‘ഞങ്ങളും മനുഷ്യരാണ്, യന്ത്രങ്ങളല്ല...; അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല’: ഗംഭീറിനോട് വിയോജിച്ച് ശ്രേയസ്സ് അയ്യർ

3 days ago 5

മൗണ്ട് മാംഗനൂയി (ന്യൂസീലൻഡ് ) ∙ ‌ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ബാറ്റർമാർ നേരിട്ട ബാറ്റിങ് പ്രതിസന്ധിയെക്കുറിച്ച് മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ അഭിപ്രായത്തോട് വിയോജിച്ച് ഏകദിന ടീമിന്റെ താൽക്കാലിക നായകൻ ശ്രേയസ് അയ്യർ. ഇവിടുത്തെ സാഹചര്യങ്ങളെ ഏകദിന ലോകകപ്പിന് വേദിയാകുന്ന ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാനാകില്ലെന്നും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളുടെയും ബോളർമാരാണ് ആധിപത്യം പുലർത്തിയതെന്നും ശ്രേയസ്സ് അയ്യർ വ്യക്തമാക്കി.

What you should work next

നാലാം ഏകദിനത്തിൽ ഇന്ത്യ വെറും 89 റൺസിന് പുറത്തായതിനു പിന്നാലെ, പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും ഇന്ത്യൻ ബാറ്റർമാരുടെ നിരാശാജനകമായ പ്രകടനത്തിൽ ആശങ്കയുണ്ടെന്ന് ഗംഭീർ പ്രതികരിച്ചിരുന്നു. ‘‘തീർച്ചയായും എനിക്ക് ആശങ്കയുണ്ടാകും. കാരണം, വരാനിരിക്കുന്ന ലോകകപ്പിൽ നമുക്ക് ലഭിച്ചേക്കാവുന്ന സാഹചര്യങ്ങളോട് ഏറ്റവും അടുത്തുനിൽക്കുന്നതാണ് ഇവിടുത്തേത്,’’ എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.

എന്നാൽ ഗംഭീറിന്റെ ഈ അഭിപ്രായത്തിന് വിരുധമായിട്ടായിരുന്നു ശ്രേയസ്സ് അയ്യരുടെ പ്രതികരണം. 2027 ഒക്ടോബർ-നവംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള മുന്നൊരുക്കമായി ന്യൂസീലൻഡിനെതിരായ പരമ്പരയെ കാണുന്നില്ലെന്നായിരുന്നു ശ്രേയസ്സിന്റെ മറുപടി. അഞ്ചാം ഏകദിനത്തിൽ വിജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘‘നമ്മൾ ഇപ്പോൾ ന്യൂസീലൻഡിലാണ്. അതിനാൽ ഇവിടുത്തെ സാഹചര്യങ്ങളെ ദക്ഷിണാഫ്രിക്കയുമായി താരതമ്യം ചെയ്യാനാകില്ല. കാലാവസ്ഥയും വ്യത്യസ്തമായിരിക്കും. പ്രത്യേകിച്ച് ബാറ്റിങ്ങിന്റെ കാര്യത്തിൽ ഇരു ടീമുകൾക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. നമ്മുടെ ബോളർമാർ സ്ഥിരതയോടെ മികച്ച പ്രകടനം നടത്തി. അവരുടെ ബോളർമാരും അങ്ങനെതന്നെയായിരുന്നു. പിച്ച് പ്രധാനമായും ബോളർമാർക്ക് അനുകൂലമായിരുന്നു. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം പരമ്പര വിജയിക്കുകയായിരുന്നു. അതിൽ ഞങ്ങൾ വിജയിക്കുകയും ചെയ്തു. അതിനുശേഷം മറ്റുള്ള കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല.’’– വാർത്താസമ്മേളനത്തിൽ അയ്യർ പറഞ്ഞു.

