
പ്രതീകാത്മക ചിത്രം, മോഹൻലാലും ജീത്തുജോസഫും ആന്റണി പെരുമ്പാവൂരും | Photo: Screen gran/ Instagram: Aashirvad Cinemas
ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം മൂന്നിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ്. ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നതുസംബന്ധിച്ച പുതിയ വിവരമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പോസ്റ്റില്‍ ഉള്ളത്.
ദൃശ്യം ആദ്യഭാഗത്തിലെ ഏറെ ശ്രദ്ധേയമായ, ജോര്‍ജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടില്‍ തുടങ്ങുന്ന റീലിനൊപ്പമാണ് ആശിവാര്‍ദ് സിനിമാസ് അപ്‌ഡേറ്റ് പുറത്തുവിട്ടത്. 'ദൃശ്യം 3 ഉടന്‍ വരുന്നു', എന്ന് റീലിലുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ്, നായകന്‍ മോഹന്‍ലാല്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ പരസ്പരം കൈകൊടുത്തും ആലിംഗനംചെയ്തും അഭിവാദ്യംചെയ്യുന്നതായി വീഡിയോയില്‍ കാണാം. 'ലൈറ്റ്, ക്യാമറ, ഒക്ടോബര്‍', എന്നും വീഡിയോയിലുണ്ട്. '2025 ഒക്ടോബറില്‍ ക്യാമറ ജോര്‍ജുകുട്ടിക്കുനേരെ തിരിയും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', എന്നാണ് ക്യാപ്ഷനായി പങ്കുവെച്ചിരിക്കുന്നത്.
നേരത്തേ, ദൃശ്യം മൂന്നിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ തുടങ്ങുമെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകപ്രചാരണമുണ്ടായിരുന്നു. ഇത് തള്ളുന്നതാണ് നിര്‍മാതാക്കളുടെ പുതിയ പ്രഖ്യാപനം. കഴിഞ്ഞദിവസം ചിത്രത്തിന്റെ തിരക്കഥയില്‍നിന്നുള്ള ഒരുചിത്രം ജീത്തു സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
അതേസമയം, അജയ് ദേവ്ഗണ്‍ നായകനാകുന്ന ഹിന്ദി ദൃശ്യം 3-ന്റെ ഷൂട്ടിങ്ങും ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ വര്‍ഷം ഗാന്ധി ജയന്തി ദിനത്തില്‍ ഷൂട്ടിങ് ആരംഭിച്ച് അടുത്തവര്‍ഷം ഗാന്ധി ജയന്തി ദിനത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതി.
2013-ല്‍ ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളിലെത്തിയ മലയാളം ക്രൈം ത്രില്ലര്‍ ചലച്ചിത്രമാണ് ദൃശ്യം. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണവും അത് മറച്ച് വെക്കാനുള്ള നായക കഥാപാത്രത്തിന്റേയും കുടുംബത്തിന്റേയും ശ്രമങ്ങളുമെല്ലാം പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഒരുക്കിയ ചിത്രമായിരുന്നു ദൃശ്യം. രണ്ടാം ഭാഗവും ഇതിന്റെ തുടര്‍ച്ചയായിരുന്നു. 2021-ലാണ് 'ദൃശ്യം ദി റിസംഷന്‍' എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയത്.
Content Highlights: Mohanlal`s Drishyam 3 sprout begins October 2025





English (US) ·