
ലിസ്റ്റിൻ സ്റ്റീഫൻ | സ്ക്രീൻഗ്രാബ്
കൊച്ചി: താനുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളോട് പ്രതികരിച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. മലയാള സിനിമയിലെ കണക്കുകൾ പുറത്തുവിടുന്നത് ലിസ്റ്റിൻ സ്റ്റീഫനാണോ എന്ന് അദ്ദേഹം ചോദിച്ചു. സാന്ദ്രാ തോമസ് ഉയർത്തിയ ആരോപണങ്ങൾക്ക് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം സോഷ്യൽ മീഡിയാ പേജിലൂടെയാണോ കണക്കുകൾ പുറത്തുവിടുന്നതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ലിസ്റ്റിൻ സ്റ്റീഫൻ എന്ന ഒറ്റവ്യക്തി മാത്രമേയുള്ളോ എന്നും അദ്ദേഹം ചോദിച്ചു. 21 പേരടങ്ങുന്ന കമ്മിറ്റിയാണ് അത്. അവിടെ എല്ലാവരും ഒരുമിച്ചാണ് തീരുമാനങ്ങളെടുക്കാറുള്ളത്. തന്റെ സിനിമയുടെ കണക്കുകൾ സഹിതമാണ് പുറത്തേക്ക് വിടുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ എന്നയാളുടെ വ്യക്തിപരമായ താത്പര്യത്തിന് സംഘടനയിൽ എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് വന്നയാളാണ് താനെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ജൂണിൽ ഇപ്പോഴത്തെ അംഗങ്ങളുടം കാലാവധി കഴിയും. താത്പര്യമുള്ളവർക്ക് മത്സരിക്കാം, ജയിക്കാം, എന്തുവേണമെങ്കിലും ചെയ്യാം. താൻ മലയാള സിനിമയെ ഒറ്റിക്കൊടുത്തെന്ന് പറഞ്ഞാൽ അതിന്റേതായ കാര്യങ്ങൾ നോക്കും. പറയുന്ന കാര്യത്തിന് ഒരു വ്യക്തത വേണ്ടേ? വാ തുറന്നാൽ എന്തും പറയാനുള്ള ലൈസൻസ് ഒരാൾക്കുണ്ടോ? താൻ ആരെയാണ് ഒറ്റിയത്? അയാളിപ്പോൾ ജയിലിലാണോ? നമുക്കൊന്നും പറയാൻപോലും പറ്റാത്ത അവസ്ഥയാണ്. സംഘടനയ്ക്കകത്ത് ഒരു പ്രശ്നം വന്നപ്പോൾ താൻ സാന്ദ്രാ തോമസിനെ പിന്തുണച്ചില്ല. അങ്ങനെ അവർ 14 പേർക്കെതിരെ കേസ് കൊടുത്തു. അങ്ങനെ എല്ലാവരും കോടതിയിൽപോയി ജാമ്യമെടുത്തു. എന്തൊക്കെയോ അവർ വിളിച്ചുപറയുകയാണെന്നും ലിസ്റ്റിൻ പറഞ്ഞു.
"നമ്മളൊക്കെ പലിശയ്ക്ക് പൈസയെടുത്തുതന്നെയാണ് സിനിമ ചെയ്യുന്നത്. എത്രരൂപ ടാക്സ് അടച്ചിട്ടുണ്ടെന്ന് പരിശോധിച്ചാൽ അറിയാമല്ലോ. എത്രയോ ആളുകൾ പ്രവർത്തിക്കുന്ന സിനിമാ വ്യവസായത്തിൽ മറയുടെ ആവശ്യമെന്താണ്? ഞാൻ ആർക്കുവേണ്ടി, എന്തിനുവേണ്ടി മലയാളസിനിമയെ ഒറ്റിക്കൊടുത്തെന്ന് സാന്ദ്ര വ്യക്തമാക്കണം. എന്താണ് അവർ ഉദ്ദേശിക്കുന്നതെന്ന് മനസിലാവുന്നില്ല. ഞാനായിട്ട് മുൻകയ്യെടുത്ത് മലയാളസിനിമയിലെ കണക്കുപുറത്തുവിടുന്നെന്നും ലോബിയുടെ ആളാണെന്നുമൊക്കെയാണ് പറയുന്നത്. എനിക്കാകെ അറിയുന്ന ലോബി എന്റെ ഫ്ളാറ്റിന്റെ താഴെയുള്ള ലോബിയാണ്. സാന്ദ്ര കാര്യങ്ങൾ വ്യക്തമായി പറയട്ടെ.
എന്റെ സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുകയാണ്. 15 വർഷമായി സിനിമയിൽ വന്നിട്ട്. ഒരു താരത്തിനെതിരെയും ഞാൻ പറഞ്ഞിട്ടില്ല. ഈ സിനിമയിലെ താരത്തിനെതിരെ പറഞ്ഞുകഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ടുവരുന്ന അടി താങ്ങാനുള്ള കരുത്ത് സ്വന്തമായി സിനിമയെടുക്കുന്ന ഒരു നിർമാതാവിനില്ല. നല്ല തിരക്കഥാകൃത്തിനേയും സംവിധായകനേയും ടീമിനേയും കണ്ടെത്തി ഇവരെയൊക്കെ താരങ്ങളാക്കാൻ നിർമാതാക്കളാണ് മുൻകയ്യെടുക്കുന്നത്. എന്റെ സോഷ്യൽ മീഡിയാ പോസ്റ്റിനുവരുന്ന കമന്റ് നോക്കിയാൽ മതി ആരുടെയൊക്കെ ഫാൻസാണ് പ്രതികരിക്കുന്നതെന്നറിയാൻ." ലിസ്റ്റിൻ പറഞ്ഞു.
പേരുപറയാതെ പ്രമുഖ നടനെതിരെ വിമര്‍ശനവുമായെത്തിയ നിര്‍മാതാക്കളുടെ സംഘടനയുടെ ട്രഷറര്‍ കൂടിയായ ലിസ്റ്റിന്‍ സ്റ്റീഫനെതിരെ നിര്‍മാതാവ് സാന്ദ്രാ തോമസ് വിമർശനമുന്നയിച്ചിരുന്നു. ലിസ്റ്റിന്റെ പ്രസ്താവന സകലനടന്മാരേയും മുള്‍മുനയിലാക്കുന്നതാണെന്ന തന്റെ മുന്‍നിലപാട് സാന്ദ്ര ആവര്‍ത്തിച്ചു. ലിസ്റ്റിന്റെ പരാമര്‍ശം സംഘടനയില്‍ ഉന്നയിക്കും. ലിസ്റ്റിനെതിരെ നടപടി സ്വീകരിക്കാന്‍ സിനിമാ സംഘടനകള്‍ക്ക് ഭയമാണെന്നും സാന്ദ്രാ തോമസ് പറഞ്ഞിരുന്നു. നടനെതിരായ പരാമര്‍ശത്തില്‍ അഭിനേതാക്കളുടെ സംഘടന എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും അവര്‍ ചോദിച്ചിരുന്നു.
Content Highlights: Listin Stephen Responds to Controversy: Malayalam Film Finance & Accusations Addressed





English (US) ·