Published: July 28 , 2025 07:51 PM IST Updated: July 28, 2025 08:15 PM IST
1 minute Read
മാഞ്ചസ്റ്റർ∙ ഇന്ത്യ–ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചറി പൂർത്തിയാക്കുന്നതിന് സമനിലയ്ക്ക് സമ്മതിക്കാതെ ബാറ്റിങ് തുടർന്ന രവീന്ദ്ര ജഡേജയെയും വാഷിങ്ടൻ സുന്ദറിനെയും ന്യായീകരിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ രംഗത്ത്. ഇരുവരും അർഹിച്ച സെഞ്ചറിയാണ് ഓൾഡ് ട്രാഫഡിൽ കുറിച്ചതെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സ്ഥാനത്ത് ഇംഗ്ലണ്ട് താരങ്ങളായിരുന്നെങ്കിൽ, 90, 85 റൺസ് വീതം എടുത്തുനിൽക്കെ ബാറ്റിങ് മതിയാക്കി മടങ്ങാൻ സമ്മതിക്കുമായിരുന്നോ എന്നും ഗംഭീർ ചോദിച്ചു.
‘‘ഒരാൾ 90 റൺസുമായി ബാറ്റിങ് തുടരുന്നു, മറ്റൊരാൾ 85 റൺസോടെയും ക്രീസിലുണ്ടെന്നു കരുതുക. അവർക്ക് സെഞ്ചറി തികയ്ക്കാൻ അവകാശമില്ലേ? അവരാണെങ്കിൽ സെഞ്ചറി വേണ്ടെന്നുവച്ച് ഗ്രൗണ്ട് വിടുമോ? ഇംഗ്ലണ്ടിന്റെ താരങ്ങൾ 90, 85 റൺസുമായി ക്രീസിലുണ്ടെന്ന് കരുതുക. ആദ്യ സെഞ്ചറി തികയ്ക്കാൻ അവരാണെങ്കിൽ അവസരം കൊടുക്കില്ലേ?’ – ഗംഭീർ ചോദിച്ചു.
‘‘നോക്കൂ. അവരാണ് ഈ പ്രശ്നമെല്ലാം സൃഷ്ടിച്ചത്. എങ്ങനെ കളിക്കണം എന്നത് അവരുടെ തീരുമാനമാണ്. ആ രീതിയിൽ കളിക്കാനാണ് അവർക്ക് താൽപര്യമെങ്കിൽ അങ്ങനെ കളിക്കട്ടെ. എന്റെ അഭിപ്രായത്തിൽ ജഡേജയും സുന്ദറും സെഞ്ചറി അർഹിച്ചിരുന്നു. അവരത് നേടുകയും ചെയ്തു’ – ഗംഭീർ പറഞ്ഞു.
നേരത്തെ, സമനിലയ്‌ക്ക് സമ്മതിക്കാതെ ബാറ്റിങ് തുടർന്നതുവഴി ലഭിച്ച അധിക റൺസ് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായതായി തോന്നുന്നില്ലെന്ന് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് പ്രതികരിച്ചിരുന്നു. ടീമിനെ വൻ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയതാണ് പ്രധാനമെന്നിരിക്കെ, 90 റൺസെടുത്ത് മടങ്ങുന്നതിനേക്കാൾ എന്ത് തൃപ്തിയാണ് സെഞ്ചറിയടിച്ചപ്പോൾ കിട്ടുന്നതെന്നായിരുന്നു സ്റ്റോക്സിന്റെ ചോദ്യം. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ താരങ്ങളെ ന്യായീകരിച്ച് ഗംഭീർ രംഗത്തെത്തിയത്.
English Summary:








English (US) ·