Published: September 24, 2025 08:57 PM IST Updated: September 24, 2025 09:04 PM IST
1 minute Read
ദുബായ്∙ ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങളെ ഇനി മുതൽ ‘റൈവൽറി’ എന്നു വിളിക്കരുതെന്ന് അഭ്യർഥിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനു മറുപടിയുമായി പാക്കിസ്ഥാൻ താരം ഷഹീൻ അഫ്രീദി. ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം തന്നെ വരാൻ സാധ്യതയുള്ളതിനാൽ പാക്കിസ്ഥാനെ എഴുതിത്തള്ളാൻ സമയമായിട്ടില്ലെന്നും ഷഹീൻ പറഞ്ഞു. ‘‘അദ്ദേഹത്തിന്റെ ഇഷ്ടം പോലെ അദ്ദേഹം പറയട്ടെ. അവരും ഞങ്ങളും ഇതുവരെ ഫൈനൽ എത്തിയിട്ടില്ല. അപ്പോൾ നമുക്ക് കാണാം. ജയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഏഷ്യാ കപ്പ് നേടാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. ഞങ്ങൾ ഞങ്ങളുടെ പരമാവധി ചെയ്യും.’’– ഷഹീൻ പറഞ്ഞു.
സൂപ്പർ ഫോറിൽ, പാക്കിസ്ഥാനെതിരായ വിജയത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പാക്ക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു സൂര്യകുമാറിന്റെ പ്രസ്താവന. ഇന്ത്യയും പാകിസ്ഥാനും രാജ്യാന്തര ട്വന്റി20യിൽ 15 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ 12 തവണയും നിലവിലെ ലോക ചാംപ്യന്മാരായ ഇന്ത്യയാണ് വിജയിച്ചത്. ഇരു ടീമുകളും തമ്മിലുള്ള നിലവാരത്തിലെ അന്തരം വളരെയധികം കൂടിയിട്ടുണ്ടോ എന്നായിരുന്നു പാക്ക് മാധ്യമപ്രവർത്തകന്റെ ചോദ്യം.
‘‘സർ, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരങ്ങളെ ‘റൈവൽറി’ എന്ന് വിളിക്കുന്നത് ഇനി നിർത്തണമെന്നാണ് എന്റെ അഭ്യർഥന.’’ എന്നായിരുന്നു സൂര്യയുടെ മറുപടി. മത്സരത്തെപ്പറ്റിയല്ല, ടീമുകളുടെ നിലവാരത്തെപ്പറ്റിയാണ് എന്ന് മാധ്യമപ്രവർത്തകൻ വിശദീകരിച്ചപ്പോൾ സൂര്യയുടെ പ്രതികരണം ഇങ്ങനെ: ‘‘സർ, മത്സരവും നിലവാരവും എല്ലാം ഒരുപോലെയാണ്. ഇനി എന്താണ് മത്സരം? രണ്ടു ടീമുകൾ 15 മത്സരങ്ങൾ കളിച്ചിട്ട് 8-7 ആണെങ്കിൽ, അത് ഒരു മത്സരമാണ്. ഇവിടെ 13-1 (12-3) അല്ലെങ്കിൽ മറ്റെന്തെങ്കിലും. ഒരു മത്സരവുമില്ല.’’– സൂര്യകുമാർ പുഞ്ചിരിയോടെ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ പാക്ക് താരങ്ങളായ സാഹിബ്സാദ ഫർഹാന്റെയും ഹാരിസ് റൗഫിന്റെയും പ്രകോപനപരമായ ആംഗ്യങ്ങളെ സംബന്ധിച്ചും ഷഹീൻ അഫ്രീദി പ്രതികരിച്ചു. കളത്തിലെ ആഘോഷങ്ങളാകരുത്, ക്രിക്കറ്റ് കളിക്കുന്നതിലായിരിക്കണമെന്ന് ഷഹീൻ പറഞ്ഞു. ‘‘നോക്കൂ, ഞങ്ങളുടെ ജോലി ക്രിക്കറ്റ് കളിക്കുക എന്നതാണ്. സത്യസന്ധമായി പറഞ്ഞാൽ, എല്ലാവർക്കും അവരവർക്ക് ഇഷ്ടമുള്ള രീതിയിൽ പ്രകടിപ്പിക്കാൻ അവകാശമുണ്ട്.’’– ഷഹീൻ പറഞ്ഞു.
‘‘എല്ലാവർക്കും അവരുടേതായ ചിന്തകളുണ്ട്, എല്ലാവർക്കും ആത്മാഭിമാനമുണ്ട്. എല്ലാവരും അവരവരുടേതായ രീതിയിൽ ചിന്തിക്കുന്നു. പക്ഷേ ഞങ്ങളുടെ ജോലി ക്രിക്കറ്റ് കളിക്കുക എന്നതാണ്. ത്രിരാഷ്ട്ര പരമ്പര ജയിക്കാനാണ് ഞങ്ങൾ എത്തിയിരിക്കുന്നത്. ഏഷ്യാ കപ്പ് ജയിക്കാനാണ് ഞങ്ങൾ എത്തിയിരിക്കുന്നത്. ദൈവം അനുവദിച്ചാൽ, ഒരു ടീം എന്ന നിലയിൽ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു.’’– ഷഹീൻ കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്കെതിരെ അർധസെഞ്ചറി തികച്ചതിനു പിന്നാലെ പാക്ക് താരം സാഹിബ്സാദ ഫർഹാൻ ബാറ്റുകൊണ്ട് ‘വെടിവയ്ക്കുന്ന’ ആംഗ്യം കാണിക്കുകയും ഫീൽഡിങ്ങിനിടെ ഹാരിസ് റൗഫ്, കൈ കൊണ്ട് ‘6-0’ എന്നു സൂചിപ്പിക്കുന്ന ആംഗ്യവും കാണിച്ചു. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ ആറു യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദം സൂചിപ്പിച്ചായിരുന്നു റൗഫിന്റെ ആംഗ്യം. വിമാനം പറന്നുപൊങ്ങുന്നതായും പിന്നീട് നിലത്തുപതിക്കുന്നതായും സൂചിപ്പിച്ചും റൗഫ് കാണികളെ പ്രകോപിപ്പിച്ചു.
English Summary:








English (US) ·