20 June 2025, 08:15 PM IST

മമിത വിജയ്‌ക്കൊപ്പം, മമിത ബൈജു | Photo: Instagram/ Mamitha Baiju
സൂപ്പര്‍ കൂള്‍ ആയ മനുഷ്യനാണ് തമിഴ് സൂപ്പര്‍താരം വിജയ് എന്ന് നടി മമിത ബൈജു. വിജയ് നല്ല കേള്‍വിക്കാരനാണെന്നും മമിത അഭിപ്രായപ്പെട്ടു. തന്റെ കരിയറിലെ അവസാനചിത്രമെന്ന് വിജയ് വിശേഷിപ്പിക്കുന്ന 'ജനനായക'നില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മമിത.
'കൃത്യനിഷ്ടയുള്ള, വളരേ കൂള്‍ ആയ മനുഷ്യനാണ് അദ്ദേഹം. സെറ്റില്‍ എന്തുസംഭവിച്ചാലും ഭയങ്കര കൂള്‍ ആയിട്ടാണ് ആള് എടുക്കുക', മമിത പറഞ്ഞു.
'അദ്ദേഹം നല്ലൊരു കേള്‍വിക്കാരനാണ്. ഞാന്‍ എന്തെങ്കിലും വെറുതേ വായ്ത്താളം അടിച്ചുകൊണ്ടിരിക്കും. 'എന്നിട്ട്, അങ്ങനെ' എന്ന് പറഞ്ഞ് അത് അദ്ദേഹം കേട്ടുകൊണ്ടിരിക്കും. അത് കഴിഞ്ഞാണ് എനിക്ക് ബോധംവരിക, ഇങ്ങനെ ഒന്നും പറയാന്‍ പാടില്ലല്ലോ എന്ന്. പക്ഷേ അദ്ദേഹം നല്ല കേള്‍വിക്കാരനാണ്, സൂപ്പര്‍ കൂള്‍ മനുഷ്യന്‍', നടി കൂട്ടിച്ചേര്‍ത്തു.
എച്ച്. വിനോദ് സംവിധാനംചെയ്യുന്ന 'ജനനായകന്‍' അടുത്തവര്‍ഷം പൊങ്കലിനാണ് പുറത്തിറങ്ങുക. ചിത്രത്തില്‍ മമിതയ്ക്ക് പ്രധാനവേഷമുണ്ടെന്നാണ് കരുതുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട് കെ. നാരായണയാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പഴനിസ്വാമി, ലോഹിത് എന്നിവരാണ് സഹനിര്‍മാതാക്കള്‍. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം. ചിത്രത്തിന്റെ പ്രധാനപ്പെട്ട അപ്‌ഡേറ്റ് ഞായറാഴ്ച വിജയ്‌യുടെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തുവിടുമെന്ന് കെവിഎന്‍ പ്രൊഡക്ഷന്‍സ് സാമൂഹികമാധ്യമപോസ്റ്റില്‍ അറിയിച്ചു.
Content Highlights: Mamitha Baiju praises Tamil superstar Vijay`s chill demeanor and listening skills
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·