'ഞങ്ങൾ മനുഷ്യക്കുഞ്ഞുങ്ങളെ നോക്കി ആ ബഹദൂർ ആരാധകൻ ആ പാട്ട് പിന്നെയും പാടിക്കൊണ്ടിരുന്നു'

8 months ago 7

ലയാള സിനിമയിലെ ബ്ലാക്ക് ആൻ്റ് വൈറ്റ് കാലഘട്ടം സാധ്യമാക്കിയ മൂല്യവത്തായ ചില പേരുകാരിൽ ബഹദൂറുമുണ്ട്. 'ബഹുദൂരം നടന്നു പോയ ആളായത് കൊണ്ടാ' ആ നടന് അങ്ങനെയൊരു പേര് കിട്ടിയത് എന്ന് ഞങ്ങൾ കുട്ടികളെ പറഞ്ഞു പറ്റിച്ച ഒരാളുണ്ടായിരുന്നു. മാടായിയിൽ മമ്മുഞ്ഞിക്കാൻ്റെ ചായപ്പീടികയിൽ ആ മനുഷ്യൻ വല്ലപ്പോഴും വരും. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകുന്ന ഒരാൾ. ഒരിക്കൽ അയാൾ വരുമ്പോൾ, കൈയിലെ ചെറിയ തുണി സഞ്ചിയിൽ കുറച്ച് പേരക്കകൾ ഉണ്ടായിരുന്നു.

' പേരക്ക വേണോ?'അയാൾ ചോദിച്ചു. പരിചയമില്ലാത്തവർ എന്തു തന്നാലും വാങ്ങിത്തിന്നരുത് എന്ന് കേട്ടിട്ടില്ലാത്ത കാലമായത് കൊണ്ട്, തട്ടിക്കൊണ്ടു പോകൽ ഭയമില്ലാത്ത ബാല്യത്തിൻ്റെ രസപ്പിരാന്തിൽ ആ പേരക്ക വാങ്ങി.

' ഇത് ഏട്ത്ത പേരക്കയാണ് എന്നറിയാമോ?'
അയാൾ ചോദിച്ചു.

ശരിക്കുമത് അറിയില്ലായിരുന്നു.

'പേരാറ്റിൻ കരയിലെ പേരക്ക '.
പിന്നെ അയാൾ ഒരു സിനിമാപ്പാട്ട് പാടി .

"പേരാറ്റിൻ കരയിൽ
വെച്ച്
പേരെന്തെന്ന് ചോദിച്ചപ്പോൾ
പേരക്ക , പേരക്ക
എന്ന് പറഞ്ഞോളെ...
വേലിക്കരികിൽ നിന്ന്
മൈലാഞ്ചി കൈ കൊണ്ട്
വായക്ക വായക്ക
വറുത്ത് തന്നോളെ.."

ആ പാട്ട് പാടി അയാൾ പറഞ്ഞു: ബഹദൂർക്ക !

'കുപ്പിവള ' എന്ന സിനിമയിലെ ആ ഗാനരംഗം വർഷങ്ങൾ കഴിഞ്ഞു 'യൂട്യൂബി 'ൽ കണ്ടപ്പോൾ ആ പാട്ടും പാട്ടിനൊത്തവണ്ണം , തോളിലൊരു തോർത്തുമുണ്ടും താളത്തിൽ ചുഴറ്റി ആടിപ്പാടി രസികൻ സന്തോഷം അനുഭവിക്കുന്ന ബഹദൂറിനെയും കണ്ടു. ഇന്നും ആ പാട്ടിൻ്റെയോ അതിലേക്ക് സന്നിഹിതരാവുന്ന സുകുമാരിയുടെയോ ബഹദൂറിൻ്റെയോ ആ ചലനങ്ങൾക്ക് കാഴ്ചയുടെ വൈരസ്യമില്ല. അത്രയും അനായാസമായിട്ടാണ് ആ ചുവടുവെപ്പുകളും മുഖത്തെ ഭാവങ്ങളും. കാലം എത്രയോ കടന്നു പോയി. എങ്കിലും, പേരാറ്റിൻകരയിൽ വെച്ച് പേര് ചോദിച്ച ആ പാട്ടിൽ നിത്യനായി ആ നടനുണ്ട്. ലോഹിതദാസിൻ്റെ 'ജോക്കർ, എന്ന സിനിമയിൽ, സിംഹത്തിൻ്റെ കൂട്ടിൽ കയറി ദാരുണമായി മരിക്കുന്ന ഒരു കോമാളിയുടെ രംഗമാണ് ബഹദൂർ അവസാനമായി അഭിനയിച്ചത് എന്നാണ് ഓർമ.

