ഞാനൊരു മികച്ച നടനല്ല; 'മെയ്യഴകന്‍' പോലെയൊരു സിനിമ ചെയ്യാന്‍ പറ്റില്ല- സൂര്യ

8 months ago 9

06 May 2025, 10:03 AM IST

Suriya

സൂര്യ | Photo: Screen grab/ YouTube: 2D Entertainment

താന്‍ മികച്ചൊരു നടനല്ലെന്നും സഹോദരന്‍ കാര്‍ത്തിയപ്പോലെ അഭിനയം കാഴ്ചവെക്കാന്‍ കഴിയില്ലെന്നും തമിഴ് സൂപ്പര്‍താരം സൂര്യ. തീയേറ്ററില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ഏറ്റവും പുതിയ ചിത്രം 'റെട്രോ'യുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂര്യ. ചിത്രത്തിന്റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, സംഗീതസംവിധായകന്‍ സന്തോഷ് നാരായണന്‍ എന്നിവരുമൊത്തുള്ള 'റെക്ടാംഗിള്‍ ടേബില്‍ ഡിസ്‌കഷനി'ലാണ് സൂര്യ തന്നിലെ നടനെക്കുറിച്ച് മനസുതുറന്നത്.

'ഞാനൊരു മികച്ച നടനല്ല. ചിലര്‍ എന്നെ ഓവര്‍ആക്ടിങ് നടന്‍ എന്ന് വിളിക്കും. അതേ അഭിപ്രായമുള്ള ഒരുപാട് പേരുണ്ടാവാം. പക്ഷേ ബാല സാറില്‍നിന്ന് പഠിച്ച പാഠങ്ങളില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്, പക്ഷേ എല്ലായ്‌പ്പോഴും അത് സംഭവിക്കണമെന്നില്ല. ഞാന്‍ ആത്മാര്‍ഥമായാണ് പ്രയത്‌നിക്കുന്നത്. നോക്കൂ, മെയ്യഴകന്‍ പോലെ ഒരു ചിത്രമെടുത്താല്‍, എനിക്ക് കാര്‍ത്തിയാവാന്‍ പറ്റില്ല. എനിക്ക് മെയ്യഴകന്‍ ചെയ്യാന്‍ പറ്റില്ല', താരം അഭിപ്രായപ്പെട്ടു.

2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ഭാര്യ ജ്യോതികയും ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണ് മെയ്യഴകന്‍. കാര്‍ത്തിയും അരവിന്ദ് സ്വാമിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പിരീഡ് ഗ്യാങ്സ്റ്റര്‍ ഴോണറിലുള്ള കാര്‍ത്തിക് സുബ്ബരാജ്- സൂര്യ ചിത്രം 'റെട്രോ'യ്ക്ക്‌ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാലുദിവസംകൊണ്ട് ചിത്രം 41.35 കോടി കളക്ഷന്‍ നേടിയിരുന്നു. ആര്‍.ജെ. ബാലാജി സംവിധാനംചെയ്യുന്ന ചിത്രമാണ് സൂര്യയുടെ അണിയറയില്‍ ഒരുങ്ങുന്ന വരാനിരിക്കുന്ന ചിത്രം. സൂര്യ45 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ദീപാവലി റിലീസായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ത്തിയുടെ സര്‍ദാര്‍ 2 ഇതേ സമയത്ത് റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

Content Highlights: Suriya humbly admits he's not a large actor, comparing himself to his member Karthi

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article