
ജെ.സി ഡാനിയേൽ | Photo: Matrubhumi
മരണംപോലെതന്നെ, ജെ.സി. ഡാനിയേലിന്റെ വേര്‍പാടിന്റെ അന്‍പതാം വര്‍ഷവും ആരുമറിയാതെ കടന്നുപോയി. ചലച്ചിത്രം എന്ന അദ്ഭുതം മലയാളത്തിനു സമ്മാനിച്ച ജെ.സി. ഡാനിയേല്‍ 1975 ഏപ്രില്‍ 27-നായിരുന്നു കന്യാകുമാരിക്കടുത്ത് അഗസ്തീശ്വരത്ത് ആരോരുമറിയാതെ മരിച്ചത്.
18 വര്‍ഷങ്ങള്‍ക്കുശേഷം സര്‍ക്കാരും മലയാളസിനിമയും ജോസഫ് ചെല്ലയ്യ ഡാനിയല്‍ നാടാരെന്ന ജെ.സി. ഡാനിയേലിനെ മലയാള ചലച്ചിത്രത്തിന്റെ പിതാവായി പ്രഖ്യാപിച്ചു. ജെ.സി. ഡാനിയേല്‍ വെട്ടിത്തെളിച്ച വഴിയിലൂടെ വളര്‍ന്ന സിനിമയും സിനിമാ വ്യവസായവും രൂപവും ഭാവവും മാറിയപ്പോഴും 'പിതാവി'ന്റെ ഓര്‍മ്മകള്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന പുരസ്‌കാരത്തില്‍മാത്രമൊതുങ്ങി.
മലയാളത്തിലെ ആദ്യ സിനിമ 'വിഗതകുമാരന്‍' ഒരുക്കിയ പ്രതിഭയാണ് സിനിമയുടെ ആഡംബരത്തിളക്കത്തിനിടയില്‍ മറഞ്ഞുപോയത്. തിരുവനന്തപുരത്ത് ആദ്യത്തെ സ്റ്റുഡിയോ ആയ ദ ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ് സ്ഥാപിച്ചായിരുന്നു ഡാനിയേല്‍ വിഗത കുമാരനൊരുക്കിയത്.
നിര്‍മാണത്തിനും രചനയ്ക്കും സംവിധാനത്തിനുമൊപ്പം പ്രധാനവേഷത്തിലും ആ പ്രതിഭയായിരുന്നു. പ്രിന്റ് പ്രൊജക്ടറിലാക്കി പലയിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചതും അദ്ദേഹമായിരുന്നു.
വിഗതകുമാരനിലൂടെ മലയാളസിനിമയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയെങ്കിലും സിനിമകാരണം സാമ്പത്തികമായി തകര്‍ന്ന ഡാനിയേല്‍ കളംവിടുകയായിരുന്നു. അവസാനകാലത്ത് ആരുമറിയാതെ ഏറെ കഷ്ടതകളോടെ ദാരിദ്ര്യത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
ഡാനിയേല്‍ മരിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷം ചേര്‍ത്തല സ്വദേശിയായ സിനിമ ചരിത്രകാരന്‍ ചേലങ്ങാടു ഗോപാലകൃഷ്ണന്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് മരണം നാടറിയുന്നത്. ജെ.സി. ഡാനിയേലിന്റെ ജീവിതം ആസ്പദമാക്കി 2013-ല്‍ കമല്‍ സെല്ലുലോയ്ഡ് എന്ന സിനിമയൊരുക്കിയിരുന്നു.
ഏറെക്കാലത്തെ 'പോരാട്ട'ങ്ങള്‍ക്കു ശേഷമായിരുന്നു ജെ.സി. ഡാനിയേലിനെ പിന്നീട് മലയാള സിനിമയുടെ പിതാവായി സര്‍ക്കാര്‍ അംഗീകരിച്ചത്.
Content Highlights: jc daniel decease anniversary
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·