ജീവിതസമസ്യകളുടെ തുടര്‍ ചിത്രങ്ങള്‍ | റീജ്യണല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍

5 months ago 6

പ്രേതാത്മക്കളെ അനുഷ്ഠാന ക്രിയകളിലൂടെ ആവാഹിക്കുക എന്നു പറയുമ്പോള്‍ അതിലെ 'ആവാഹിക്കുക' എന്നതിന്റെ ഇംഗ്ലീഷ് എന്തായിരിക്കും ? അത് 'capivate' എന്നതാകാന്‍ സാധ്യതയില്ല. ബാധയൊഴിപ്പിക്കലിനെ, ഉച്ചാടനത്തെക്കുറിക്കുന്ന 'exorcise' കൃത്യമായി പകരം നില്‍ക്കുമെന്നു തോന്നുന്നില്ല.. 'conjure ' എന്നു മാത്രം പറഞ്ഞാലും ശരിയല്ല. ആത്മാവിനെ വിളിച്ചുവരുത്തുക മാത്രമല്ല, തുടര്‍ന്ന് ശാന്തമാക്കുകയും ചെയ്യുന്നുണ്ടല്ലോ. ഇന്ദു ലക്ഷ്മിയുടെ 'അപ്പുറം ' സിനിമയില്‍ 'ആവാഹനത്തിന് കാപ്റ്റിവേറ്റ് എന്ന് സബ്ടൈറ്റിലില്‍ എഴുതിക്കണ്ടു. ചെറിയ കാര്യമാണ്. എന്നാല്‍, ഇതന്വേഷിക്കുന്നതില്‍ ഒരു സങ്കല്‍പം സാംസ്‌കാരികമായി വിനിമയം ചെയ്യപ്പെടുന്നുണ്ടോ എന്ന് അറിയാനുള്ള കൗതുകം കൂടിയുണ്ട്. 'അപ്പുറത്തി' ല്‍ ഒരാചാരത്തിന്റെ ദുഷ്ടുകള്‍ എടുത്തുകാട്ടുന്നു എന്നതിനാല്‍ വിശേഷിച്ചും.

'അപ്പുറം' ഉള്‍പ്പെടെ കോഴിക്കോട്ട് ഓഗസ്റ്റ്‌ 8 മുതല്‍ 11 വരെ നടന്ന റീജ്യണല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ( RIFFK ) 58 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. അതില്‍ 19 എണ്ണം കാണാന്‍ സാധിച്ചു. അത്രയും കണ്ടുവല്ലോ! കണ്ടവയില്‍ മലയാള ചിത്രങ്ങള്‍ നാലേയുള്ളൂ.കൃഷാന്തിന്റെ 'സംഘര്‍ഷ ഘടന', ബാബുസേനന്‍ സഹോദരന്മാരുടെ ( സന്തോഷ്, സതീശ് ) ' മുഖക്കണ്ണാടി 'എന്നിവയില്‍ കൂടുതല്‍ ആഴത്തിലേക്ക് ഊളിയിട്ടു. സബ് ടൈറ്റിലിലെ വിനിമയത്തിന്റെ ബുദ്ധിമുട്ടുകള്‍ കൃഷാന്തിന്റെ സിനിമയില്‍ മറ്റൊരു രീതിയിലാണ് മറികടക്കുന്നത്, അല്ലെങ്കില്‍ റോങ് സൈഡിലൂടെയാണ് ഓവര്‍ടേക്ക് ചെയ്യുന്നത്. ഒരു കഥാപാത്രം 'ഞാന്‍ മൂകാംബിക്ക് പോകുന്നു' എന്നു പറയുമ്പോള്‍ വാരാണസി എന്ന് എഴുതിക്കാണിക്കുന്നു! ഒരാള്‍ ഒരു മലയാള സിനിമാതാരത്തിന്റെ പേരു പറയുമ്പോള്‍ സബ്ടൈറ്റിലില്‍ ബ്രാഡ് പിറ്റ് എന്ന് പ്രത്യക്ഷമാകുന്നു. കേരളത്തിന് പുറത്തേക്ക് സിനിമ പോകുമ്പോള്‍ കൂടുതല്‍ പേര്‍ക്ക് മനസ്സിലാകാന്‍ വേണ്ടിയായിരിക്കും ഇത് എന്നു കരുതാമെങ്കിലും അത് ശരിയായില്ല. കാരണം കഥാപാത്രം അങ്ങനെയല്ലല്ലോ പറഞത്. മലയാളമറിയാത്ത ഒരാള്‍ കരുതുക ഇത് അങ്ങനെ തന്നെയായിരിക്കും പറഞ്ഞിരിക്കുക എന്നല്ലേ? ഇതു പറയാന്‍ മറ്റു വഴികള്‍ ഉണ്ടായിരുന്നു.