അത്, ചിരിയിൽ നിന്ന് കടന്നുവന്ന് പല പല കഥാകാലങ്ങളിലൂടെ കടന്നുപോയ ബഹദൂർ കാലത്തിനു മുന്നിൽ അവതരിപ്പിച്ച സങ്കടഹരജി പോലെയുള്ള രംഗമായിരുന്നു. കൂട്ടിലകപ്പെട്ട ചിരി. ചിരിക്കുക എന്ന സ്വാതന്ത്ര്യത്തിലേക്ക് പ്രേക്ഷകരെ ഉണർത്തി വിട്ട നടനായിരുന്നു ബഹദൂർ . സമകാലികരിൽ നിന്ന് ചിരിയുടെ സ്വാഭാവികമായ ഒരു തന്മയത്വം ആ നടനിലുണ്ടായിരുന്നു. ഗോഷ്ടികൾ കുറഞ്ഞ അഭിനയം.

'മാമുക്കോയ' യോടും സത്യൻ അന്തിക്കാടിനോടും സംസാരിക്കുമ്പോൾ ഏറെ അന്തസ്സുള്ള ഒരു മനുഷ്യൻ എന്ന നിലയിൽ ബഹദൂർ ഓർമകൾ പലപ്പോഴായി കടന്നുവന്നു. ജീവിതത്തിൻ്റെ മൂല്യങ്ങളിൽ വിശ്വസിക്കുകയും അന്യോന്യം പ്രചോദിപ്പിക്കുകയും ചെയ്ത ഒരാൾ.

ഇപ്പോൾ ബഹദൂറിനെ ഓർമിക്കുന്നത്, ചായക്കടയിൽ വന്നിരിക്കുമായിരുന്ന ആ ബഹദൂർ ഫാനിൻ്റെ മുഖം മനസ്സിൽ ചിത്രീകരിക്കാത്ത ഏതോ സിനിമയിലെ കഥാപാത്രത്തിൻ്റെ മുഖം പോലെ മനസ്സിൽ പതിഞ്ഞതു കൊണ്ട് മാത്രമല്ല, നമ്പൂതിരി വരച്ച ഒരു ബഹദൂർ സ്കെച്ച് കണ്ടത് കൂടിയാണ്. ബ്ലാക്ക് ആൻ്റ് വൈറ്റ് കാലത്ത് ബഹുദൂരം നടന്നു പോയ ആ പ്രേക്ഷകൻ്റെ മനസ്സ് കൂടിയാണ് നമ്പൂതിരി വരച്ചത്... ചിരിക്കും വിഷാദത്തിനുമിടയിലെ ബ്ലാക്ക് ആൻ്റ് വൈറ്റ് ഛായാ പടം.

ഞങ്ങളുടെ നാട്ടിലേക്ക് എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോകുന്ന ആ മനുഷ്യനാണ്, ഒരു സിനിമാ താരത്തിന് കിട്ടാവുന്ന ഏറ്റവും വിനീതനായ ആരാധകൻ. 'ഫാൻസ് ' എന്നറിയപ്പെടുന്ന കടന്നൽക്കൂട്ടങ്ങൾക്കിടയിൽ നിന്ന് വ്യത്യസ്തമായ സിനിമാ ധാരണകളോടെ ആ മനുഷ്യൻ ജീവിച്ചു. വർഷകാലത്ത് , താറാവിൻ കൂട്ടങ്ങളുമായി അദ്ദേഹം വന്നു. എണ്ണമറ്റ താറാവിൻ കുഞ്ഞുങ്ങൾ ആ മനുഷ്യൻ തെളിച്ച വഴിയേ, മാടായി വയലിലൂടെ നടന്നു. വയൽക്കരയിൽ, ചുറ്റും കെട്ടപ്പെട്ട നേർത്ത ചതുരക്കള്ളികൾ കൊണ്ടുള്ള വലയതിരുകൾക്കുള്ളിൽ താറാവുകൾ വിശ്രമിച്ചു. ആ താറാക്കുഞ്ഞുങ്ങളെ കാണാൻ പോകുന്ന, ഞങ്ങൾ, മനുഷ്യക്കുഞ്ഞുങ്ങളെ നോക്കി, ആ ബഹദൂർ ആരാധകൻ, ആ പാട്ട് പിന്നെയും പാടിക്കൊണ്ടിരുന്നു. അയാൾക്കറിയാവുന്ന ഒരേയൊരു പാട്ട് അതാണെന്ന മട്ടിൽ....

