27 March 2025, 01:54 PM IST

വിനേഷ് ഫോഗട്ട്
ന്യൂഡല്‍ഹി: കായിക താരങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളുടെ ഭാഗമായി ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് മുന്നില്‍ ഓപ്ഷനുകള്‍വെച്ച് ഹരിയാണ സര്‍ക്കാര്‍. നാലു കോടി രൂപയുടെ ക്യാഷ് പ്രൈസ്, ഹരിയാണ ഷഹരി വികാസ് പ്രധികരൺ പദ്ധതിക്ക് കീഴില്‍ ഒരു പ്ലോട്ട്, ഗ്രൂപ്പ് എ സര്‍ക്കാര്‍ ജോലി എന്നിവയില്‍ ഏതെങ്കിലും ഒന്ന് കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ വിനേഷിന് തിരഞ്ഞെടുക്കാം.
മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന ഹരിയാണ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ കായിക നയം അനുസരിച്ച് ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവിന് നല്‍കുന്ന ആനുകൂല്യമാണ് ഈ മൂന്നും. ഇതില്‍ ഏതെങ്കിലും ഒന്നാണ് വിനേഷ് ഫോഗട്ടിന് തിരഞ്ഞെടുക്കാന്‍ കഴിയുക. പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തി 50 കിലോ വിഭാഗത്തില്‍ മത്സരിച്ച് ഫൈനലിലെത്തിയ വിനേഷ് ഭാരപരിശോധനയില്‍ 100 ഗ്രാം അധികം തൂക്കം വന്നതിനെത്തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു.
എന്നാല്‍ ജുലാനയിലെ എംഎല്‍എ കൂടിയായ വിനേഷ് ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
'വിനേഷ് ഫോഗട്ട് ഈ വിഷയം വിധാന്‍ സഭയില്‍ ഉന്നയിച്ചിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അവരുടെ വിഷയം ഒരു പ്രത്യേക കേസായി കണക്കാക്കുകയും കായിക നയത്തിന് കീഴിലുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനായി പരിഗണിക്കുകയും ചെയ്തു' ഹരിയാണ മുഖ്യമന്ത്രി നയാബ് സെയ്‌നി പറഞ്ഞു.
നടപടിക്രമങ്ങളുടെ ഒരു തീരുമാനം മൂലമാണ് ഫോഗട്ടിനെ പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് അയോഗ്യനാക്കിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Content Highlights: Government Job-Rs 4 Crore Or A Plot-Vinesh Phogat Given State Benefits Choice








English (US) ·