കൃഷാന്തിന്റെ സിനിമ ഗുണ്ടാജീവിതത്തിന്റെ നിഗൂഢതകളെയും വീരപരിവേഷത്തെയും അഴിച്ചുകളയാന്‍ പരിശ്രമിക്കുന്നു. ഇതിന് അദ്ദേഹം കൂട്ടുപിടിക്കുന്നത് പ്രാചീന ചൈനീസ് യുദ്ധശാസ്ത്ര ചിന്തകനായ സുന്‍ സുവിന്റെ ചിന്തകളെയാണ്. അദ്ദേഹത്തിന്റെ ''യുദ്ധകല '( ദ ആര്‍ട് ഓഫ് വാര്‍. സിനിമയുടെ പേരായി ഇംഗ്ലീഷില്‍ കൊടുത്തിരിക്കുന്നത് ദ ആര്‍ട് ഓഫ് വാര്‍ഫെയര്‍) എന്ന പാഠപുസ്തകത്തില്‍ നിന്നുള്ള വരികള്‍ കഥാപാത്രങ്ങളുടെ പെരുമാറ്റത്തോട് ചേര്‍ത്തു വെച്ചുകൊണ്ട് ഒട്ട് പരിഹാസത്തോടെ അവരുടെ ചെയ്തികള്‍ നോക്കിക്കാണുന്നു. പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണികളുടെ വിദേശ ഇംഗ്ലീഷിലുള്ള വിവരണത്തിലൂടെയും അതില്‍ സൂചിപ്പിക്കുന്ന പാഠങ്ങള്‍ പഴയ കാല വര്‍ണ ചിത്രങ്ങളിലൂടെയും ഫോട്ടോഗ്രാഫുകളിലൂടെയും എടുത്തു കാട്ടിക്കൊണ്ടും ഇടക്കിടെ വഴിതടസ്സങ്ങള്‍ ഉണ്ടാക്കി സിനിമയെ ഒപ്പം കാണിയെയും കമേഴ്സ്യലിസത്തിന്റെ വഴികളില്‍നിന്ന് മാറ്റി മാറ്റി കൊണ്ടു പോകുകയാണ് കൃഷാന്ത് ചെയ്യുന്നത്.