സത്യൻ അന്തിക്കാടിൻ്റെ ആദ്യ ചിത്രമായ 'കുറുക്കൻ്റെ കല്യാണ' ത്തിലെ മരക്കടക്കടക്കാരൻ ഹാജിയാര്, ബഹദൂറിലെ നടൻ്റെ ഉള്ളൊച്ച ശരിക്കും പ്രതിഫിലിപ്പിക്കുന്ന കഥാപാത്രമാണ്. 1970, 1972 വർഷങ്ങളിൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും 1973-ലും 1976-ലും മികച്ച സഹനടനുള്ള അവാർഡുകൾ ലഭിച്ചു. എന്നാൽ, സിനിമയിൽ നിന്ന് നേടിയതൊക്കെ സിനിമയ്ക്കു വേണ്ടി തന്നെ നഷ്ടപ്പെടുത്തിയ ഒരാൾ കൂടിയാണ് ബഹദൂർ എന്ന് മാമുക്കോയ പറഞ്ഞിരുന്നു. ബഹദൂറിനെ അടുത്തറിഞ്ഞ പലരും ഈ അഭിപ്രായം പങ്കുവെച്ചിരുന്നു. തിരുവനന്തപുരത്ത് സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങിയപ്പോൾ, സിനിമയിലെ ബ്ലാക്ക് ആൻ്റ് വൈറ്റ് കാലം അവസാനിക്കുകയും സിനിമകൾ 'കളറാത്മക 'മാവുകയും ചെയ്തു. സാമ്പത്തികമായി വലിയ നഷ്ടത്തിൽ കലാശിച്ചു ആ സംരംഭം.

മാമുക്കോയ ഒരു കാർയാത്രയ്ക്കിടയിൽ പറഞ്ഞത് ഓർമിക്കുന്നു: "കലാകാരന്മാർ സർഗാത്മകമായി മാത്രമല്ല, സാമ്പത്തികമായി കൂടി വിജയിക്കണം. പക്ഷെ, ഉദാരമനസ്സുള്ളവർ അതിലെപ്പോഴും പാളിപ്പോവും. "

ബഹദൂറിനെ ഈ കാലത്തെ തലമുറക്ക് ഓർമിക്കുന്നതിന് കുറേ കാരണങ്ങൾ ഒന്നുമില്ലായിരിക്കാം. മറ്റൊരു കാലത്തെ ചിരിയുടെയും അഭിരുചിയുടെയും നടന്മാരാണ് ബഹദൂറും അടൂർ ഭാസിയുമൊക്കെ. എന്നാൽ, അവരും ആരാധകരുടേതായ ഒരു ഗ്രാമകാലത്തിലൂടെ കടന്നു പോയിരുന്നു. വേലിക്കരികിൽ നിന്ന് അവർ, പ്രണയിനികളോട് പറഞ്ഞ തമാശകളിൽ, പാട്ടുകളിൽ, ബഹദൂർ രംഗങ്ങളും വന്നിരുന്നിരിക്കണം.

കെ.എച്ച്. ഹുസൈൻ ആണ് സവിശേഷമായ നമ്പൂതിരി വർഷങ്ങൾക്കു മുമ്പ് വരച്ച സോവനീർ കവർ ശ്രദ്ധയിൽപെടുത്തിയത്. മെയ് 22 ന് ബഹദൂർ ഓർമയ്ക്ക് ഇരുപത്തിയഞ്ചാണ്ടുകൾ തികയുന്ന ദിവസം, അതേ കവറിൽ ഒരു സോവനീർ കൂടി പുറത്തിറങ്ങുകയാണ്. മറ്റൊരു പ്രത്യേകത, ബഹദൂർ എന്ന പേരിൽ ഒരു ഫോണ്ട് കൂടി രൂപപ്പെടുത്തി കെ.എച്ച്. ഹുസൈൻ. ഒരു നടൻ അങ്ങനെ വരയിലും മലയാള ലിപിയിലും അടയാളപ്പെടുന്നു.

Content Highlights: A tribute to Bahadur, the legendary Malayalam comedian, his unsocial style

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article