ബാർസിലോന ∙ ലമീൻ യമാലും റാഫിഞ്ഞയും തമ്മിലുള്ള അന്തർധാര ഇപ്പോഴും ശക്തമാണ്! സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ ആദ്യ മത്സരത്തിൽ റയൽ മയ്യോർക്കയ്ക്കെതിരെ എവേ മത്സരം 3–0ന് ജയിച്ച ബാർസിലോനയുടെ കളി കണ്ടവർക്കെല്ലാം ഉറപ്പായ കാര്യമാണിത്. കഴിഞ്ഞ സീസണിൽ ബാർസയെ ലാ ലിഗ കിരീടത്തിലേക്കു നയിച്ച രണ്ടു താരങ്ങളും ഒരേ മനസ്സോടെ, ഒന്നിച്ചു കളം നിറഞ്ഞപ്പോൾ മയ്യോർക്കയുടെ വലയിൽ മതിയാകുവോളം ഗോളുകൾ.
ആദ്യ പകുതിയിൽത്തന്നെ ആതിഥേയ ടീമിലെ രണ്ടു താരങ്ങൾ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനാൽ കളി ബാർസ താരങ്ങളിലേക്കു മാത്രമായി ചുരുങ്ങുകയായിരുന്നു. റാഫിഞ്ഞ, ലമീൻ യമാൽ, ഫെറാൻ ടോറസ് എന്നിവരാണു ബാർസയ്ക്കായി ഗോൾ നേടിയത്.
7–ാം മിനിറ്റിൽ ലമീൻ യമാലിന്റെ വളഞ്ഞുചെന്ന ക്രോസ് ഗോളിലേക്കു ഹെഡ് ചെയ്ത് റാഫിഞ്ഞ ഈ സീസണിലെ ബാർസയുടെ ആദ്യ ഗോളിന് ഉടമയയായി. 23–ാം മിനിറ്റിൽ ഗോൾ ഏരിയയ്ക്കു പുറത്തുനിന്നു ഫെറാൻ ടോറസിന്റെ ഗോൾ. മയ്യോർക്ക താരം അന്റോണിയോ റല്ലോ തലയിൽ പന്തുകൊണ്ടു കളത്തിൽ വീണിട്ടും റഫറി കളി നിർത്തിയില്ല. ഇതുമൂലമാണ് ടോറസിനു ഗോളടിക്കാൻ പറ്റിയതെന്നു മയ്യോർക്ക താരങ്ങൾ പരാതിപ്പെട്ടു. ബാർസ കോച്ച് ഹൻസി ഫ്ലിക്കും മത്സരശേഷം റഫറിയുടെ നടപടിയെ വിമർശിച്ചു.
33–ാം മിനിറ്റിൽ മയ്യോർക്ക താരം മാനു മോർലാൻസും 39–ാം മിനിറ്റിൽ സ്ട്രൈക്കർ വേഡറ്റ് മുറിക്വിയും ചുവപ്പുകാർഡ് കണ്ടതോടെ മയ്യോർക്ക 9 പേരിലേക്കു ചുരുങ്ങി. ലമീൻ യമാലിനെ ഫൗൾ ചെയ്തതിനാണ് മോർലാൻസിനു രണ്ടാം മഞ്ഞക്കാർഡും മാർച്ചിങ് ഓർഡറും കിട്ടിയത്. ബാർസയുടെ പുതിയ ഗോളി ജോൻ ഗാർഷ്യയുടെ തലയിൽ തൊഴിച്ചതിനാണ് വേഡറ്റ് മുറിക്വിയ്ക്കു സസ്പെൻഷൻ കിട്ടിയത്. ഇൻജറി ടൈമിൽ (90+4) ലമീൻ യമാൽ ബാർസയുടെ 3–ാം ഗോളും നേടി.
കഴിഞ്ഞ സീസണിൽ ആകെ 102 ഗോളുകൾ നേടി ലാ ലിഗ ചാംപ്യൻമാരായ ബാർസിലോന ഈ സീസണിലെ ആദ്യ മത്സരത്തിൽ വെറ്ററൻ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ഇല്ലാതെയാണ് ഇറങ്ങിയത്. പോളണ്ട് താരത്തിനു പരുക്കാണെന്നാണു വിശദീകരണം.മറ്റു മത്സരങ്ങളിൽ വലൻസിയ 1–1ന് റയൽ സോസിദാദുമായി സമനിലയിൽ പിരിഞ്ഞു. അലാവസ് 2–1നു ലെവാന്റയെ തോൽപിച്ചു.
English Summary:








English (US) ·