കാണി കഥയില്‍ മയങ്ങിപ്പോയേക്കാവുന്ന സന്ദര്‍ഭങ്ങളിലൊക്കെ സുന്‍ സു ഇംഗ്ലീഷില്‍ സംസാരിച്ച് അവരെ ഉണര്‍ത്തുന്നു. എന്നാല്‍ പാരഡിയാവാതിരിക്കാന്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്നതിനാല്‍ വൈകാരികതയുടെ അംശം പൂര്‍ണമായും ചോര്‍ന്നു പോകുന്നുമില്ല. അല്ലായെങ്കില്‍ അത് ബൗദ്ധിക വ്യായാമം ആവുമായിരുന്നു. യാഥാര്‍ത്ഥ്യത്തില്‍നിന്ന് വളരെ അകന്നു പോകാതെയാണ് കൃഷാന്ത് അത് സാധിക്കുന്നത്. അതേസമയം, സുന്‍ സുവിനെയും അദ്ദേഹത്തിന്റെ ആര്‍ട് ഓഫ് വാറിനെയും തീരെ പരിചയമില്ലാത്തവരെ ഈ സൂചനകള്‍ മറികടന്നു പോയേക്കാം എന്ന പരിമിതിയുണ്ട്. ആയിരത്താണ്ടുകള്‍ കഴിഞ്ഞിട്ടും സുന്‍ സുവിന്റെ പാഠങ്ങള്‍ ഇപ്പോഴും സമകാലികമാണ്. അവ സൈനികവും അല്ലാത്തതുമായ ആവശ്യങ്ങള്‍ക്കായി പഠിക്കപ്പെടുന്നുമുണ്ട്. അതേപോലെ തന്നെ അക്രമവാസനയും. ബാരിക്കേഡുകള്‍ ഇത്രയധികം ഉയര്‍ത്തിയിട്ടുതന്നെ കൃഷാന്തിന് ഇത് പറയാന്‍ സാധിച്ചു. ആ വിധം തടസ്സങ്ങള്‍ സൃഷ്ടിച്ചതുകൊണ്ടു കൂടിയാണ് കൃഷാന്തിന് ഇത് സാധിച്ചത് എന്നും പറയാം. തുരന്തോ തീവണ്ടി കടന്നു പോകുമ്പോള്‍ 'ഇതെന്തൊരു ദുരന്തം ' എന്നു പറയുമ്പോഴുള്ള അപൂര്‍വം സന്ദര്‍ഭങ്ങളിലൊഴിച്ച് നേരിയ പരിഹാസം യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്നതാണ്. കുറ്റവാളികളെ പിടിച്ച കാര്യം പത്രസമ്മേളനത്തില്‍ വിശദീകരിക്കുന്ന ഉയര്‍ന്ന പോലീസുദ്യോഗസ്ഥ ഉത്തരേന്ത്യക്കാരിയായ ഒരു മെലിഞ്ഞ ഐപിഎസ് പെണ്‍കുട്ടി! വാസ്തവമാണത്!

ബാബുസേനന്‍ സഹോദരന്‍മാരുടെ പത്താമത്തെ സിനിമയാണ് 'മുഖക്കണ്ണാടി ' (റഹ്‌മാന്‍ ബ്രദേഴ്സാണ് സ്വതന്ത്ര മലയാള സിനിമയിലെ മറ്റൊരു സഹോദര ദ്വന്ദം). മുഖക്കണ്ണാടിയില്‍ സിനിമയുടെ ഒടുവില്‍ ടൈറ്റിലുകള്‍ക്കിടെ കേള്‍ക്കുന്ന പാട്ട് പാടിയത് സതീശിന്റെ മകള്‍ നിരഞ്ജന. അങ്ങനെ നോക്കുമ്പോള്‍ മൂന്നു പേരായി! ജീവിതത്തിന്റെ ദാര്‍ശനികവും മനഃശാസ്ത്രപരവുമായ അര്‍ത്ഥതലങ്ങളെയാണ് തങ്ങള്‍ സിനിമയിലൂടെ തേടുന്നതെന്ന്‌ ഇവര്‍ പറയും..'മുഖക്കണ്ണാടി' ആ കാഴ്ചപ്പാട് എടുത്തു കാട്ടുന്നു. കലാധരന്‍ (നടനും കലാധരന്‍ തന്നെ; കലാധരന്‍ രസിക) എന്ന ചലച്ചിത്രകാരന്റെ സിനിമകളിലെ കഥാപാത്രങ്ങള്‍ തന്നെ സിനിമയില്‍നിന്ന് ഇറങ്ങിവരികയും തിരിച്ചുപോകുകയും കൂടിക്കലരുകയും ചെയ്യുന്ന ഒരവസ്ഥയെയാണ് സിനിമ നോക്കിക്കാണുന്നത്. യാഥാര്‍ത്ഥ്യവും മായയും വേര്‍തിരിച്ചെടുക്കേണ്ടാത്ത വിധം പരസ്പരം അതിരുകള്‍ മായ്ച്ചു കളഞ്ഞു കൊണ്ട് ഒന്നാവുന്നുണ്ട്. അതിനെ പരിപോഷിപ്പിക്കുന്ന,ബാഹ്യലോകം അധികം കടന്നുവരാത്ത വൃത്തിയും വെടിപ്പും എടുത്തു കാട്ടുന്ന, സ്ഥലവും വ്യക്തിയും തമ്മില്‍ താദാത്മ്യം പ്രാപിക്കുന്ന ദൃശ്യങ്ങളെ ആശ്രയിക്കുന്നു. സാമൂഹികമോ രാഷ്ട്രീയമോ ആയ ഒരു പ്രശ്നം കൈകാര്യം ചെയ്യുന്ന സിനിമകളുടെ എതിര്‍വശത്താണ് 'മുഖക്കണ്ണാടി'യുടെ സ്ഥാനം. അതിനാല്‍ എന്തുകൊണ്ട് ബാഹ്യലോകം നന്നെ വെടിപ്പായി ശാന്തി നിറഞ്ഞ് പ്രകാശമാനമായി കാണുന്നു എന്ന് സംവിധായകരോട് ചോദിക്കുന്നതില്‍ കാര്യമില്ല.

