ജോട്ടയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാതെ റൊണാൾഡോ? വിമർശനവുമായി ആരാധകർ

6 months ago 6

05 July 2025, 08:07 PM IST

cristiano ronaldo jota

ക്രിസ്റ്റ്യാനോയും ജോട്ടയും | AP

ലണ്ടൻ: അന്തരിച്ച പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയാഗോ ജോട്ടയുടെ സംസ്‌കാരച്ചടങ്ങില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. ഡെയ്ലി മെയിലിന്റെ റിപ്പോര്‍ട്ട് പ്രകാരം പോര്‍ച്ചുഗീസ് നഗരമായ ഗോണ്‍ഡമറില്‍ നടന്ന ചടങ്ങില്‍ ക്രിസറ്റ്യാനോയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ ആരാധകര്‍ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുന്നയിച്ചു. ജൂലൈ 3 നാണ് ജോട്ട കാറപകടത്തില്‍ മരിച്ചത്.

ജോട്ടയുടെ അടുത്ത സുഹൃത്തുക്കളും ചില സഹതാരങ്ങളും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. അടുത്ത സുഹൃത്തായ മധ്യനിരതാരം റൂബന്‍ നെവസും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഫിഫ ക്ലബ് ലോകകപ്പില്‍ നെവസ് കളിച്ചിരുന്നു. മത്സരശേഷം താരം ഇവിടേക്ക് എത്തുകയായിരുന്നു. ലിവര്‍പൂളിലെ ജോട്ടയുടെ ഒട്ടുമിക്ക സഹതാരങ്ങളും ചടങ്ങിനെത്തിയിരുന്നു.

അതേസമയം നിലവില്‍ ടൂര്‍ണമെന്റുകളൊന്നും റൊണാള്‍ഡോ കളിക്കുന്നില്ല. എന്നിട്ടും താരം പങ്കെടുക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ കമന്റുകളുമായെത്തി. എന്തുകൊണ്ടാണ് റൊണാള്‍ഡോ പങ്കെടുക്കാതിരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. താരത്തിന്റെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം എന്തുകൊണ്ടാണ് താരം പങ്കെടുക്കാതിരുന്നത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ജോട്ടയുടെ വിയോ​ഗത്തിൽ ക്രിസറ്റ്യാനോ സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചനമറിയിച്ചിരുന്നു.

ലിവർപൂൾ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ നൂറുകണക്കിന് ആളുകളാണ് കഴിഞ്ഞദിവസം ജോട്ടയ്ക്ക് ആദരാഞ്ജലി ആർപ്പിക്കാൻ പൂവുകളും ജേഴ്‌സികളുമായി എത്തിയത്. ലിവർപൂളിന്റെ നിലവിലെ താരങ്ങളും മുൻതാരങ്ങളും ഇക്കൂട്ടത്തിലുണ്ട്. പോർച്ചുഗൽ ക്ലബ്ബായ പോർട്ടോയുടെ മൈതാനത്തിന് സമീപത്തും ഒട്ടേറെയാളുകൾ ആദരമർപ്പിച്ചു.

കാര്‍ അപകടത്തില്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയാഗോ ജോട്ട മരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. സ്‌പെയിനിലെ സമോറ നഗരത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ജോട്ടയ്ക്കും ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരന്‍ ആൻഡ്രെ സില്‍വയ്ക്കും ജീവന്‍ നഷ്ടപ്പെട്ടു. വിവാഹം കഴിഞ്ഞ് 10 ദിവസം മാത്രം കഴിയുമ്പോഴാണ് താരത്തിന് ദാരുണാന്ത്യം സംഭവിക്കുന്നത്. സമോറയില്‍ എ 52 ഹൈവേയിലാണ് അപകടം നടക്കുന്നത്. അപകടത്തിന് പിന്നാലെ അഗ്നി രക്ഷാസേനയും എമര്‍ജന്‍സി മെഡിക്കല്‍ യൂണിറ്റും സ്ഥലത്ത് ഇരച്ചെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: Cristiano Ronaldo misses Diogo Jotas ceremonial fans criticism

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article