ജോഷ്, ജോർ! ചെന്നൈയെ കളി പഠിപ്പിച്ചു, തല ആരാധകർക്ക് ധോണിയുടെ ബാറ്റിങ്ങും കാട്ടിക്കൊടുത്തു!

9 months ago 8

മനോരമ ലേഖകൻ

Published: March 29 , 2025 12:44 PM IST

2 minute Read

  • ചെന്നൈയ്ക്കെതിരെ ബെംഗളൂരുവിന് 50 റൺസ് ജയം

  • രജത് പട്ടീദാർ (32 പന്തിൽ 51) പ്ലെയർ ഓഫ് ദ് മാച്ച്

ചെന്നൈ ബാറ്റർ രാഹുൽ ത്രിപാഠിയെ പുറത്താക്കിയ ബെംഗളൂരു പേസർ ജോഷ് ഹെയ്‌സൽവുഡിനെ (വലത്ത്) വിരാട് കോലി അഭിനന്ദിക്കുന്നു. ദേവ്ദത്ത് പടിക്കൽ സമീപം.
ചെന്നൈ ബാറ്റർ രാഹുൽ ത്രിപാഠിയെ പുറത്താക്കിയ ബെംഗളൂരു പേസർ ജോഷ് ഹെയ്‌സൽവുഡിനെ (വലത്ത്) വിരാട് കോലി അഭിനന്ദിക്കുന്നു. ദേവ്ദത്ത് പടിക്കൽ സമീപം.

ചെന്നൈ ∙ എം.എസ്.ധോണിയുടെ ബാറ്റിങ് കാണണമെന്ന ചെന്നൈ സൂപ്പർ കിങ്സ് ആരാധകരുടെ വലിയ മോഹം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ബോളർമാർ സാധിച്ചു കൊടുത്തു! ചെന്നൈയെ അവരുടെ ഹോം ഗ്രൗണ്ടിൽ ‘കളി’ പഠിപ്പിച്ച ബെംഗളൂരുവിന് ഐപിഎൽ ക്രിക്കറ്റിൽ 50 റൺസിന്റെ ഉജ്വലജയം. സ്കോർ: ബെംഗളൂരു– 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ്. ചെന്നൈ– 20 ഓവറിൽ 8ന് 146. അർധ സെഞ്ചറി നേടിയ ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടിദാറാണ് പ്ലെയർ ഓഫ് ദ് മാച്ച്. ബെംഗളൂരുവിനായി ഓസീസ് പേസർ ജോഷ് ഹെയ്‌സൽ‌വുഡ് 3 വിക്കറ്റും യഷ് ദയാൽ, ലിയാം ലിവിങ്സ്റ്റൻ എന്നിവർ  2 വിക്കറ്റ് വീതവും വീഴ്ത്തി. 

ബാറ്റിങ്ങിൽ ഇടയ്ക്കിടെ വിക്കറ്റുകൾ നഷ്ടമായിട്ടും അടിക്കടിയായുള്ള ബൗണ്ടറികളിലൂടെ റൺനിരക്ക് നിലനിർത്തി മികച്ച സ്കോർ നേടിയതാണ് മത്സരത്തിൽ ബെംഗളൂരു കൈവരിച്ച ആദ്യ ‘ജയം’. പിന്നീട് ബോളിങ്ങിൽ ചെന്നൈയുടെ ഒരു ബാറ്ററെയും നിലയുറപ്പിക്കാ‍ൻ അനുവദിക്കാതെ പുറത്താക്കുകയും ചെയ്തു. ചെന്നൈ ഇന്നിങ്സിൽ അപൂർവമായി മാത്രം ബാറ്റു ചെയ്യേണ്ടി വരാറുള്ള ധോണിക്ക് ഇത്തവണ 16–ാം ഓവറിൽ തന്നെ ക്രീസിലിറങ്ങേണ്ടി വന്നു. ഒൻപതാമനായി ക്രീസിലെത്തിയ ധോണി 16 പന്തുകൾ നേരിട്ട് 3 ഫോറും 2 സിക്സും സഹിതം നേടിയത് 30 റൺസ്. 

ചെപ്പോക്കിലെ വിക്കറ്റിൽ ചെന്നൈ കുറിച്ചു നൽകിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയെ 2–ാം ഓവറിൽ തന്നെ ഹെയ്‌‌സൽവുഡ് ഞെട്ടിച്ചു. രാഹുൽ ത്രിപാഠി (5), ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് (0) എന്നിവരെ ഓസീസ് പേസർ മടക്കിയതോടെ 2ന് 8 റൺസ് എന്ന നിലയിലായി ചെന്നൈ. ആ തകർച്ചയിൽ നിന്ന് അവർക്കു കരകയറാനായില്ല. ഓപ്പണർ രചിൻ രവീന്ദ്ര (31 പന്തിൽ 41) മാത്രമാണ് ചെന്നൈ ടോപ് ഓർഡറിൽ പിടിച്ചുനിന്നത്. 13–ാം ഓവറിൽ രചിനെയും ശിവം ദുബെയെയും (15 പന്തിൽ 19) പുറത്താക്കിയ ഇരട്ടപ്രഹരത്തിലൂടെ യഷ് ദയാൽ‍ ചെന്നൈയുടെ നേരിയ പ്രതീക്ഷയും തീർത്തു. ധോണിയും രവീന്ദ്ര ജഡേജയും (25) കാഴ്ച്ചവച്ച ‘ബാറ്റിങ് പ്രദർശനം’ പിന്നീട് ചെന്നൈ ആരാധകർക്കു സന്തോഷം നൽകിയെന്നു മാത്രം! 