തമിഴ് സിനിമ 'അങ്കമ്മാള്‍ '(വിപിന്‍ രാധാകൃഷ്ണന്‍) ചേല മാത്രം ഉടുത്തുകൊണ്ട് അതു തന്നെ മേല്‍വസ്ത്രമാക്കി ബ്ലൗസിടാതെ ഗ്രാമത്തില്‍ നടക്കുന്ന അങ്കമ്മാളുടെ (ഗീത കൈലാസം) താന്‍ പോരിമയില്‍ ദൃഷ്ടിയൂന്നുന്നു. പെരുമാള്‍ മുരുകന്റെ കഥയെ ആസ്പദമാക്കി രചിച്ച സിനിമയാണിത്. മകന്റെ കല്യാണസമയത്ത് കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അങ്കമ്മാള്‍ ഇടക്ക് ബ്ലൗസിടുന്നുവെങ്കിലും അവരത് ഉപേക്ഷിക്കുന്നു. കുടുംബാംഗങ്ങളാണ് ഇവിടെ യാഥാസ്ഥിതികര്‍ എന്നതാണ് കൗതുകകരം. അങ്കമ്മാള്‍ ബീഡി വലിക്കും, തെറിവാക്കുകള്‍ പറയും, മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യും, പഴയ ക്രഷിനോട് സ്നേഹപൂര്‍വം സംസാരിക്കും, പച്ച കുത്തിയ തോള്‍ അവര്‍ക്ക് കാണിക്കുകയും വേണം. ക്ലേശിച്ച് പണിയെടുത്ത് മക്കളെ വളര്‍ത്തിയ വിധവയായ അങ്കമ്മാള്‍ പുരോഗാമിയാണ്. ധാരാളം സംഭാഷണങ്ങളുള്ള സിനിമയാണിത്. സാര്‍വദേശീയമായ ഒരാഖ്യാന സമ്പ്രദായത്തിനു പകരം പ്രാദേശികമായ രീതികളെ പിന്തുടരുന്നതില്‍ അപാകമില്ല.അങ്കമ്മാളാണോ അതോ കുടുംബാംഗങ്ങളാണോ ശരി എന്ന് പറയാന്‍ രാധാകൃഷ്ണന്‍ ഒരുമ്പെടുന്നേയില്ല. 'അങ്കമ്മാളി'ല്‍ താരതമ്യേന നവീനരായ ആളുകളാണ് ആചാരപക്ഷത്ത്.

