ജോക്കോയെ തകർത്ത് സിന്നർ വിംബിൾഡൺ ഫൈനലിൽ, എതിരാളി അൽക്കരാസ്

6 months ago 7

ലണ്ടൻ: വിംബിൾഡൺ ടെന്നീസിൽ കാർലോസ് അൽക്കരാസ്-യാനിക് സിന്നർ സ്വപ്നഫൈനൽ. തുടരെ മൂന്നാംകിരീടം ലക്ഷ്യമിടുന്ന സ്പാനിഷ് രണ്ടാം സീഡ് അൽക്കരാസ് ആദ്യ സെമിഫൈനലിൽ അമേരിക്കയുടെ അഞ്ചാം സീഡ് ടെയ്‌ലർ ഫ്രിറ്റ്‌സിനെ നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്ത്തി (6-4, 5-7, 6-3, 7-6). ഏഴുവട്ടം ജേതാവായ സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ തകർത്താണ് ഒന്നാം സീഡായ ഇറ്റലിയുടെ യാനിക് സിന്നർ ഫൈനലിൽ കടന്നത്. (6-3, 6-3, 6-4). ഞായറാഴ്ചയാണ് കിരീടപ്പോരാട്ടം.

ജോക്കോവിച്ചിന്റെ 25 ഗ്രാൻസ്ലാം കിരീടമെന്ന മോഹമാണ് സിന്നറിനുമുന്നിൽ നഷ്ടമായത്. ആദ്യമായാണ് സിന്നർ വിംബിൾഡൺ ഫൈനലിലെത്തുന്നത്. 2023-ൽ സെമിയിലെത്തിയതാണ് മുൻപത്തെ മികച്ച പ്രകടനം. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ അഞ്ചുസെറ്റിൽ സിന്നറെ അൽക്കരാസ് കീഴടക്കിയിരുന്നു.

ഫ്രിറ്റ്‌സിനെതിരേ ആദ്യസെറ്റിലെ ആദ്യ ഗെയിംതന്നെ ഭേദിച്ച് അൽക്കരാസ് ആധിപത്യം സ്ഥാപിച്ചു. എന്നാൽ, രണ്ടാം സെറ്റിൽ അമേരിക്കൻ താരം തിരിച്ചടിച്ചപ്പോൾ അൽക്കരാസിന് നിരന്തരം പിഴച്ചു. രണ്ടു ഡബിൾ ഫാൾട്ടും രണ്ട് അനാവശ്യപിഴവുകളും വരുത്തി അൽക്കരാസ് സെറ്റ് കൈവിട്ടു. മൂന്നാം സെറ്റ് സ്പാനിഷ് താരം അനായാസം സ്വന്തമാക്കി. നാലാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടാനേ ഫ്രിറ്റ്‌സിന്‌ കഴിഞ്ഞുള്ളൂ.

അഞ്ച്‌ ഗ്രാൻസ്ലാം ടൂർണമെന്റുകൾ നേടിയ അൽക്കരാസ് തുടരെ 24-ാം വിജയമാണ് കുറിച്ചത്. ഏപ്രിലിൽ ബാഴ്‌സലോണ ഓപ്പൺ ഫൈനലിൽ ഹോൾഗർ റൂണെയോടാണ് അവസാനമായി തോറ്റത്. റാഫേൽ നഡാലിനുശേഷം തുടരെ മൂന്നുതവണ വിംബിൾഡൺ ഫൈനൽ കളിക്കുന്ന സ്പാനിഷ് താരമായി അൽക്കരാസ്. ഓപ്പൺ കാലഘട്ടത്തിൽ ബ്യോൺ ബോർഗ്, പീറ്റ് സാംപ്രസ്, റോജർ ഫെഡറർ, ജോക്കോവിച്ച് എന്നിവർ മാത്രമാണ് വിംബിൾഡണിൽ ഹാട്രിക് തികച്ച താരങ്ങൾ.

Content Highlights: Wimbledon 2025 Jannik Sinner acceptable up a clash with Carlos Alcaraz final

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article