ശുഭ്മൻ ഗില്ലിന്റെ അഭാവത്തിൽ ടീമിനെ നയിച്ച അയ്യർക്ക് പരമ്പരയിലുടനീളം ബാറ്റിങ്ങിൽ തിളങ്ങാനായിരുന്നില്ല. തുടർച്ചയായ മോശം പ്രകടനത്തോടെ ഷോർട്ട് ബോളുകൾ നേരിടുന്നതിലെ അയ്യറുടെ പോരായ്മകളെക്കുറിച്ചുള്ള ചർച്ചകളും വീണ്ടും സജീവമായി. ഇന്ത്യയിൽനിന്നു വ്യത്യസ്തമായി വിദേശ പര്യടനങ്ങളിൽ സെൻട്രൽ വിക്കറ്റിൽ പരിശീലനം നടത്താൻ സന്ദർശക ടീമുകൾക്ക് അവസരം ലഭിക്കാത്തത് ബാറ്റിങ്ങിനെ എങ്ങനെ ബാധിക്കുന്നെന്ന ചോദ്യത്തിന്, അതു ഞങ്ങളുടെ ജോലി കൂടുതൽ പ്രയാസകരമാക്കുന്നുണ്ടെന്ന് അയ്യർ മറുപടി നൽകി.

‘‘ഇവിടെ സെൻട്രൽ വിക്കറ്റിൽ പരിശീലനം നടത്താൻ ഞങ്ങൾക്ക് അവസരം ലഭിക്കുന്നില്ല. അതിനാൽ പന്ത് എങ്ങോട്ടാണ് പോകുന്നതെന്ന് കൃത്യമായി മനസ്സിലാക്കാനും കഴിയുന്നില്ല. വിദേശത്ത് എത്തുമ്പോൾ ഓപ്പൺ നെറ്റ്സിലാണ് പരിശീലനം നടത്തുന്നത്. എല്ലാം ഒരേ രീതിയിലായിരിക്കും. ഇന്ത്യയിൽ പരിശീലനം നടത്തുമ്പോൾ പന്ത് എങ്ങോട്ടാണ് പോകുന്നതെന്നും എങ്ങനെയാണ് സഞ്ചരിക്കുന്നതെന്നും നമുക്ക് മനസ്സിലാക്കാൻ കഴിയും. എന്നാൽ വിദേശത്ത് എത്തുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണിത്. തുടർച്ചയായി മത്സരങ്ങൾ കളിക്കുകയും അതിനിടയിൽ യാത്രയും പരിശീലനവും നടത്തുകയും ചെയ്യുമ്പോൾ അതു ശാരീരികമായും മാനസികമായും ക്ഷീണമുണ്ടാക്കും. അതിന്റെ പ്രതിഫലനം പ്രകടനത്തിലും ഉണ്ടാകും. കാരണം, ഒടുവിൽ ഞങ്ങളും മനുഷ്യരാണ്, യന്ത്രങ്ങളല്ല.’’– അയ്യർ പറഞ്ഞു.

ഏകദിനത്തിലും ട്വന്റി20യിലും നായകസ്ഥാനം വഹിക്കുന്നതിലെ വ്യത്യാസത്തെക്കുറിച്ചും അയ്യർ സംസാരിച്ചു. ‘‘ക്യാപ്റ്റൻ സ്ഥാനത്ത് ഏറെക്കുറെ പരിചയമായെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഏകദിനത്തിൽ നായകനാകുന്നത് കുറച്ചുകൂടി വെല്ലുവിളി നിറഞ്ഞതാണ്. 50 ഓവറിലുടനീളം മനസ്സ് സജീവമായി പ്രവർത്തിപ്പിക്കേണ്ടതുണ്ട്. അത് അൽപം ക്ഷീണിപ്പിക്കുന്ന കാര്യമാണ്. ആദ്യ മത്സരത്തിൽ എനിക്ക് അത് അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്നത്തെ മത്സരത്തിൽ ഒരു ഘട്ടത്തിൽ കളിയുടെ വേഗം കുറഞ്ഞു. മത്സരം ഒരു താളത്തിലേക്ക് നീങ്ങി. ആദ്യം ആവേശകരമായിരുന്ന കളി പിന്നീട് മന്ദഗതിയിലായി. എന്നാൽ കളിയുടെ ഗതി എങ്ങനെ വിലയിരുത്താമെന്ന് ഇത്തരം അനുഭവങ്ങളിലൂടെയാണ് പഠിക്കുന്നത്. ഓരോ ദിവസവും പുതിയൊരു പഠനമാണ്. പരമ്പരയിൽ ഒരു തോൽവിയും ഒരു വിജയവും ഉൾപ്പെടെ സമ്മിശ്രമായ അനുഭവങ്ങളുണ്ടായി. ഒടുവിൽ പരമ്പര വിജയിക്കാനായതിൽ അതിയായ സന്തോഷമുണ്ട്.’’– അയ്യർ പറഞ്ഞു.

