Published: September 19, 2025 09:01 PM IST Updated: September 19, 2025 09:14 PM IST
1 minute Read
അബുദാബി∙ ഏഷ്യാ കപ്പിൽ ഒമാനെതിരെ മത്സരത്തിന്റെ ടോസ് സമയത്ത് ‘മറവി’ ബാധിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ, ബാറ്റിങ് തിരഞ്ഞെടുത്തതിനു ശേഷം പ്ലേയിങ് ഇലവനിലെ മാറ്റങ്ങൾ പറയുമ്പോഴാണ് ഒരു താരത്തിന്റെ പേരു മറന്നത്. ടീമിൽ രണ്ടു മാറ്റമുണ്ടെന്ന് പറഞ്ഞു സൂര്യകുമാർ, ഹർഷിത് റാണ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചെന്നു പറഞ്ഞു.
എന്നാൽ ടീമിലെത്തിയ മറ്റൊരു താരത്തിന്റെ പേര് മറന്നു പോകുകയായിരുന്നു. ഏറെ നേരം ആലോചിച്ച സൂര്യകുമാർ, താനും രോഹിത് ശർമയെ പോലെ ആയെന്ന് ചിരിയോടെ പറഞ്ഞു. മുൻ ഇന്ത്യൻ ക്യാപ്റ്റനായ രോഹിത് ശർമയും മുൻപു പല തവണ ഇത്തരത്തിൽ താരങ്ങളുടെ പേര് മറന്നു പോയിരുന്നു.
അതേസമയം, ഇടംകയ്യൻ പേസർ അർഷ്‌ദീപ് സിങ്ങാണ് പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ച മറ്റൊരു താരമെന്ന് അവതാരകൻ രവി ശാസ്ത്രി പിന്നീട് സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ സംസാരിച്ച ഒമാൻ ക്യാപ്റ്റൻ ജതീന്ദർ സിങ്ങിനും ഇതേ ‘അവസ്ഥ’ വന്നു. ആദ്യം ബാറ്റു ചെയ്യണമെന്നായിരുന്നു തങ്ങൾക്കുമെന്ന് പറഞ്ഞു ജതീന്ദർ, ടീമിൽ രണ്ടു മാറ്റമുണ്ടെന്നു പറഞ്ഞു. എന്നാൽ ഒരു താരത്തിന്റെ പേര് ക്യാപ്റ്റൻ മറന്നു പോകുകയായിരുന്നു. ഇതോടെ ഇക്കാര്യത്തിൽ ഒറ്റയ്‌ക്കല്ലന്ന് രവി ശാസ്ത്രി, ജതീന്ദറിനെ ആശ്വസിപ്പിച്ചു.
അതേസമയം, ഹസ്തദാന വിവാദത്തിനു പിന്നാലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ഹസ്തദാനങ്ങൾക്കും കുറവില്ലായിരുന്നു. ടോസിനു ശേഷം പരസ്പരം അഭിവാദ്യം ചെയ്ത ഇരു ക്യാപ്റ്റന്മാരും ഹസ്തദാനവും ചെയ്തു. മാത്രമല്ല. ടോസ് പൂർത്തിയായ ശേഷം ജതീന്ദർ സിങ്, സൂര്യകുമാർ യാദവിന് ഒരു സമ്മാനപ്പെട്ടിയും നൽകി. എന്നാൽ എന്തു സമ്മാനമാണിതെന്ന കാര്യം പുറത്തുവന്നിട്ടില്ല.








English (US) ·