Published: September 04, 2025 09:48 PM IST
1 minute Read
ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങളിൽ പഴയ പോസ്റ്റുകൾ പലപ്പോഴും പ്രചരിക്കാറുണ്ട്, അതു വൈറലാകുകയും ചെയ്യാറുണ്ട്. അത്തരമൊരു പോസ്റ്റാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ച വിഷയവും വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരിക്കുന്നത്. അഞ്ച് വർഷം മുൻപുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യൻ ടീമിൽനിന്നു പുറത്തായതിനെക്കുറിച്ച് ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ സംസാരിക്കുന്നതാണ് വിഡിയോയിലുള്ളത്. 2012ലാണ് പഠാൻ അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്. അവസാന ഏകദിനത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചെങ്കിലും തന്റെ ബോളിങ്ങിൽ ക്യാപ്റ്റൻ എം.എസ്.ധോണിക്ക് മതിപ്പില്ലെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതിനു പിന്നാലെ ഇതു സംബന്ധിച്ച് ധോണിയോട് സംസാരിച്ചതായി വിഡിയോയിൽ ഇർഫാൻ പഠാൻ പറയുന്നുണ്ട്.
‘‘അതെ, ഞാൻ അദ്ദേഹത്തോട് ചോദിച്ചു. 2008ലെ ഓസ്ട്രേലിയൻ പരമ്പരയിൽ ഇർഫാൻ നന്നായി പന്തെറിയുന്നില്ലെന്ന് മഹി ഭായി നടത്തിയ പ്രസ്താവന മാധ്യമങ്ങളിൽ വന്നു. പരമ്പരയിലുടനീളം ഞാൻ നന്നായി ബോൾ ചെയ്തെന്നായിരുന്നു എന്റെ ധാരണ, അതിനാൽ ഞാൻ മഹി ഭായിയോട് ചോദിച്ചു. ചിലപ്പോൾ മാധ്യമങ്ങളിൽ പലതും വളച്ചൊടിക്കപ്പെടും. അതിനാൽ അതിൽ വ്യക്തത വേണമെന്ന് ഞാൻ ആഗ്രഹിച്ചു. മഹി ഭായി പറഞ്ഞു. ‘ഇല്ല ഇർഫാൻ, അങ്ങനെയൊന്നുമില്ല. എല്ലാം വിചാരിച്ചപോലെ നടക്കുന്നു..’. അങ്ങനെയൊരു മറുപടി ലഭിക്കുമ്പോൾ, നമ്മൾ അതു വിശ്വസിക്കുകയും നമ്മൾക്ക് കഴിയുന്നത് ചെയ്യുകയും ചെയ്യുക. വീണ്ടും വീണ്ടും വിശദീകരണങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, അതു നമ്മുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തും.’’– പഠാൻ പറഞ്ഞു.
‘‘ആരുടെയെങ്കിലും മുറിയിൽ ഹുക്ക കൊണ്ടുപോകുന്നതോ അനാവശ്യമായി സംസാരിക്കുന്നതോ ആയ ഒരു ശീലം എനിക്കില്ല. എല്ലാവർക്കും അറിയാം. ചിലപ്പോൾ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. ഒരു ക്രിക്കറ്റ് കളിക്കാരന്റെ ജോലി മൈതാനത്ത് പ്രകടനം നടത്തുക എന്നതാണ്, അതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്..’’– ഇർഫാൻ വിഡിയോയിൽ തുടർന്നു പറഞ്ഞു. ഇതിലെ ‘ഹുക്ക’ ഭാഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വിവാദമാകുകയും ചെയ്തത്. ധോണിക്കെതിരെയാണ് പഠാൻ പരോക്ഷമായി പറഞ്ഞതെന്നായിരുന്നു വിമർശനം. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായതോടെ ഇതു സംബന്ധിച്ച ചർച്ചകളും തകർക്കുകയാണ്.
വ്യാഴാഴ്ച, എക്സിൽ മുഹമ്മദ് ഷമിയോടൊപ്പം പഠാൻ നിൽക്കുന്ന ഒരു ചിത്രത്തിനു കീഴിൽ, ഒരാൾ ചോദിച്ചത് ഇങ്ങനെ: ‘‘പഠാൻ ഭായ്, ഹുക്കയ്ക്ക് എന്ത് സംഭവിച്ചു?’’. ഇതിനു പഠാൻ രസകരമായ മറുപടിയും നൽകി: ‘‘ഞാനും എം.എസ്.ധോണിയും ഒരുമിച്ച് ഇരുന്ന് പുകവലിക്കും’’ എന്നായിരുന്നു പഠാന്റെ മറുപടി.വിഡിയോ ഇപ്പോൾ വീണ്ടും പ്രചരിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്നും ഇർഫാൻ പഠാൻ സൂചന നൽകി. അര പതിറ്റാണ്ട് പഴക്കമുള്ള വിഡിയോ ഇപ്പോൾ പുറത്തുവരുന്നത് തന്റെ പ്രസ്താവനയുടെ വളച്ചൊടിച്ചാണ്. ഇതിനു പിന്നിൽ ഫാൻ ഫൈറ്റോ അതോ പിആർ ലോബിയോ?’’– പഠാൻ എക്സിൽ കുറിച്ചു.
Half decennary aged video surfacing NOW with a twisted discourse to the Statement. Fan war? PR lobby?
— Irfan Pathan (@IrfanPathan) September 3, 2025English Summary:








English (US) ·