നേരെ മറിച്ചാണ് 'അപ്പുറം'. യാഥാസ്ഥിതികമായ ആചാരപക്ഷത്ത് നിലയുറപ്പിച്ചിരുക്കുന്ന സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘര്‍ഷം ഇന്ദു ലക്ഷ്മിയുടെ 'അപ്പുറ'ത്തില്‍ കാണാം. ആര്‍ത്തവദിനങ്ങള്‍ പിന്നിടുന്ന മകളെ അമ്മയുടെ മൃതദേഹം അവസാനമായി ഒന്നു കാണാന്‍ മറ്റു ബന്ധുക്കള്‍ അനുവദിക്കാഞ്ഞ സന്ദര്‍ഭത്തിലാണ് സംഘര്‍ഷത്തിന്റെ വേരുകള്‍. ആത്മഹത്യ ചെയ്ത അമ്മയുടെ ആത്മാവിനെ ശാന്തമാക്കാന്‍ കുടുംബം ശുദ്ധിക്രിയകള്‍ ചെയ്യിക്കുന്നുണ്ട്. മകള്‍ തീണ്ടാരിത്തുണി ഹോമത്തീയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് തന്റെ പ്രതിഷേധത്തിന് വിരാമമിടുന്നു. കാണികളെ ഈ സിനിമ ആകര്‍ഷിക്കുകയുണ്ടായി എന്നു കരുതുന്നു, വിശേഷിച്ചും സ്ത്രീകളെ. ചില ഇടങ്ങളില്‍ ഇപ്പോഴും ഇങ്ങനെ നടക്കുന്നുണ്ട് എന്ന ഇന്ദുലക്ഷ്മി പറയുകയുണ്ടായി കുറഞ്ഞ സംഖ്യ മാത്രമുള്ള ആളുകള്‍ക്കിടയിലാണോ അതോ ധാരാളം പേര്‍ ഈ സമീപനം സ്വീകരിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ഇനി കുറഞ്ഞ സംഖ്യ മാത്രമെങ്കിലും വിലക്കുകളെ സംബന്ധിച്ച ഒരു പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരുന്നത് സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നു. എന്നാല്‍ സമൂഹം ഒരാശയത്തിന്റെ പ്രതിനിധികളായി,അതിനു വേണ്ടി സംസാരിക്കാന്‍ മാത്രം നിയോഗിക്കപ്പെടുന്ന വ്യക്തികളായി മാറിയത് സിനിമയുടെ ശക്തി കെടുത്തുന്നു. സിനിമയില്‍നിന്നു പുറത്തുകടന്നാല്‍ ഇതേ ആളുകളില്‍ തന്നെ ചിലരെങ്കിലും തങ്ങള്‍ ഈ ആചാരത്തിനെതിരാണ് എന്നു പറഞ്ഞേക്കും എന്ന് തോന്നിപ്പോകും. അങ്ങനെയെങ്കില്‍ അത് നല്ലതാണു താനും.

നാനാ തരത്തിലുള്ള ആഖ്യാന സമ്പ്രദായങ്ങള്‍, പ്രമേയങ്ങള്‍ ഇവ മേളയെ സമ്പന്നമാക്കി. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ സിനിമകള്‍ ('ദ ഗേള്‍ വിത്ത ദ നീഡില്‍' മാഗ്‌നസ് വോണ്‍ ഹോണ്‍, ഡാനിഷ് ; ഐ ആം സ്റ്റില്‍ ഹിയര്‍ ' വാള്‍ടര്‍ സൈലസ്,പോര്‍ത്തുഗീസ് ,ബ്രസീല്‍;ഐ ആം നെവങ്ക ,ഇസിയാര്‍ ബെലെയ്ന്‍ ,സ്പാനിഷ് ഇവ അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.) വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന അതിക്രമം, ഇറാനും അഭയാര്‍ത്ഥികളും ,വ്യക്തിപരമായ കഥപറച്ചിലുകള്‍, വിളുമ്പില്‍ കഴിയുന്ന ജീവിതങ്ങള്‍ അങ്ങനെ പോകുന്നു അവ. ഇറാന്‍ പ്രമേയമാക്കിയിട്ടുള്ള 'ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ് '(മുഹമ്മദ് റസൂലോഫ്) ആയിരുന്നു ഉദ്ഘാടന ചിത്രം. ഇറാനില്‍ കഴിയുന്ന അഫ്ഗാനിസ്താന്‍കാരായ അഭയാര്‍ത്ഥികളുടെ ജീവിതങ്ങളിലേക്ക് കടന്നു ചെല്ലുന്ന 'ഇന്‍ ദ ലാന്‍ഡ് ഓഫ് ബ്രദേഴ്സ് ' (റാഹ അമീര്‍ഫസിലി ,അലിറെസ ഘസേമി) കൂടുതല്‍ ശ്രദ്ധേയമായി തോന്നി, എന്നു പറയുമ്പോള്‍ ഇക്കൂട്ടത്തിലും ചിലവ കാണാതെ പോയിട്ടുണ്ട്.

