
സച്ചിൻ തെണ്ടുൽക്കറും വിനോദ് കാംബ്ലിയും | Photo: ANI/ PTI
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടേത്. പ്രതിഭയില്‍ സച്ചിനേക്കാള്‍ മുന്നിലെന്ന് പലരും വിലയിരുത്തിയ താരമായിരുന്നു കാംബ്ലി. പക്ഷേ ജീവിതത്തിലെ അച്ചടക്കമില്ലായ്മ താരത്തിന് വിനയായി. ക്രിക്കറ്റിന്റെ ഗ്ലാമര്‍ ലോകത്ത് മുഴുകിയ കാംബ്ലി, കുത്തഴിഞ്ഞ ജീവിതശൈലിയിലൂടെ ജീവിതവും കരിയറും ആരോഗ്യവും നശിപ്പിക്കുകയായിരുന്നു.
ഇപ്പോഴിതാ അക്കാലത്തുണ്ടായ ഒരു സംഭവം തുറന്നുപറഞ്ഞിരിക്കുകയാണ് കാംബ്ലിയുടെ സുഹൃത്ത്. യോര്‍ക്ക്‌ഷെയറിനായി കളിക്കുന്ന സമയത്ത് കാംബ്ലിയോട് പാര്‍ട്ട്-ടൈം ജോലി ചെയ്യാനാവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അത് കാംബ്ലി നിരസിച്ചെന്നും സുഹൃത്ത് സൊള്ളി ആഡംസ് പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സിനോടാണ് വെളിപ്പെടുത്തല്‍.
'ഒരു ദിവസം ഞങ്ങൾ 10 ക്രിക്കറ്റ് കളിക്കാർ ഇരിക്കുകയായിരുന്നു,. വിനോദ് കാംബ്ലിക്കും സച്ചിനും ഒഴികെ മറ്റെല്ലാവർക്കും പാർട്ട്-ടൈം ജോലികൾ ഉണ്ടായിരുന്നു. ഒരു കളിക്ക് വെറും 25 പൗണ്ട് മാത്രമല്ലേ കിട്ടുന്നുള്ളൂവെന്നും അതിനാൽ സൊള്ളിയുടെ ഏതെങ്കിലും സ്ഥലത്ത് ജോലി ചെയ്തൂടെയെന്നും മുംബൈയിൽ നിന്നുള്ള ഒരു ക്രിക്കറ്റ് താരം കാംബ്ലിയോട് ചോദിച്ചു. ഒട്ടും ആലോചിക്കാതെയായിരുന്നു കാംബ്ലിയുടെ മറുപടി. താനും സച്ചിനും ടെസ്റ്റ് ക്രിക്കറ്റ് കളിച്ച് പണമുണ്ടാക്കുമെന്നും പാർട്ട് ടൈം ജോലികൾ ചെയ്ത് ശ്രദ്ധ മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.'- സൊള്ളി പ്രതികരിച്ചു.
അത് അസാധാരണമായിരുന്നുവെന്നും ആത്മവിശ്വാസത്തോടെയായിരുന്നു കാംബ്ലിയുടെ പ്രതികരണമെന്നും സൊള്ളി കൂട്ടിച്ചേർത്തു. അയാൾ വളരെ ചെറുപ്പമായിരുന്നു. ഒരു ടെസ്റ്റ് ബാറ്ററിലേക്ക് വളരെ ദൂരെയായിരുന്നു അയാൾ. എങ്കിലും നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കരിയറിന്റെ തുടക്കത്തില്‍ സെഞ്ചുറി നേടി വരവ് അറിയിച്ച താരമാണ് കാംബ്ലി. എന്നാൽ സ്ഥിരതയില്ലാത്ത പ്രകടനങ്ങളോടെ ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്താവുകയായിരുന്നു. ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളുമാണ് കാംബ്ലി കളിച്ചത്. സ്‌കൂള്‍ ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന സമയത്ത് സച്ചിനും കാംബ്ലിയുംചേര്‍ന്ന് റെക്കോഡ് കൂട്ടുകെട്ടുകളുണ്ടാക്കിയിരുന്നു. എന്നാല്‍ അച്ചടക്കമില്ലായ്മ കാരണം കാംബ്ലിക്ക് കരിയറില്‍ സച്ചിനെപ്പോലെ നേട്ടങ്ങളുണ്ടാക്കാനായില്ല. 2004-ല്‍ കരിയര്‍ പൂര്‍ണമായും അവസാനിപ്പിക്കേണ്ടിവന്നു.
മോശം ആരോഗ്യസ്ഥിതിയും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ഏറ്റവും ഒടുവില്‍ കാംബ്ലിയെ വാര്‍ത്തകളില്‍ നിറച്ചത്. 2024 ഡിസംബര്‍ 21-ന് മൂത്രാശയ അണുബാധയും കടുത്ത വയറുവേദനയും കാരണം അദ്ദേഹത്തെ താനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി വഷളാകുന്നതിനിടയില്‍ തന്നെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹത്തെ അലട്ടിയിരുന്നു. 2023-ല്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെങ്കിലും ഭര്‍ത്താവിന്റെ നിസ്സഹായാവസ്ഥ കണ്ടപ്പോള്‍ അത് പിന്‍വലിക്കുകയായിരുന്നുവെന്ന് കാംബ്ലിയുടെ ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ് വെളിപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷമാണ്.
Content Highlights: Vinod Kambli Rejected Part Time Job Ex Teammates Revelation








English (US) ·