്റേണിലുള്ള വേഷങ്ങള്‍ ഒഴിവാക്കി ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടത് ഈ.മ.യൗവിലെ സബേത്തും മിന്നല്‍ മുരളിയിലെ ചേച്ചിയും ഇരട്ടയിലെ പോലീസ്‌വേഷവും നരിവേട്ടയിലെ ശാന്തിയുമാണ്. വളരെ ബോള്‍ഡായ നാല് സ്ത്രീകഥാപാത്രങ്ങളാണ് ഇവ. ഓസ്​ലറിലേത് കുറച്ച് സിനിമാറ്റിക് ശൈലിയിലുള്ള പോലീസ് കഥാപാത്രമാണ്. എന്നാല്‍ ഇരട്ടയിലെ വേഷം അതിലേറെ വ്യത്യസ്തമായിരുന്നു. നരിവേട്ടയിലെ ശാന്തിയാണ് കരിയര്‍ ബെസ്റ്റ് കഥാപാത്രം. കാരണം അതിന് പ്രചോദനമായ വ്യക്തി ജീവിച്ചിരിപ്പുണ്ട്. ഇപ്പോഴാണെങ്കില്‍ സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ അവസരമുള്ള കാലഘട്ടമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു സ്ത്രീ പലവിഭാഗത്തില്‍പ്പെട്ട രണ്ടായിരത്തോളം ആളുകളെ ഒരുമിച്ചുചേര്‍ത്ത് സമരം ചെയ്തു എന്നുപറയുന്നത് ചില്ലറ കാര്യമല്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ അങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ അവസരം കിട്ടൂ.

സീരിയസ് വേഷങ്ങളാണ് അധികവും ചെയ്തിട്ടുള്ളത്. ഒരു മുതിര്‍ന്ന നടി എന്ന ഇമേജ് വന്നിട്ടുണ്ടോ.

അങ്ങനെ ഒരു ഇമേജില്ല. ഈ.മ.യൗവിലെ സബേത്ത് കുറച്ച് സീരിയസ് കഥാപാത്രമാണെങ്കിലും തമാശ കലര്‍ന്ന വേഷമായിരുന്നു. പക്ഷേ മൊത്തത്തില്‍ നോക്കുമ്പോള്‍ കൂടുതലും ചെയ്തത് സീരിയസ് വേഷങ്ങളാണ്. നരിവേട്ടയ്ക്ക് മുന്‍പും ശേഷവും എന്ന് എന്റെ കരിയറിനെ വിലയിരുത്താമോ എന്നറിയില്ല. നരിവേട്ട ചെയ്യുന്ന സമയത്ത് മമ്മൂട്ടി കമ്പനിയില്‍നിന്ന് ഒരു ഓഫര്‍ വന്നിരുന്നു. പക്ഷേ രണ്ട് ലൊക്കേഷനുകളിലേക്കും പോയി വരാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൊണ്ട് ആ ചിത്രം ചെയ്യാന്‍ പറ്റിയില്ല. ഈയിടെ നരിവേട്ടയുടെ പോസ്റ്റര്‍ കണ്ടപ്പോള്‍ മമ്മൂക്ക എന്നെക്കുറിച്ച് ജോര്‍ജേട്ടനോട് അന്വേഷിച്ചിരുന്നു. അതുകേട്ടപ്പോള്‍ വലിയ സന്തോഷമായി.

Content Highlights: Arya Salim discusses her relation successful Narivetta, a movie inspired by a existent beingness tribal onshore struggle

ABOUT THE AUTHOR

മാതൃഭൂമി ഡോട്ട് കോമിൽ സീനിയർ കണ്ടന്റ് റൈറ്റർ. സിനിമ, യാത്ര, സംഗീതം ഇഷ്ടവിഷയങ്ങൾ

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article