Published: July 16 , 2025 02:42 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽനിന്ന് ജോലിഭാരം ക്രമീകരിക്കാനെന്ന പേരിൽ മാറ്റിനിർത്തിയ ജസ്പ്രീത് ബുമ്രയെ, ലോഡ്സ് ടെസ്റ്റിലും വേണ്ടവിധം ഉപയോഗിക്കാത്തതിൽ വിമർശനവുമായി മുൻ താരം ഇർഫാൻ പഠാൻ. ബെൻ സ്റ്റോക്സിനേപ്പോലുള്ള താരങ്ങൾ തുടർച്ചയായി പന്തെറിയുകയും ബാറ്റു ചെയ്യുകയും ഫീൽഡിങ്ങിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുകയും ചെയ്യുമ്പോഴാണ് ബുമ്രയെ ജോലിഭാരത്തിന്റെ പേരിൽ പന്തെറിയിക്കാതെ മാറ്റിനിർത്തുന്നതെന്ന് പഠാൻ ചൂണ്ടിക്കാട്ടി.
അവസാന ദിനം വിജയം മാത്രം ലക്ഷ്യമിട്ട് സ്റ്റോക്സ് ആദ്യ സ്പെല്ലിൽ 9.2 ഓവറും അടുത്ത സ്പെല്ലിൽ 10 ഓവറും തുടർച്ചയായി ബോൾ ചെയ്തു. മറുവശത്ത് ബുമ്രയെ 5 ഓവർ മാത്രം ബോൾ ചെയ്യിപ്പിച്ച് റൂട്ട് ഇറങ്ങുന്നതു വരെ കാത്തുനിർത്തുന്ന രീതിയാണ് ഗംഭീറും ഗില്ലും സ്വീകരിച്ചതെന്നും പഠാൻ വിമർശിച്ചു.
‘‘ലോഡ്സ് ടെസ്റ്റിന്റെ അഞ്ചാം ദിനം രാവിലെ ബെൻ സ്റ്റോക്സ് തുടർച്ചയായി ബോൾ ചെയ്തത് 9.2 ഓവറാണ്. അദ്ദേഹം എന്തൊരു താരമാണ്. പന്തെറിയും, ബാറ്റു ചെയ്യും, ഋഷഭ് പന്തിനെ പുറത്താക്കിയതുപോലെ ഫീൽഡിലും തകർപ്പൻ പ്രകടനം പുറത്തെടുക്കും. ജോലിഭാരം അദ്ദേഹത്തിന് പ്രശ്നമേയല്ല.’ – പഠാൻ പറഞ്ഞു.
‘‘പക്ഷേ ഇന്ത്യയുടെ കാര്യം നോക്കൂ. എല്ലാം വ്യത്യസ്തമാണ്. ജസ്പ്രീത് ബുമ്ര അഞ്ച് ഓവർ ബോൾ ചെയ്യും. എന്നിട്ട് ജോ റൂട്ട് ബാറ്റിങ്ങിന് എത്തുന്നതുവരെ അദ്ദേഹത്തെ മാറ്റിനിർത്തും. രണ്ടാം ഇന്നിങ്സിൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ട ഘട്ടത്തിലാണ് ഇതെന്ന് ഓർക്കണം’ – പഠാൻ ചൂണ്ടിക്കാട്ടി.
‘‘തീർത്തും നിരാശപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്. ജോലിഭാരം ക്രമീകരിക്കാനെന്ന പേരിലാണ് എജ്ബാസ്റ്റനിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബുമ്രയെ കളിപ്പിക്കാതിരുന്നത്. അതായത് അദ്ദേഹത്തിന് ലോഡ്സിൽ അത്രകണ്ട് ജോലിഭാരം ഉണ്ടായിരുന്നില്ല. എന്തു വിലകൊടുത്തും മത്സരം ജയിക്കാൻ നോക്കേണ്ട സമയത്താണ് ജോലിഭാരവും പറഞ്ഞ് പ്രധാന ബോളറെ മാറ്റിനിർത്തുന്നത്. ഇന്ത്യയ്ക്ക് കുറച്ചുകൂടി നല്ല രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാമായിരുന്നു’ – പഠാൻ പറഞ്ഞു.
‘‘ജോഫ്ര ആർച്ചറിനെ നോക്കൂ. നാലു വർഷത്തിനു ശേഷമാണ് ആർച്ചർ ടെസ്റ്റ് കളിക്കുന്നത്. എന്നിട്ടും അദ്ദേഹം തുടർച്ചയായി പന്തെറിഞ്ഞു. രാവിലത്തെ സെഷനിൽ അദ്ദേഹം തുടർച്ചയായി എറിഞ്ഞത് ആറ് ഓവറാണ്. പിന്നീട് തിരിച്ചെത്തി ബോളിങ് തുടർന്നു. ഈ ഘട്ടത്തിലൊന്നും ബെൻ സ്റ്റോക്സ് ജോലിഭാരത്തെക്കുറിച്ച് ചിന്തിച്ചില്ല.’ – പഠാൻ പറഞ്ഞു.
English Summary:








English (US) ·