
നീരജ് ചോപ്ര, അർഷാദ് നദീം | Photo: AP
ന്യൂഡല്‍ഹി: താനും പാകിസ്താന്റെ ഒളിമ്പിക് ചാമ്പ്യനുമായ അര്‍ഷാദ് നദീമും ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ലെന്ന് ഇന്ത്യയുടെ നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗിനു മുന്നോടിയായി മാധ്യമങ്ങളെ കണുമ്പോഴാണ് നീരജ്, താനും അര്‍ഷാദ് നദീമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസു തുറന്നത്. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ അടുത്തിടെയുണ്ടായ ഭീകരാക്രമണവും പിന്നീടുള്ള ഇന്ത്യയുടെ സിന്ദൂര്‍ ഓപ്പറേഷനുമൊക്കെയായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കെ അര്‍ഷാദുമായുള്ള ബന്ധം പഴയതുപോലെ തുടരാനുള്ള സാധ്യതയില്ലെന്നും നീരജ് സമ്മതിച്ചു.
''നദീമുമായി എനിക്ക് പ്രത്യേകിച്ച് ശക്തമായ ബന്ധമൊന്നുമില്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഒരിക്കലും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യം കാരണം കാര്യങ്ങള്‍ പഴയതുപോലെയാകില്ല. എന്നിരുന്നാലും, ആരെങ്കിലും എന്നോട് ബഹുമാനത്തോടെ സംസാരിച്ചാല്‍, ഞാന്‍ എപ്പോഴും അതേ രീതിയില്‍ പ്രതികരിക്കും. അത്ലറ്റുകള്‍ എന്ന നിലയില്‍, ഞങ്ങള്‍ ഇടപഴകുന്നു.'' - നീരജ് വ്യക്തമാക്കി.
2018 ഏഷ്യന്‍ ഗെയിംസിലാണ് ഇരുവരും ആദ്യമായിമത്സരിക്കുന്നത്. പിന്നീട് ലോകത്തെ വിവിധ വേദികളില്‍ ഇരുവരും മത്സരിച്ചു. പാരീസ് ഒളിമ്പിക്‌സില്‍ അര്‍ഷാദ് 92.97 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയപ്പോള്‍ നീരജിന്റെ നേട്ടം വെള്ളിയില്‍ ഒതുങ്ങിയിരുന്നു. ഒളിമ്പിക്‌സില്‍ പാകിസ്താന്റെ ആദ്യ വ്യക്തിഗത സ്വര്‍ണം നേടിയ അര്‍ഷാദിനെ, നീരജിന്റെ അമ്മ അഭിനന്ദിച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു.
അതേസമയം മേയ് 24-ന് ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ മത്സരത്തിലേക്ക് അര്‍ഷാദ് നദീമിനെ ക്ഷണിച്ചതിനെ തുടര്‍ന്ന് നീരജ് ചോപ്രയ്ക്കും കുടുംബത്തിനുമെതിരേ കടുത്ത സൈബര്‍ ആക്രമണമുണ്ടായിരുന്നു. ക്ഷണം നദീം നിരസിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ തനിക്കെതിരേ നടന്ന സൈബര്‍ ആക്രമണത്തിനെതിരേ നീരജ് ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
Content Highlights: Neeraj Chopra clarifies his narration with Pakistan`s Arshad Nadeem








English (US) ·