ഞങ്ങൾ മികച്ച സൗഹൃദത്തിലാണ്; കിം ജോങ് ഉന്നുമായുള്ള ചിത്രം വീണ്ടും പങ്കുവെച്ച് ട്രംപ്

1 month ago 5

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി തനിക്ക് ഇപ്പോഴും മികച്ച ബന്ധമാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2019-ൽ കൊറിയൻ അതിർത്തി ഗ്രാമമായ പാൻമുൻജോമിൽ കിമ്മുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് പ്രതികരണം.

“ഈ ചിത്രത്തിൽ ഞങ്ങൾ പുഞ്ചിരിക്കുന്നില്ലെങ്കിലും, കിം ജോങ് ഉന്നും ഞാനും വളരെ നന്നായി ഒത്തുചേരുന്നവരാണ്,” എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. കിമ്മുമായി മുൻവ്യവസ്ഥകളില്ലാതെ ചർച്ചയ്ക്ക് തയാറാണെന്ന് വൈറ്റ് ഹൗസ് ആവർത്തിച്ച് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നത്.

ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് 2018-ൽ സിംഗപ്പൂരിലും 2019-ൽ ഹനോയിയിലും പാൻമുൻജോമിലുമായി കിം ജോങ് ഉന്നിനെ മൂന്ന് തവണ നേരിൽ കണ്ടിരുന്നു. പാൻമുൻജോം സന്ദർശനത്തിനിടെ ഉത്തരകൊറിയൻ മണ്ണിൽ കാലുകുത്തിയ ആദ്യത്തെ യുഎസ് പ്രസിഡന്റായി ട്രംപ് ചരിത്രവും സൃഷ്ടിച്ചിരുന്നു.

അതേസമയം, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് ശേഷം പുതിയ സാഹചര്യങ്ങൾ രൂപപ്പെട്ടാൽ ട്രംപും കിമ്മും തമ്മിൽ വീണ്ടും ഉച്ചകോടി നടക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Read Entire Article