ഞങ്ങൾക്ക് അങ്ങേയ്ക്കരികിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല, ഈ സിനിമ നിങ്ങൾ കാണണം; വേടനോട് അഭ്യർത്ഥന

7 months ago 7

Vedan and Moonwalk

റാപ്പർ വേടൻ, മൂൺവാക്ക് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: ശ്രീജിത്ത് പി. രാജ്, Facebook

നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടിക്കൊണ്ട് 'മൂൺവാക്ക്' തിയേറ്ററിൽ വിജയകരമായി മുന്നേറുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിൻ സ്റ്റീഫനും പ്രേക്ഷകരിലേക്കെത്തിച്ച മൂൺവാക്ക് നൂറിൽപ്പരം നവാഗതരായ താരങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ച ചിത്രം കൂടിയാണ്. ഇപ്പോഴിതാ റാപ്പർ വേടനോട് മൂൺവാക്കിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ സുനിൽ ഒരു അഭ്യർത്ഥനയുമായി രം​ഗത്തെത്തിയിരിക്കുകയാണ്. വേടന് സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ ജീവിതവുമായി സാമ്യമുണ്ട് എന്നാണ് പ്രേക്ഷകര്‍ പറയുന്നതെന്നും അതുകൊണ്ട് വേടന്‍ സിനിമ കാണണമെന്നും ഇഷ്ടമായാല്‍ മാത്രം അഭിപ്രായം പറയണം എന്നുമാണ് സുനില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുനിലിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് ഇങ്ങനെ:

പ്രിയപ്പെട്ട വേടൻ, അങ്ങേക്ക് സാമൂഹ്യമാധ്യമങ്ങളിൽ (ഫേസ്ബുക്ക്) അക്കൗണ്ട് ഉണ്ടോ എന്ന് എനിക്കറിയില്ലാ. ഞാൻ എന്നെ പരിചയപ്പെടുത്താം, ഇപ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ‘മൂൺ വാക്ക്’ എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരിൽ ഒരാളാണു ഞാൻ. 1980-90കളിൽ കേരളക്കരയാകെ പടർന്ന് പിടിച്ച ബ്രേക്ക് ഡാൻസ് തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ പറയപ്പെടുന്ന കഥയാണു മൂൺ വാക്ക്.

ചിത്രത്തിൻ്റെ പ്രീമിയർ ഷോ മുതൽ ഞങ്ങളോട് സംവേദിച്ച കാണികൾ (അവരിൽ പ്രശസ്തരും, (അ) പ്രശസ്തരും, കലാകാരന്മാരും നിരൂപകരും ഉൾപ്പെടും) എടുത്ത് പറഞ്ഞ കാര്യം ഇതിലെ പ്രധാന കഥാപാത്രമായ സുരയുടെ ജീവിതവും അങ്ങയുടേതും തമ്മിലുളള സാദൃശ്യമാണ്. ഈ ചിത്രത്തിൻ്റെ കഥാരൂപീകരണവും ചിത്രീകരണവും 2019ൽ പൂർത്തിയതാണെന്ന വസ്തുത ഞാൻ കുറിയ്ക്കുന്നു. പിന്നെയും ഞങ്ങളുടെ സുരയും അങ്ങയുടെ ജീവിതവും തമ്മിൽ സാദൃശ്യമെങ്ങനെ എന്ന് ചോദിച്ചാൽ, അത് അരികുവത്ക്കരിക്കപ്പെട്ടവൻ്റെയും അവഗണിക്കപ്പെടുന്നവൻ്റെയും പോരിൻ്റെ കഥകൾ എന്നും എവിടെയുമൊന്ന് തന്നെ എന്നതാണു മറുപടി.

ഞങ്ങളുടെ ചിത്രം കണ്ട് ഇഷ്ടപ്പെട്ടവരിൽ ചിലർ എന്തുകൊണ്ട് ഇത് അങ്ങയെ കാണിക്കുന്നില്ലാ എന്ന സംശയം പ്രകടിപ്പിച്ചതു മുതൽക്കാണ് എന്നിലും അങ്ങനെ ഒരു അത്യാഗ്രഹം ജനിച്ചത്. പറഞ്ഞത് സത്യമുളള ഒന്നാണെന്ന ഉറച്ച ബോധ്യം ആ വഴിക്കൊരു ശ്രമം നടത്താൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ കഴിയാവുന്ന വിധമെല്ലാം അതിനായി ഞാൻ പരിശ്രമിച്ചു. പക്ഷേ കലയുടെ ലോകത്ത് തീർത്തും അപ്രസക്തരും ദുർബ്ബലരുമായ ഞങ്ങൾക്ക് അങ്ങേയ്ക്കരികിലേക്ക് എത്തിപ്പെടാൻ പോലും കഴിഞ്ഞില്ലാ. പലരിൽ നിന്നും ലഭിച്ച ഒന്ന് രണ്ട് നമ്പറുകളിലെക്ക് പലകുറി വിളിച്ചെങ്കിലും ഒന്നിനും മറുപടി ലഭിച്ചില്ലാ. ഒടുവിലാണു സാമൂഹ്യമാധ്യമമെന്ന തുറന്ന ലോകത്ത് വന്ന് ഒന്ന് അലറി പറഞ്ഞ് നോക്കാം എന്ന് ഞാൻ വ്യക്തിപരമായി തിരുമാനിച്ചത്.

