.jpg?%24p=97f3944&f=16x10&w=852&q=0.8)
ജോയ് മാത്യു, പ്രതീകാത്മക ചിത്രം, ജഗദീഷ് | ഫോട്ടോ: മാതൃഭൂമി, പിടിഐ
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരം കടുക്കുന്നു. വ്യാഴാഴ്ചയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 74 പേരാണ് വിവിധ സ്ഥാനങ്ങളിലേക്ക് പത്രിക സമര്‍പ്പിച്ചത്. പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച പൂര്‍ത്തിയായി.
ആറു പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്‍കിയത്. ജഗദീഷ്, ശ്വേതാ മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. ബാബുരാജ്, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, കുക്കു പരമേശ്വരന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും പത്രിക നല്‍കി.
ആശ അരവിന്ദ്, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍, ലക്ഷ്മിപ്രിയ, നവ്യാ നായര്‍, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍, നാസര്‍ ലത്തീഫ് എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ട്. ഒരാള്‍ക്ക് ഒരുസ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാന്‍ സാധിക്കൂ. ഒന്നിലേറ സ്ഥാനങ്ങളിലേയ്ക്ക് പത്രിക നല്‍കിയവര്‍ 31-ന് അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്കുമുമ്പായി പിന്‍വലിച്ചേക്കും.
ജോയ് മാത്യുവിന്റെ പത്രിക സൂക്ഷമപരിശോധനയില്‍ തള്ളിയിരുന്നു. ജഗദീഷിന് പിന്തുണ പ്രഖ്യാപിച്ച് ജോയ് മാത്യു സത്യവാങ്മൂലത്തില്‍ ഒപ്പിടാതെ പത്രിക നല്‍കിയതാണെന്നാണ് സൂചനകള്‍. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചവരില്‍ ഒരാളാണ് ജോയ് മാത്യു. ജഗദീഷിന് മറ്റ് മുതിര്‍ന്ന താരങ്ങളുടെ പിന്തുണയുണ്ടെന്നും പറയപ്പെടുന്നുണ്ട്. താരങ്ങള്‍ പരസ്യമായി തള്ളുന്നുണ്ടെങ്കിലും പാനല്‍ തിരിഞ്ഞാണ് മത്സരമെന്നാണ് സൂചനകള്‍.
മോഹന്‍ലാല്‍ ഒഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബനെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നതായി വിവരങ്ങളുണ്ടായിരുന്നു. വിജയരാഘവനെ മത്സരിപ്പിക്കാനും ശ്രമമുണ്ടായിരുന്നു. മുതിര്‍ന്ന താരങ്ങള്‍ തയ്യാറാവാതിരുന്നതോടെയാണ് കടുത്ത മത്സരത്തിലേക്ക് നീങ്ങിയത്.
ആറ് പ്രധാന ഭാരവാഹികളും 11 അംഗ എക്‌സിക്യൂട്ടീവുമടക്കം 17 പേരെയാണ് തിരഞ്ഞെടുക്കുക. ഓഗസ്റ്റ് 15-നാണ് തിരഞ്ഞെടുപ്പ്.
Content Highlights: AMMA predetermination heats up with 74 candidates vying for 17 positions
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·