Published: June 04 , 2025 07:43 AM IST
1 minute Read
അഹമ്മദാബാദ്∙ ഐപിഎൽ 18–ാം സീസണിൽ നീണ്ട 18 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വിരാട് കോലിയും റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും കിരീടം ചൂടുമ്പോൾ, ശ്രദ്ധ കവർന്ന് കിരീടനേട്ടം ആഘോഷിക്കുന്ന മുൻ താരങ്ങളും. ആർസിബിയുടെ ഇതിഹാസ താരനിരയിലെ ശ്രദ്ധേയരായ വിൻഡീസ് താരം ക്രിസ് ഗെയ്‍ൽ, ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ് എന്നിവരാണ് സൂപ്പർതാരം വിരാട് കോലിക്കൊപ്പം കിരീടാഘോഷത്തിൽ പങ്കുചേർന്നത്. ആർസിബി ടീമിനൊപ്പം മൂവരും ചേർന്ന് കിരീടമുയർത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഗെയ്‌ലും ഡിവില്ലിയേഴ്സും കളി നിർത്തിയിട്ട് വർഷങ്ങളായെങ്കിലും, കാത്തുകാത്തിരുന്ന കിരീടവിജയത്തിന്റെ അത്യാഹ്ലാദത്തിൽ കോലിയും ആർസിബിയും ഇവരെയും ചേർത്തുപിടിച്ചത് ശ്രദ്ധേയമായി. ഇവർക്കൊപ്പം നിൽക്കുമ്പോൾ ഈ കിരീട വിജയം പത്തിരട്ടി സന്തോഷമാണ് നൽകുന്നതെന്ന് കോലി പിന്നീട് പറഞ്ഞു. തങ്ങൾ മൂവരും ഈ കിരീടത്തിനായി ഒരുമിച്ച് ശ്രമിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും കയ്യകലത്ത് അത് നഷ്ടമായതായി കോലി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഒടുവിൽ കിരീടം ചൂടുന്ന സന്ദർഭത്തിൽ ടീമിന്റെ ഇതാഹസങ്ങളേക്കൂടി ടീം മാനേജ്മെന്റ് ഒപ്പം കൂട്ടിയത്.
‘‘ഈ കിരീടം ഇവരുമായി പങ്കുവയ്ക്കുമ്പോൾ (ക്രിസ് ഗെയ്‌ലും ഡിവില്ലിയേഴ്സും) അത് എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട നിമിഷമാണ്. കാരണം, ഐപിഎലിൽ എന്റെ നല്ല കാലം ഇവർക്കൊപ്പമാണ് ആർസിബി ജഴ്സിയിൽ ഞാൻ ചെലവഴിച്ചത്. ഞങ്ങൾ ഒരുമിച്ച് ഈ കിരീടത്തിനായി പലവട്ടം ശ്രമിച്ചതുമാണ്. അന്നെല്ലാം കയ്യകലത്താണ് ഞങ്ങൾക്കിത് നഷ്ടമായത്’– കോലി പറഞ്ഞു.
‘‘ആ സമയത്തും ഞങ്ങൾ അസാധ്യ ടീമായിരുന്നു. വൻ വിസ്ഫോടന ശേഷിയുള്ള ബാറ്റിങ് ലൈനപ്പുണ്ടായിട്ടും ഞങ്ങൾക്ക് അന്ന് കിരീടം നേടാനായില്ല. അത് പലപ്പോഴും ഞങ്ങളെ വളരെയധികം വേദനിപ്പിച്ചിരുന്നു. കാരണം, ഞങ്ങളുടെ നല്ല കാലം ഈ ടീമിനായാണ് ഞങ്ങൾ നൽകിയത്. ഈ കിരീടം നേടാനായിരുന്നു എല്ലാ അധ്വാനവും. എന്നിട്ടും അതു ഞങ്ങളെ അകന്നുപോയി’– കോലി പറഞ്ഞു.
‘‘ഈ കിരീടം എക്കാലവും ഞങ്ങളുടെ മോഹമായിരുന്നു. ഈ നിമിഷത്തിനായാണ് ഞങ്ങൾ കാത്തിരുന്നത്. ഇവർ രണ്ടുപേരും എനിക്കൊപ്പം ഈ കിരീടവുമായി ഇടത്തും വലത്തും നിൽക്കുമ്പോൾ, കിരീടനേട്ടത്തിന് പത്തിരട്ടി സന്തോഷമാണ്’ – കോലി പറഞ്ഞു.
‘‘ഈ കിരീടം എന്റേതുപോലെ തന്നെ അവരുടേതു കൂടിയാണ്. അത്രയ്ക്ക് ബന്ധമാണ് ഞങ്ങൾക്ക് ബെംഗളൂരുവുമായി. അതുകൊണ്ട് ഇത് എന്റെ മാത്രം നേട്ടമല്ല. അവർ ബെംഗളൂരുവിലേക്കു വരുമ്പോൾ ആളുകളുടെ സ്നേഹം ഒന്നു കാണേണ്ടതാണ്. ഇവിടെ കളിച്ചിരുന്ന അവസാന നിമിഷം വരെ സ്വന്തം വിയർപ്പ് ചോരയാക്കി ഇവർ അധ്വാനിച്ചത് ഈ കിരീടത്തിനാണെന്ന് എല്ലാവർക്കും നല്ല ബോധ്യമുണ്ട്. അതു തന്നെയാണ് ഇവർ രണ്ടു പേരുടെയും പ്രധാന ഗുണവും’ – കോലി പറഞ്ഞു.
English Summary:








English (US) ·