ചെറിയ ഭാഷകളിലുള്ളവര്‍ക്ക് സിനിമയിലേക്ക് വാതില്‍ തുറക്കുക കൂടി ചെയ്യുന്നു മേളകള്‍. ആര്യന്‍ ചന്ദ്രപ്രകാശിന്റെ 'ആജൂര്‍ ' അത്തരത്തിലൊന്നായിരുന്നു. ബിഹാറില്‍ സീതാമഢി ജില്ലയിലെ അവികസിതമായ ബജ്ജിക ഭാഷയിലുള്ളതാണ് സിനിമ. ആ ഭാഷയിലെ ആദ്യത്തേത്. കഥാസന്ദര്‍ഭങ്ങളില്‍ സംഘര്‍ഷം കുറവെങ്കിലും ഗ്രാമീണ ജനതയുടെ അഭിലാഷങ്ങള്‍. വളരുവാനുള്ള ത്വരയെ സിനിമ എടുത്തുകാട്ടുന്നു. തദ്ദേശീയര്‍ തന്നെ ഇതില്‍ അഭിനയിച്ചിരിക്കുന്നു.' ആജൂര്‍ ' പ്രദര്‍ശനത്തിന്റെ വിശാല ലോകത്ത് പ്രവേശിക്കുമോ? സാധ്യതയില്ല. നാഗരികമായ തിരക്കുകള്‍ക്കിടയില്‍ ഇന്ത്യയുടെ എങ്ങോ കിടക്കുന്ന ഒരു കോണിലേക്ക് അത് നമ്മുടെ കാഴ്ചയെ ക്ഷണിക്കുന്നു.പാട്ടു പാടിക്കൊണ്ട് ഒറ്റ നര്‍ത്തകി നൃത്തം വഴിയോരത്ത് നൃത്തം ചെയ്യുന്നതായി കണ്ടു. സ്ത്രീയല്ല, പുരുഷന്‍ സ്ത്രീയായി വേഷമണിഞ്ഞ് ചെയ്യുന്നതാണ് എന്ന് പിന്നീിട് മനസ്സിലാക്കുകയുണ്ടായി. എങ്കില്‍ ഇത് അടയാളപ്പെടുത്തുക വഴി നരവംശശാസ്ത്ര പരമായ അഥവാ അക്കഡമിക്കായ ഒരു മൂല്യവും സിനിമ ആര്‍ജിക്കുന്നു എന്നു പറയാനാവും. എണ്ണം വളരെ കുറഞ്ഞ ഏതു ജനസമൂഹത്തിന്റെ ചിത്രണത്തെ സംബന്ധിച്ചും ഇങ്ങനെ തോന്നാവുന്നതാണ്.

