.jpg?%24p=9c236f1&f=16x10&w=852&q=0.8)
ആമിർ ഖാനും ഫാത്തിമ സന ഷെയ്ഖും | Photo: PTI
2018-ല്‍ തിയേറ്ററിലെത്തിയ ആമിര്‍ ഖാന്‍ ചിത്രമാണ് 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍'. ബോക്‌സോഫീസില്‍ ഈ ചിത്രം വന്‍പരാജയമായി. സിനിമയില്‍ തന്റെ നായികയായി ഫാത്തിമ സന ഷെയ്ഖിനെ തിരഞ്ഞെടുത്തതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. ദീപിക പദുക്കോണ്‍, ആലിയ ഭട്ട് തുടങ്ങിയ മുന്‍നിര നായികമാരെല്ലാം ഈ പ്രൊജക്റ്റ് നിരസിച്ചുവെന്നും തുടര്‍ന്ന് നിര്‍മാതാവ് ആദിത്യ ചോപ്രയും സംവിധായകന്‍ വിജയ് കൃഷ്ണയും ഫാത്തിമ സന ഷെയ്ഖിനെ നിര്‍ദേശിക്കുകായിരുന്നുവെന്നും ആമിര്‍ ഖാന്‍ പറയുന്നു.
രണ്ട് വര്‍ഷം മുമ്പ് മാത്രം ദംഗലില്‍ താനും ഫാത്തിമ സന ഷെയ്ഖും അച്ഛനും മകളുമായി അഭിനയിച്ചത് ആദിത്യ ചോപ്രയ്ക്കും വിജയ് കൃഷ്ണയ്ക്കും ഒരു പ്രശ്‌നമായിരുന്നുവെന്നും ആമിര്‍ 'ലല്ലന്‍ടോപ്പി'ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. താന്‍ ഇതിലൊന്നും വിശ്വസിക്കുന്നില്ലെന്നും യഥാര്‍ഥ ജീവിതമല്ലെന്നും സിനിമയാണ് ചെയ്യുന്നതെന്നും ഓര്‍മ വേണമെന്നാണ് ഇരുവര്‍ക്കും മറുപടി നല്‍കിയതെന്നും ആമിര്‍ കൂട്ടിച്ചേര്‍ക്കുന്നു.
'അന്ന് ആദിക്കും വിക്ടറി (വിജയ് കൃഷ്ണ) നും ഇതൊരു വലിയ തലവേദനയായിരുന്നു. ആ സിനിമയ്ക്ക് ഒരു നായികയും സമ്മതം മൂളിയില്ല. ദീപിക, ആലിയ, ശ്രദ്ധ എല്ലാവരും വേണ്ടെന്ന് പറഞ്ഞു. 'അവസാനം, വിക്ടര്‍ ഫാത്തിമയുമായി മുന്നോട്ട് പോയി. വിക്ടറും ആദിയും പറഞ്ഞു, 'ഫാത്തിമയുടെ ടെസ്റ്റ് നല്ലതാണ്, നമുക്ക് അവളെ എടുക്കാം, പക്ഷേ നിങ്ങളോടൊപ്പം പ്രണയരംഗങ്ങള്‍ ഉണ്ടാകില്ല. കാരണം അവള്‍ ആ സിനിമയില്‍ (ദംഗല്‍) നിങ്ങളുടെ മകളാണ്. ഈ സിനിമയില്‍ അവള്‍ എങ്ങനെ നിങ്ങളുടെ കാമുകിയാകും? പ്രേക്ഷകര്‍ അത് തള്ളിക്കളയും.' ഇവരുടെ ഈ വാദം എനിക്ക് അംഗീകരിക്കാന്‍ പറ്റുമായിരുന്നില്ല. 'ഇതിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ അവളുടെ അച്ഛനുമല്ല, അവളുടെ കാമുകനുമല്ല. നമ്മള്‍ സിനിമ ചെയ്യുകയാണ് സഹോദരാ...' എന്ന് ഞാന്‍ അവര്‍ രണ്ട് പേര്‍ക്കും മറുപടി നല്‍കി.'-ആമിര്‍ പറയുന്നു.
അമിതാഭ് ബച്ചനും രാഖിയും വിവിധ സിനിമകളില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളേയും ആമിര്‍ പരാമര്‍ശിച്ചു. 'ബച്ചന്‍ രാഖിയുടെ കാമുകനായും മകനായും അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വഹീദ (റഹ്‌മാന്‍) ജിയ്‌ക്കൊപ്പവും ഇത്തരത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആദിയും വിക്ടറുമൊക്കെ പറയുന്നതുപോലെ പറഞ്ഞാല്‍ നമ്മള്‍ പ്രേക്ഷകരെ കുറച്ചുകാണുന്നതിന് തുല്ല്യമാണ്.' - ആമിര്‍ അഭിമുഖത്തില്‍ പറയുന്നു.
സിനിമ പൂര്‍ത്തിയായപ്പോള്‍ വിജയ് കൃഷ്ണയ്ക്കും ആദിത്യ ചോപ്രയ്ക്കും ഇഷ്ടപ്പെട്ടുവെന്നും എന്നാല്‍ തനിക്ക് ഒട്ടും തൃപ്തി വന്നില്ലെന്നും ആമിര്‍ കൂട്ടിച്ചേര്‍ക്കുന്നു. 'സിനിമ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എനിക്കത് മനസ്സിലായില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. ആദ്യം ഞാന്‍ തമാശ പറയുകയാണെന്ന് അവര്‍ കരുതി. ഇത് ഒരു ദിവസം പോലും ഓടില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ ഞാന്‍ അതില്‍ ഇടപെടുന്നത് അവര്‍ ഇഷ്ടപ്പെട്ടില്ല. സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും അവരാണ്. അന്തിമ തീരുമാനം അവരുടേതാണ്.'- ആമിര്‍ ഖാന്‍ പറയുന്നു.
Content Highlights: aamir khan reacts to connected surface narration with fatima sana shaikh
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·