ലോര്‍ഡ്സ്: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 37-ാം ടെസ്റ്റ് സെഞ്ചുറിക്ക് ഒരു റണ്ണകലെ നില്‍ക്കുന്ന ജോ റൂട്ടും (99*), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സുമാണ് (39*) ക്രീസില്‍. അഞ്ചാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 79 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. 191 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കമാണ് റൂട്ട് 99 റണ്‍സെടുത്തിരിക്കുന്നത്. 102 പന്തുകള്‍ നേരിട്ട സ്റ്റോക്ക്‌സിന്റെ ഇന്നിങ്‌സില്‍ മൂന്ന് ബൗണ്ടറികളാണുള്ളത്. ബാസ്‌ബോള്‍ ശൈലി മാറ്റിവെച്ചായിരുന്നു ഇംഗ്ലീഷ് ബാറ്റിങ്.
പച്ചപ്പിന്റെ അതിപ്രസരമില്ലാത്ത പിച്ചാണ് ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് ഒരുക്കിയത്. എങ്കിലും ജസ്പ്രീത് ബുംറയും ആകാശ് ദീപും മുഹമ്മദ് സിറാജും അടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ തുടക്കത്തില്‍ ശ്രദ്ധയോടെയായിരുന്നു ഇംഗ്ലീഷ് ഓപ്പണര്‍മാരുടെ ബാറ്റിങ്. ഇത്തരത്തില്‍ 13 ഓവര്‍ വരെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ ശ്രദ്ധയോടെ പിടിച്ചുനിന്ന സാക്ക് ക്രോളിക്കും ബെന്‍ ഡക്കറ്റിനും പക്ഷേ നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ 13-ാം ഓവറില്‍ പിഴച്ചു. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഡക്കറ്റിനെയും (23), ആറാം പന്തില്‍ ക്രോളിയേയും (18) നീതീഷ്, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 12 ഓവറുകള്‍ക്കു ശേഷം നിതീഷിനെ പന്തേല്‍പ്പിക്കാനുള്ള ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ നീക്കം ഫലം കാണുകയായിരുന്നു.
എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച ഒലി പോപ്പ് - ജോ റൂട്ട് സഖ്യം പതിയെ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. വേഗത്തില്‍ റണ്‍സടിക്കാന്‍ മുതിരാതെ ശ്രദ്ധയോടെയായിരുന്നു ഇരുവരുടെയും ബാറ്റിങ്. എന്നാല്‍ ചായ ഇടവേളയ്ക്കു ശേഷമുള്ള ആദ്യ പന്തില്‍ തന്നെ പോപ്പിനെ പുറത്താക്കി ജഡേജ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 104 പന്തില്‍ നിന്ന് നാലു ബൗണ്ടറിയടക്കം 44 റണ്‍സായിരുന്നു പോപ്പിന്റെ സമ്പാദ്യം. മൂന്നാം വിക്കറ്റില്‍ റൂട്ടിനൊപ്പം 109 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കാനും പോപ്പിനായി.
തുടര്‍ന്ന് ക്രീസിലെത്തിയ ഒന്നാം നമ്പന്‍ ടെസ്റ്റ് ബാറ്റര്‍ ഹാരി ബ്രൂക്കിനെ അധികനേരം ക്രീസില്‍ തുടരാന്‍ ബുംറ അനുവദിച്ചില്ല. 20 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ബ്രൂക്കിന്റെ കുറ്റിതെറിപ്പിച്ച് ബുംറ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റ് സ്വന്തമാക്കി.
എന്നാല്‍ പിന്നീട് റൂട്ടും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സും ഒന്നിച്ചതോടെ ഇംഗ്ലണ്ട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഒന്നാം ദിനം അവസാനിപ്പിച്ചു.
നേരത്തേ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യന്‍ നിരയില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ജസ്പ്രീത് ബുംറ ഇടംനേടി. ജോഷ് ടങ്ങിന് പകരമാണ് ആര്‍ച്ചറെത്തിയത്.
Content Highlights: England opt to bat archetypal against India successful the 3rd Test astatine Lord`s.








English (US) ·