Published: September 02, 2025 03:26 PM IST
1 minute Read
-
അൽകാരസും സബലേങ്കയും യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിൽ
ന്യൂയോർക്ക് ∙ 25–ാം ഗ്രാൻസ്‌ലാം കിരീടത്തിനായുള്ള കാത്തിരിപ്പ് വൈകുമ്പോഴും നൊവാക് ജോക്കോവിച്ചിന്റെ റാക്കറ്റിൽ കുരുങ്ങുന്ന റെക്കോർഡുകൾക്ക് പഞ്ഞമില്ല. ഒരു സീസണിലെ എല്ലാ ഗ്രാൻസ്‍ലാമുകളിലും ക്വാർട്ടർ ഫൈനലിലെത്തുന്ന പ്രായംകൂടിയ താരമെന്ന റെക്കോർഡോടെ മുപ്പത്തെട്ടുകാരൻ ജോക്കോ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിന്റെ അവസാന എട്ടിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ജർമൻ താരം യാൻ ലിന്നാർഡ് സ്ട്രഫിനെ മറികടന്നാണ് (6-3, 6-3, 6-2) സെർബിയൻ താരം യുഎസ് ഓപ്പണിലെ തന്റെ 14–ാം ക്വാർട്ടർ ഫൈനലുറപ്പിച്ചത്.
കൂടുതൽ വർഷങ്ങളിൽ സീസണിലെ എല്ലാ ഗ്രാൻസ്‍ലാമുകളിലും ക്വാർട്ടറിലെത്തിയതിന്റെ റെക്കോർഡും സ്വന്തമാക്കിയ ജോക്കോവിച്ച് (9 തവണ) മറികടന്നത് സ്വിസ് ഇതിഹാസം റോജർ ഫെഡററെയാണ് (8). ഇന്ന് നടക്കുന്ന ക്വാർട്ടറിൽ യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സാണ് ഏഴാം സീഡായ ജോക്കോവിച്ചിന്റെ എതിരാളി. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് മഷാക്കിനെ തോൽപിച്ചാണ് (6-4, 6-3, 6-3) നാലാം സീഡായ ഫ്രിറ്റ്സ് ക്വാർട്ടർ ടിക്കറ്റെടുത്തത്. ഫ്രഞ്ച് താരം ആർതർ റിൻഡർനിച്ചിനെ മറികടന്ന് (7-6, 6-3, 6-4) രണ്ടാം സീഡ് കാർലോസ് അൽകാരസും ക്വാർട്ടറിലെത്തി.
വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ ബെലാറൂസിന്റെ അരീന സബലേങ്കയും അനായാസ ജയത്തോടെ ക്വാർട്ടറിലേക്ക് മുന്നേറി. സ്പെയിനിന്റെ ക്രിസ്റ്റീന ബുസ്കയെയാണ് (6-1, 6-4) തോൽപിച്ചത്. യുഎസിന്റെ ടെയ്‌ലർ ടൗൺസെന്റിനെതിരായ മത്സരത്തിൽ (1-6, 7-6, 6-3) 8 മാച്ച് പോയിന്റ് അതിജീവിച്ചശേഷം ഉജ്വല തിരിച്ചുവരവ് നടത്തിയ മുൻ ചാംപ്യൻ ബാർബറ ക്രെജിക്കോവയും ക്വാർട്ടറിൽ ഇടം നേടി.
English Summary:








English (US) ·