ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ് സർക്കാർ. പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ നിന്ന് ശരിയായ രീതിയിൽ ക്ഷണം ലഭിച്ചിട്ടില്ലെന്നും ഇതാണ് ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിന് കാരണമെന്നും ബംഗ്ലാദേശ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ അതൃപ്തിയാണ് സംഭവവികാസത്തിലൂടെ പുറത്തുവരുന്നതെന്നാണ് വിലയിരുത്തൽ.
ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീറാണ് വിഷയത്തിൽ പ്രതികരിച്ചത്. ബംഗ്ലാദേശ് പ്രധാനമന്ത്രിയെ രാജ്യത്തിന്റെ രാഷ്ട്രത്തലവൻ എന്ന നിലയിലല്ല, ബിംസ്റ്റെക് ചെയർമാൻ എന്ന നിലയിലാണ് ഇന്ത്യ ക്ഷണിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എന്താണ് അടിസ്ഥാനമെന്നും ബംഗ്ലാദേശ് സർക്കാരിൽ നിന്ന് ആരെയെങ്കിലും ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടോയെന്നും കബീർ ചോദിച്ചു. പ്രധാനമന്ത്രിക്ക് ശരിയായ ക്ഷണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ടെന്ന് ആരാണ് പറഞ്ഞതെന്നും കബീർ ചോദിച്ചു.
പ്രധാനമന്ത്രിയായി ആദ്യമായി ഇന്ത്യ സന്ദർശിക്കുമ്പോൾ ബഹുരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനേക്കാൾ പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉഭയകക്ഷി സന്ദർശനത്തിനാണ് ബംഗ്ലാദേശ് മുൻഗണന നൽകുന്നതെന്നും കബീർ പറഞ്ഞു. ഇരു രാജ്യങ്ങൾക്കും സൗകര്യപ്രദമായ സമയത്ത് സന്ദർശനം നടത്തുമെന്നും അതിനായി തിടുക്കം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 1996ലെ ഗംഗാ ജലപങ്കിടൽ കരാർ സംബന്ധിച്ചും ബംഗ്ലാദേശിന്റെ നിലപാട് കബീർ ആവർത്തിച്ചു. ദേശീയ താൽപ്പര്യങ്ങളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ബംഗ്ലാദേശ് തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാര ബന്ധം ഉഭയകക്ഷി ചർച്ചകളിലൂടെ അനുകൂലമായി മുന്നോട്ടുപോകുന്നുണ്ടെന്നും കബീർ വ്യക്തമാക്കി. നയതന്ത്ര തലത്തിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും വ്യാപാര മേഖലയിൽ സഹകരണം തുടരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
1 week ago
5





English (US) ·