ചലിക്കുന്ന ദൃശ്യങ്ങള്‍ എന്ന സിനിമയുടെ അടിസ്ഥാന രൂപത്തെ നിരാകരിക്കുന്ന ഒരു സിനിമയും ഉണ്ടായിരുന്നു. സെലസ്റ്റെ റോഹാസ് മ്യൂജിക്കയുടെ ' ദ ഓസിലേറ്റിങ് ഷാഡോ '. സ്പാനിഷ് ഭാഷയിലുള്ള ഈ സിനിമ ചിലെ ,അര്‍ജന്റീന ,ഫ്രാന്‍സ് എന്നിവിടങ്ങളുടെ കൂട്ടു സംരംഭമാണ്. ഫിലിം ഡെവലപ്പ് ചെയ്യുന്ന ഒരു ഡാര്‍ക്ക് റൂമിന്റെ ഉള്ളില്‍ ചിത്രങ്ങള്‍ ,നെഗറ്റീവുകള്‍ ,അതുമായി ബന്ധപ്പെട്ട യന്ത്ര ശബ്ദങ്ങള്‍, ഫൊട്ടോഗ്രാഫുകള്‍, ഇടയ്ക്കുമാത്രം പുറത്തു കടക്കുന്ന ചലന ചിത്രങ്ങള്‍ ഇവ വെച്ചാണ് സിനിമ കാണികളോട് സംസാരിക്കുന്നത്. ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ മകളും തമ്മിലുള്ള സംസാരത്തിലൂടെ പ്രമേയം, അങ്ങനെയൊന്നുണ്ടെങ്കില്‍ , മുന്നോട്ടു ചലിക്കുന്നു. ചിലെയിലെ സ്വേഛാധിപതിയായിരുന്ന അഗസ്റ്റിനൊ പിനോഷെയുടെ സൈനിക ഭരണ കാലമാണ് (1973-1990) പശ്ചാത്തലം എന്ന് ഊഹിക്കാം. ഇരുണ്ട ഒരു കാലത്തില്‍ നിന്ന് പുറത്തു കടക്കാന്‍ അക്കാലത്തെ രേഖകളും തുടര്‍ന്ന് അതിലൂടെ ജനിക്കുന്ന ഓര്‍മകളും എങ്ങനെ തുണയാവുന്നു എന്ന് സിനിമ പറയുന്നു. അടിയന്തരാവസ്ഥയുടെ ശേഷിപ്പുകള്‍ ഇപ്പോഴും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഓര്‍ക്കാവുന്നതാണ്. വാസ്തവത്തില്‍ സിനിമയെക്കാള്‍ ഒരു ഇന്‍സ്റ്റലേഷനോടാണ് ഇതിന് സാമ്യം.

തെരുവ് നായ്ക്കളുടെ അവസ്ഥ കൊണ്ടും വികസനത്തിന്റെ വരവുകൊണ്ടും മലയാളികള്‍ക്ക് പ്രവേശിക്കാവുന്ന ഒരു വഴിയുള്ള സിനിമയാണ് ചൈനയില്‍ നിന്നുള്ള ഗൗ ഷെന്റെ ' ബ്ലാക്ക് ഡോഗ് '.2008 ലെ ബീജിങ് ഒളിംപിക്സിന് മുന്നോടിയായി ഒരു ഗ്രാമത്തിലെ തെരുവ് നായ്ക്കളെ ദൂരെ ഒരിടത്തേക്ക് മാറ്റുകയാണ്. വടക്കു പടിഞ്ഞാറന്‍ ചൈനയില്‍ ഗോബി മരുഭൂമിയോട് അടുത്തു കിടക്കുന്നതാണ് ഈ ഗ്രാമം.ഗ്രാമം അവിടെ നിന്നു മാറ്റി വ്യവസായ മേഖലയാക്കാന്‍ അധികൃതര്‍ ലക്ഷ്യം വെക്കുന്നുമുണ്ട്. മരുപ്രദേശത്ത് നായ്ക്കള്‍ എങ്ങനെ കഴിയുന്നു? ആര്‍ക്കറിയാം.! ഒരാളെ കൊലപ്പെടുത്തി ജയിലില്‍ കഴിഞ്ഞ ശേഷം തിരിച്ചു വരുന്ന ഒരു യുവാവ് അക്രമകാരിയായ ഒരു കറുത്ത നായയെ മെരുക്കി ഒപ്പം കൂട്ടുന്നുണ്ട്. തുടര്‍ന്ന് ഗ്രാമം പുതിയ വ്യവസായ സംരംഭങ്ങള്‍ക്കു വേണ്ടിയുള്ള വികസനത്തിനായി അധികൃതര്‍ പൊളിച്ചുമാറ്റുകയാണ്. എല്ലാം അഴിഞ്ഞു പോകുന്നു. വിഭ്രമിപ്പിക്കുന്ന ഒരു ദൃശ്യത്തില്‍,മൃഗശാലയിലെ മൃഗങ്ങള്‍, ഒരു കൂറ്റന്‍ കടുവയുള്‍പ്പെടെ തെരുവില്‍ മനുഷ്യര്‍ക്കിടയിലൂടെ എങ്ങോട്ടെന്നില്ലാതെ പോകുന്നതു കാണാം. കറുത്ത നായും യുവാവും മറ്റെങ്ങോട്ടോ പോകുന്നു. യുവാവായ ലാങിന്റെ ചില ' സ്റ്റണ്ടുകള്‍ ' ഹോളിവുഡിനെ അനുസ്മരിപ്പിക്കും എന്നതൊഴിച്ചാല്‍ ഒഴിഞ്ഞുപോക്ക് എന്ന അവസ്ഥയുടെ വേദന എടുത്തുകാട്ടുന്നതാണ് വിഷാദം ജനിപ്പിക്കുന്ന ഈ സിനിമ.