പ്രിയ വേടൻ, അങ്ങ് ഈ സിനിമ ഒന്ന് കാണാനും, അത് അങ്ങേക്ക് “ഇഷ്ടമാകുന്നു എങ്കിൽ” മാത്രം ഒരു വാക്ക് പറയണമെന്നും ആഗ്രഹിക്കുന്നു. ഒരു കലാകാരനെ ഈ വിധം സമർദ്ദത്തിലാക്കുന്നതിലെ അനൗചിത്യം ഇതെഴുതുമ്പോഴും എന്നെ അലട്ടുന്നുണ്ട്. പക്ഷേ അപ്പോഴും ഈ എഴുത്തിനുപിന്നിലെ വികാരം താങ്കൾക്ക് മനസ്സിലാവും എന്ന വിശ്വാസം എന്നിൽ ദൃഢപ്പെടുന്നുമുണ്ട്. സിനിമയാണു മാധ്യമം. വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമുളള തിയേറ്റർ ലൈഫിൽ രണ്ടാമതൊരു അവസരം ഈ സിനിമക്കില്ലാ എന്ന് ഏവർക്കുമറിയാമല്ലോ. നാളെ ഈ സിനിമ ചരിത്രമായ ശേഷം ഇങ്ങനെ ഒന്ന് ഞാൻ അറിഞ്ഞില്ലല്ലോ എന്ന് താങ്കൾക്കും തോന്നരുതെന്ന വിചാരവും ഈ എഴുത്തിനു പിന്നിലുണ്ട്.

അതിനാൽ താങ്കൾക്ക് സാധിക്കുമെങ്കിൽ ഈ ചിത്രമൊന്ന് കാണാൻ സന്മനസ്സ് ഉണ്ടാകണം. ഇത് ഇല്ലായ്മകളെയും തള്ളിപറയലുകളെയും പൊരുതി തോല്പിച്ച ഞങ്ങളുടെ സുരയുടെ കഥയാണ്. കേരളമെമ്പാടും ഇതുപോലെ ആയിരകണക്കിനു സുരമാർ സമൂഹത്തിൻ്റെ അടിത്തട്ടിൽ നിന്ന് ഉയർന്ന് വന്ന് വേദികളിൽ ചുവടുവെച്ചിരുന്നു എന്ന് ഇന്ന് ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതിനാൽ ഇത് കാണേണ്ടത് അങ്ങ് തന്നെയെന്ന് ഞാൻ വിശ്വസിക്കുന്നു.

താരനിബിഡമല്ലാത്ത, ഒരുപറ്റം പുത്തൻകൂറ്റുകാരുടെ ഈ ഉദ്യമത്തിനു കേരളത്തിലെ യുവതയിലേക്കും മറ്റും എത്തിച്ചേരാനുളള പരിമിതി ഞങ്ങൾ നേരിടുകയാണ്. ആയതിനാൽതന്നെ കണ്ടവർ കണ്ടവർ ആവേശപൂർവ്വം പ്രശംസിക്കുന്ന ഞങ്ങളുടെ ഈ കൊച്ചുസിനിമ പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുകയാണ്. ഞങ്ങൾക്ക് മുന്നിൽ ഇനി ദിവസങ്ങൾ മാത്രമേയുളളൂ അങ്ങയുടെ ഒരു നല്ല വാക്കിനു ഒരു പക്ഷേ ഒരു പാട് പേരിലേക്ക് ഇങ്ങനെയൊരു സിനിമയെ കുറിച്ചുളള സന്ദേശം എത്തിക്കാൻ ഉപകരിക്കും. സാധിക്കുമെങ്കിൽ അത് ഒരു കൈ സഹായമാകും. അവഗണിക്കപ്പെടുന്നതിലും വലിയ വേദന ജീവിതത്തിൽ മറ്റൊന്നില്ലാ എന്ന് താങ്കളോട് ഞാൻ പറയുന്നത് അനുചിതമാകും. ഈ എഴുത്തിൽ യാതൊരുവിധ സമ്മർദ്ദവും ഉള്ളടങ്ങുന്നില്ലാ. അങ്ങിലേക്ക് ഈ സന്ദേശം എത്തണമെന്ന അതിമോഹം മാത്രമേ ഉള്ളു.

ഈ എഴുത്ത് തികച്ചും വ്യക്തിപരമാണ്. സിനിമയുടെ നിർമ്മാതാക്കൾക്കോ മറ്റ് അണിയറ പ്രവർത്തക്കോ ഇതിനെക്കുറിച്ച് അറിവില്ലാ. അതിനാൽതന്നെ ഇതിനെ ഏതൊരാൾക്കും അവഗണിക്കുകയും ആകാം. ഞങ്ങളുടെ സുരയെ കേരള ജനത മുഴുവനും ഏറ്റെടുക്കുന്ന ഒരു ദിനം സ്വപ്നം കണ്ട അനേകരിൽ ഒരാൾ മാത്രമാണു ഞാൻ....

മൂൺവാക്കിൽ ഗംഭീര പ്രകടനം നൽകിയ സുരയുടെ ടീസറും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. എ കെ വിനോദ് സംവിധാനം ചെയ്ത മൂൺവാക്ക് മാജിക് ഫ്രയിംസ്, ആമേൻ മൂവി മൊണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേർന്നാണ് നിർമ്മാണം നിർവഹിക്കുന്നത്.

Content Highlights: Moonwalk, Malayalam film, faces challenges. Its writer urges rapper Vedan to ticker it

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article