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ‌‌ രണ്ടാമത്തെ വലിയ തോൽവിയിൽനിന്നു ടീം വളരെ വേഗത്തിൽ മുക്തരായെന്നും അയ്യർ വ്യക്തമാക്കി. ‘‘സത്യസന്ധമായി പറഞ്ഞാൽ, തോൽവിക്ക് തൊട്ടടുത്ത ദിവസംതന്നെ ഞങ്ങൾ ആ മത്സരത്തെക്കുറിച്ച് മറന്നു. എന്താണ് സംഭവിച്ചതെന്ന് പോലും ചർച്ച ചെയ്തില്ല. അപൂർവമായി സംഭവിക്കുന്ന ഒരു മോശം മത്സരമായിരുന്നു അത്. ‘‘ആ തോൽവി മറന്ന് മുന്നോട്ടുപോകുക മാത്രമായിരുന്നു ഞങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നത്. കാരണം, അവരും വിജയിക്കാനായാണ് എത്തിയിരിക്കുന്നത്. ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാനാണ് ഓരോ ടീമും ശ്രമിക്കുന്നത്. അന്നത്തെ ദിവസം മാറ്റ് ഹെൻറി അതിഗംഭീരമായാണ് പന്തെറിഞ്ഞത്. അത്യന്തം അപകടകാരിയായിരുന്നു അദ്ദേഹം. വലിയ വേഗത്തിലും മൂർച്ചയോടെയുമാണ് പന്തുകൾ എറിഞ്ഞത്. അതിനാൽ അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് നൽകണം.’’– അയ്യർ പറഞ്ഞു.

അവസാന ഏകദിനത്തിലാണ് മുഹമ്മദ് സിറാജിന് പരമ്പരയിൽ ആദ്യമായി കളിക്കാൻ അവസരം ലഭിച്ചത്. പതിവുപോലെ മികച്ച പ്രകടനത്തിലൂടെ താരം ആ അവസരം മുതലെടുക്കുകയും ചെയ്തു. സിറാജിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യത്തെ അയ്യർ പ്രത്യേകം പ്രശംസിച്ചു. ‘‘യുദ്ധക്കളത്തിലെ കുതിരയെപ്പോലെയാണ് മുഹമ്മദ് സിറാജ് എന്നാണ് എനിക്ക് തോന്നുന്നത്. ഒന്നിനെയും ഭയക്കാതെ ഏതു പോരാട്ടത്തിനും മുന്നിട്ടിറങ്ങാൻ തയാറുള്ള കുതിര. അത്തരത്തിലുള്ള താരമാണ് അദ്ദേഹം. മുൻപു നടന്ന മത്സരങ്ങളിൽ ടീമിന്റെ ഭാഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്ന് അവസരം ലഭിച്ചപ്പോൾ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.’’– അയ്യർ കൂട്ടിച്ചേർത്തു.

English Summary:

Shreyas Iyer disagreed with Gautam Gambhir's appraisal regarding the Indian batting struggles successful New Zealand, stating that the conditions cannot beryllium compared to South Africa. He emphasized that the team's superior absorption was winning the bid contempt the challenges faced by the batters.

Read Entire Article