പ്രശസ്തനായ പെഡ്രൊ അല്‍മോദവാര്‍ എന്ന സ്പാനിഷ് ചലച്ചിത്രകാരന്‍ ഇംഗ്ലീഷില്‍ എടുത്തു സിനിമയാണ് 'ദ റൂം നെക്‌സ്റ്റ് ഡോര്‍'. ജീവിതാന്ത്യം, കാന്‍സര്‍, യുദ്ധം, മനുഷ്യബന്ധത്തിലെ വിള്ളലുകള്‍ ,തുടങ്ങിയ അവസ്ഥകളിലൂടെ അല്‍മോദവാര്‍ സഞ്ചരിക്കുന്നു, ഒപ്പം പ്രേക്ഷകനും. രംഗങ്ങളുടെ ധാരാളിത്തമില്ലാതിരുന്നിട്ടും പ്രേക്ഷകന് കണ്ണെടുക്കുക എളുപ്പമല്ല.വേദനയില്ലാത്തതു പോലെ നനവില്ലാത്തതുമായ ഒരു മരണമാണ് യുദ്ധകാര്യ ലേഖികയായിരുന്ന മിഷേല്‍ (ടില്‍ഡ സ്വിന്റണ്‍ ) ആഗ്രഹിക്കുന്നത്. സുഹൃത്തായ മാര്‍ത്ത ( ജൂലിയന്‍ മൂര്‍ ) എങ്ങനെയാണ് അതിന് സഹായിക്കുക? ധാരാളം പേര്‍ മരിക്കുന്ന രംഗങ്ങളെക്കാള്‍ മരണത്തെ അതിന്റെ അതീന്ദ്രമായ സാന്നിധ്യത്തെ അല്‍മോദവാര്‍ ആനയിക്കുന്നു.

കാണാത്ത സിനിമകളെക്കുറിച്ച് എത്രയോ പറയുവാനുണ്ടാവും.' ഫെമിനിച്ചി ഫാത്തിമ ' (ഫസില്‍ മുഹമ്മദ് ),' വിക്ടോറിയ ' (ശിവരഞ്ജിനി) ഈ മലയാള ചിത്രങ്ങള്‍ പ്രേക്ഷക പ്രശംസ നേടിയതായി പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. സ്വതന്ത്ര മലായള സിനിമകള്‍ തിയേറ്ററില്‍ ഇടക്കിടെ കാണുവാനുള്ള അവസരം ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് ഇത് കാണിക്കുന്നു.

Content Highlights: Regional International Film Festival of Kerala

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article