‘​ഞാൻ ഇനി വേണ്ടെന്ന് ചിലർ തീരുമാനിച്ചിരിക്കുന്നു’: പിഎസ്ജി വിടുകയാണെന്ന് ഡൊന്നാരുമ, തീരുമാനം സൂപ്പർ കപ്പ് ടീമിനു പുറത്തായതിനു പിന്നാലെ

5 months ago 5

പാരിസ്∙ ഫ്രഞ്ച് ക്ലബ് പിഎസ്ജി വിടുകയാണെന്ന പ്രഖ്യാപനവുമായി അടുത്തിടെ വരെ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന ഇറ്റാലിയൻ സൂപ്പർ താരം ജിയാൻ ല്യൂജി ഡൊന്നാരുമ. ‘താൻ ഇനി പിഎസ്ജിയിൽ വേണ്ടെന്ന് ചിലർ തീരുമാനിച്ചിരിക്കുന്നു’ എന്ന വെളിപ്പെടുത്തലോടെയാണ് ടീം വിടുന്ന കാര്യം ഡൊന്നാരുമ പരസ്യമാക്കിയത്. ഇന്നു നടക്കുന്ന യുവേഫ സൂപ്പർ കപ്പ് ഫൈനലിനുള്ള പിഎസ്ജി സംഘത്തിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ക്ലബ് വിടുകയാണെന്ന് ഡൊന്നാരുമ പ്രഖ്യാപിച്ചത്.

ഡൊന്നാരുമക്ക് 2026 ജൂൺ വരെ പിഎസ്ജിയിൽ കരാറുണ്ടായിരുന്നു. താരത്തെ ടീമിലെത്തിക്കാനായി ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർമിലാൻ എന്നീ ക്ലബ്ബുകൾ ചർച്ച തുടങ്ങിയതായാണ് വിവരം. യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ പിഎസ്ജി ഇന്ന് ടോട്ടനം ഹോട്സ്പറിനെ നേരിടാനിരിക്കെയാണ് താരം ടീം വിടുന്നത്. യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളുമാണ് സൂപ്പർ കപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. 

‘പിഎസ്ജിയുടെ ഏറ്റവും പ്രിയപ്പെട്ട ആരാധകർക്ക്... ഞാൻ ടീമിലേക്കു വന്ന ദിവസം മുതൽ കളിക്കളത്തിലും പുറത്തും എന്നേക്കൊണ്ട് സാധ്യമാകുന്നതെല്ലാം ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ ഇനി ടീമിന്റെ ഭാഗമാകേണ്ടെന്നും വിജയത്തിൽ പങ്കാളിയാകേണ്ടെന്നും നിർഭാഗ്യവശാൽ ചിലർ തീരുമാനിച്ചിരിക്കുന്നു. ഞാൻ അങ്ങേയറ്റം നിരാശയിലാണ്’ – ഇറ്റലി ദേശീയ ടീം ക്യാപ്റ്റൻ കൂടിയായ ഡൊന്നാരുമ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. പിഎസ്ജിയുടെ ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിൽ ഉൾപ്പെടെ നിർണായക പങ്കുവഹിച്ചയാളാണ് 26കാരനായ താരം. 

അതേസമയം, ‍ഡൊന്നാരുമയെ ടീമിലെടുക്കാത്ത തീരുമാനത്തിന്റെ 100 ശതമാനം ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നുവെന്ന് പിഎസ്ജി കോച്ച് ലൂയിസ് എൻറിക്വെ വ്യക്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാളാണ് ഡൊന്നാരുമ. എന്നാൽ ചിലപ്പോൾ ഇത്തരം കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

ഫ്രഞ്ച് ക്ലബ് ലീലിന്റെ ഇരുപത്തിമൂന്നുകാരൻ ഗോളി ലൂക്കാസ് ഷെവലിയറുമായി പിഎസ്ജി കഴിഞ്ഞ ദിവസം 5 വർഷത്തെ കരാർ ഒപ്പിട്ടതോടെ ഡൊന്നാരുമ ടീം വിടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇരുപത്തിയാറുകാരനായ ഡൊന്നാരുമയ്ക്കു പകരം ഷെവലിയറിനെ പിഎസ്ജി ഒന്നാം ഗോളിയാക്കുമെന്നായിരുന്നു റിപ്പോർട്ട്. മുൻപ് സമാനമായ സാഹചര്യത്തിലാണ് ഡൊന്നാരുമയും പിഎസ്ജിയിലെത്തിയത്. 2021ൽ മികച്ച ഫോമിലായിരുന്ന ഗോളി കെയ്‌ലർ നവാസിനെ ബെഞ്ചിലിരുത്തിയായിരുന്നു ഡൊന്നാരുമയുടെ അരങ്ങേറ്റം.

പിഎസ്ജിയുമായി ഒരു വർഷത്തെ കരാർ മാത്രം ബാക്കിയുള്ള ‍‍ഡൊന്നാരുമ കരാർ പുതുക്കാൻ വിസമ്മതിച്ചതാണ് ഇത്തവണ പ്രശ്നമായത്. ഒരു സീസൺ കൂടി പൂർത്തിയാക്കി ഫ്രീഏജന്റായി ക്ലബ് വിടാൻ ഡ‍ൊന്നാരുമയെ പിഎസ്ജി അനുവദിക്കില്ലെന്ന് വ്യക്തമായിരുന്നു. കിലിയൻ എംബപെ റയൽ മഡ്രിഡിലേക്കു പോയപ്പോൾ പിഎസ്ജിക്ക് ഈ വിധത്തിൽ നഷ്ടം സംഭവിച്ചിരുന്നു. അതിനാൽ ഈ വർഷം തന്നെ പുകച്ചു ചാടിച്ച് ട്രാൻസ്ഫർ ഫീ ഇനത്തിൽ വരുമാനം നേടാനായിരുന്നു ക്ലബിന്റെ ശ്രമം.

നിലവിൽ ഡൊന്നാരുമ ഉൾപ്പെടെ 4 ഗോളികൾ പിഎസ്ജിയിലുണ്ട്. അവിടേക്കു ഷെവലിയർ കൂടി എത്തുന്നതോടെ രണ്ടു ഗോൾകീപ്പർമാരെ എങ്കിലും പിഎസ്ജിക്ക് ഉടൻ ഒഴിവാക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പിഎസ്ജിയുടെ ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിൽ നിർണായക പങ്കൂവഹിച്ച ഗോളിയാണ് ഇറ്റലിക്കാരൻ ഡൊന്നാരുമ. കഴിഞ്ഞ സീസണിൽ ലീലിനായി ഷെവലിയറും മികച്ച പ്രകടനമാണു നടത്തിയത്. 17ന് നാന്റസിനെതിരെയാണ് പിഎസ്ജിയുടെ ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരം.

English Summary:

'I americium disappointed and disheartened': Gianluigi Donnarumma pens affectional enactment up of imminent PSG exit

Read Entire Article