'ജീവൻപോലും നോക്കാതെ കഷ്ടപ്പെട്ടുണ്ടാക്കിയ സിനിമയാണ്, പരാജയപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'

5 months ago 6

Pandiraj and ET Poster

സംവിധായകൻ പാണ്ടിരാജ്, എതർക്കും തുനിന്തവൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X

സൂര്യയെ നായകനാക്കി താനൊരുക്കിയ 'എതർക്കും തുനിന്തവൻ' എന്ന ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടുവെന്ന് സമ്മതിച്ച് സംവിധായകൻ പാണ്ടിരാജ്. മൂന്ന് വർഷത്തോളം ആ ചിത്രത്തിനുവേണ്ടി അധ്വാനിച്ചെങ്കിലും നല്ല ഫലം കിട്ടിയില്ലെന്നും പാണ്ടിരാജ് പറഞ്ഞു. എന്നാൽ സൂര്യ നായകനായി പിന്നീടുവന്ന ചിത്രങ്ങൾക്ക് 'എതർക്കും തുനിന്തവന്റെ' കളക്ഷൻ മറികടക്കാൻ സാധിച്ചില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

സിനിമ ഉലകം എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എതർക്കും തുനിന്തവൻ എന്ന ചിത്രം പരാജയമായിരുന്നെന്ന് പാണ്ടിരാജ് സമ്മതിച്ചത്. കോവിഡ് കാലത്ത് മൂന്ന് വർഷത്തോളം എതർക്കും തുനിന്തവൻ എന്ന ചിത്രത്തിനുവേണ്ടി കഠിനാധ്വാനം ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അത് വിജയിച്ചില്ലെന്നും അതൊന്നും നമ്മുടെ കയ്യിലല്ലെന്നും അദ്ദേഹം പറഞ്ഞു. കാർത്തിക്ക് വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യുകയും അദ്ദേഹത്തിന്റെ സഹോദരൻ കൂടിയായ സൂര്യയ്ക്ക് വേണ്ടി കുറച്ച് മാത്രം പ്രവർത്തിക്കുകയും ചെയ്തു എന്ന റിപ്പോർട്ടുകൾ പാണ്ടിരാജ് നിഷേധിക്കുകയും ചെയ്തു.

"ഞാൻ കാർത്തിക്ക് 'കടൈക്കുട്ടി സിങ്കം' എന്ന വലിയ ഹിറ്റ് നൽകി. അദ്ദേഹത്തിൻ്റെ സഹോദരനായ സൂര്യയ്ക്ക് 'എതർക്കും തുനിന്തവൻ' എന്ന സിനിമയിലൂടെ അതിലും വലിയൊരു ഹിറ്റ് നൽകാനാണ് ഞാൻ ആഗ്രഹിച്ചത്. അത് പക്ഷേ പ്രേക്ഷകരുമായി കണക്ട് ആയില്ല. ഞാൻ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. തെറ്റുകൾ സംഭവിച്ചു, ഞാൻ സമ്മതിക്കുന്നു. പക്ഷേ, ആ സിനിമയ്ക്ക് വേണ്ടി ഞാൻ കഠിനാധ്വാനം ചെയ്തില്ലെന്ന് പറഞ്ഞ് തള്ളിക്കളയാൻ കഴിയില്ല. സത്യം പറഞ്ഞാൽ, കോവിഡ് കാലത്ത് ഞങ്ങളുടെ ജീവനെക്കുറിച്ച് പോലും ചിന്തിക്കാതെ കഠിനാധ്വാനം ചെയ്തത് 'എതർക്കും തുനിന്തവന്' വേണ്ടിയായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയുടെ കാര്യത്തിൽ സൂര്യയും നിർമ്മാതാവും സന്തുഷ്ടരായിരുന്നുവെന്നും പക്ഷേ, സിനിമയ്ക്ക് വലിയ കളക്ഷൻ നേടാനായില്ലെന്നും പാണ്ടിരാജ് വ്യക്തമാക്കി. അത് വലിയ സംഖ്യകളൊന്നും നേടിയില്ല. അതാണ് സത്യം, അത് ദുഃഖകരമാണ്. സൂര്യയുടേതായി 'എതർക്കും തുനിന്തവന്' ശേഷം വന്ന സിനിമകൾക്ക് അതിൻ്റെ കളക്ഷൻ മറികടക്കാൻ കഴിഞ്ഞിട്ടില്ല. സിനിമാ വ്യാപാര രംഗത്തുള്ള ആരോട് വേണമെങ്കിലും ചോദിക്കാം. അതാണ് സത്യം. പക്ഷേ, നമുക്കത് പ്രചരിപ്പിച്ച് നടക്കാൻ കഴിയില്ല. അതിനുശേഷം വന്ന സൂര്യയുടെ രണ്ട് സിനിമകൾക്കും 'എതർക്കും തുനിന്തവൻ്റെ' കളക്ഷൻ്റെ അടുത്ത് പോലും എത്താൻ കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്," അദ്ദേഹം അവകാശപ്പെട്ടു.

വിജയ് സേതുപതിയും നിത്യാ മേനോനും പ്രധാന വേഷങ്ങളിലെത്തിയ തലൈവൻ തലൈവി ആണ് പാണ്ടിരാജിന്റെ സംവിധാനത്തിൽ എത്തിയ പുതിയ ചിത്രം. മികച്ച റിപ്പോർട്ടാണ് ചിത്രത്തിന് ലഭിക്കുന്നത്. ചെമ്പൻ വിനോദാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിൽ. നടനും സംവിധായകനുമായ ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പ്' എന്ന തൻ്റെ പുതിയ ചിത്രത്തിൻ്റെ തിരക്കിലാണ് സൂര്യ ഇപ്പോൾ. തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രത്തിലും സൂര്യയാണ് നായകൻ. മമിതാ ബൈജുവാണ് നായിക.

Content Highlights: Director Pandiraj acknowledges `Etharkkum Thunindhavan` starring Suriya underperformed

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article