നേരത്തേ ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു ചെന്നൈ ഫീൽഡർമാരുടെ കയ്യയച്ച സഹായത്തോടെയാണ് മികച്ച സ്കോർ നേടിയത്. ക്യാപ്റ്റൻ രജത് പാട്ടിദാറാണ് (32 പന്തിൽ 51) ബെംഗളൂരുവിന്റെ ടോപ് സ്കോറർ. ഫിൽ സോൾട്ട് (16 പന്തിൽ 32), വിരാട് കോലി (30 പന്തിൽ 31), ടിം ഡേവിഡ് (8 പന്തിൽ 22) എന്നിവരും ടീം സ്കോറിലേക്ക് മികച്ച സംഭാവനകൾ നൽകി. ചെന്നൈയ്ക്കു വേണ്ടി നൂർ അഹമ്മദ് മൂന്നും മതീഷ പതിരാന രണ്ടും വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ചെന്നൈ, ചെപ്പോക്കിലെ സ്പിൻ പിച്ചിനെ വിശ്വസിച്ച് ബെംഗളൂരുവിനെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു. എന്നാൽ തകർത്തടിച്ച ഫിൽ സോൾട്ട് ചെന്നൈയുടെ ‘ഹോം കോൺഫിഡൻ‍സ്’ തകർത്തു. 

3 ഓവർ പൂർത്തിയാകുമ്പോൾ ബെംഗളൂരു നേടിയ 32 റൺസിൽ മുപ്പതും ഇംഗ്ലിഷ് താരത്തിന്റെ ബാറ്റിൽ നിന്നായിരുന്നു. ഒരു എൽബിഡബ്ല്യു റിവ്യൂവിൽനിന്നു രക്ഷപ്പെട്ട വിരാട് കോലി തുടക്കം മുതൽ ക്രീസിൽ കഷ്ടപ്പെട്ടു. നൂർ അഹമ്മദിന്റെ പന്തിൽ ധോണിയുടെ ഒരു മിന്നൽ സ്റ്റംപിങ്ങിൽ സോൾട്ട് പുറത്തായെങ്കിലും പിന്നാലെ എത്തിയ ദേവ്ദത്ത് പടിക്കലും തകർത്തടിച്ചതോടെ ബെംഗളൂരുവിന്റെ റൺനിരക്ക് കുറഞ്ഞില്ല. എന്നാൽ അശ്വിന്റെ പന്തിൽ എക്സ്ട്രാ കവറിൽ ഉജ്വലമായൊരു ക്യാച്ചിലൂടെ ദേവ്ദത്തിനെ മടക്കിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്‌വാദ് ചെന്നൈയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടു വന്നു.

എന്നാൽ ഫീൽഡിൽ തുടരെ ക്യാച്ചുകൾ കൈവിട്ടതു ചെന്നൈയ്ക്കു തിരിച്ചടിയായി. തനിക്കു കിട്ടിയ ലൈഫുകൾ രജത് പാട്ടിദാർ മുതലാക്കുകയും ചെയ്തു. അതോടെ കളി വീണ്ടും ബെംഗളൂരുവിന്റെ ക്രീസിലായി. ഒരു ബൗൺസർ തന്റെ ഹെൽമറ്റിൽ പതിപ്പിച്ച പതിരാനയോട് അടുത്ത പന്തുകളിൽ സിക്സും ഫോറുമായി പ്രതികാരം ചെയ്ത് കോലിയും ഫോമിലായി. എന്നാൽ, നൂർ അഹമ്മദിനെയും സമാനമായ രീതിയിൽ ആക്രമിക്കാൻ ശ്രമിച്ച കോലി ഡീപ് മിഡ്‌വിക്കറ്റിൽ രചിൻ രവീന്ദ്രയുടെ കയ്യിലൊതുങ്ങി. രവീന്ദ്ര ജഡേജ എറിഞ്ഞ 14–ാം ഓവറിൽ രണ്ടു ഫോറും ഒരു സിക്സുമായി 15 റൺസ് നേടിയ പാട്ടിദാറാണ് പിന്നീട് ബെംഗളൂരുവിനെ 200 എന്ന ലക്ഷ്യത്തിലേക്കു മോഹിപ്പിച്ചത്. 19–ാം ഓവറിൽ പതിരാന ഒരു ബ്രേക്കിട്ടെങ്കിലും (2 വിക്കറ്റ്, ഒരു റൺ) സാം കറന്റെ 20–ാം ഓവറിൽ ടിം ഡേവിഡ് ആ സങ്കടം തീർത്തു– തുടരെ 3 സിക്സുകളുമായി 19 റൺസ്!

English Summary:

RCB defeats CSK by 50 runs successful a thrilling IPL match! Rajat Patidar's half-century and Josh Hazlewood's awesome bowling show led Bangalore to victory. MS Dhoni's late-innings cameo couldn't prevention Chennai.

Read Entire Article