05 May 2025, 10:55 PM IST
.jpg?%24p=e1fda36&f=16x10&w=852&q=0.8)
Photo: PTI
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് വിരാട് കോലി. കോലി തകര്‍ത്ത റെക്കോഡുകള്‍ക്ക് സമാനതകളില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമായി പലവട്ടം താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട് ഈ 36-കാരന്‍. സച്ചിനെ മറികടന്ന് ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടുന്ന താരമായി കോലി മാറിയത് രണ്ട് വര്‍ഷം മുമ്പാണ്. സച്ചിന്റെ റെക്കോഡുകള്‍ ഇനിയും കോലി മറികടക്കുമെന്ന് കണക്കുകൂട്ടുന്നവര്‍ ഏറെയാണ്.
ഇപ്പോഴിതാ ചെറുപ്രായത്തിലെ കോലിയുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെ സംബന്ധിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിരാട് കോലിയുടെ സ്കൂൾ അധ്യാപികയായിരുന്ന വിഭ സച്ച്ദേവ്. സ്കൂൾ പ്രവർത്തനങ്ങളിലെല്ലാം വളരെ താത്പര്യത്തോടെ കോലി പങ്കെടുത്തിരുന്നതായി അധ്യാപിക പറഞ്ഞു. താൻ ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ തെണ്ടുൽക്കറാകുമെന്ന് കോലി പറയാറുണ്ടായിരുന്നതായി അവർ വെളിപ്പെടുത്തി.
'വിരാട് സ്കൂൾ പ്രവർത്തനങ്ങളിലെല്ലാം സജീവ പങ്കാളിയായിരുന്നു. അവൻ ഉത്സാഹത്തോടെയാണ് ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നത്. 'ഞാൻ ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ തെണ്ടുൽക്കറാകും' എന്നത് അവൻ സ്ഥിരം പറയുന്ന വാചകമായിരുന്നു. അവന്റെ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കണ്ട് അന്ന് ഞങ്ങൾ ചിരിച്ചിരുന്നു.'
വിരാട് എപ്പോഴും പരീക്ഷകളിൽ നല്ല മാർക്ക് നേടിയിരുന്നുവെന്നും ശരാശരിക്കും മുകളിലുള്ള പ്രകടനം കാഴ്ചവെച്ചിരുന്നതായും അവർ പറഞ്ഞു. 'പരിശീലനത്തിന്റെ ഭാഗമായി സമയം കിട്ടാതാവുമ്പോൾ മാത്രമാണ് അവന് മാർക്കുകൾ നഷ്ടപ്പെട്ടിരുന്നത്. പരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം വൈകിയാണ് പരീക്ഷയ്ക്ക് തയ്യാറെടുത്തതെന്ന് അവൻ പതിവായി പറയാറുണ്ടായിരുന്നു. സ്‌പോർട്‌സിലും പഠനത്തിലും ഒരുപോലെ മികവ് പുലർത്താൻ കഠിനാധ്വാനം ചെയ്തു. പശ്ചിം വിഹാറിലെ വിശാൽ ഭാരതി പബ്ലിക് സ്കൂളിലെ അധ്യാപകർ വിരാടിനെ മനസിലാക്കി വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. - അധ്യാപിക പറഞ്ഞു.
നിലവില്‍ ഐപിഎല്‍ കിരീടത്തിനായുള്ള പോരാട്ടത്തിലാണ് ആര്‍സിബി താരമായ കോലി. പോയന്റ് പട്ടികയില്‍ ബെംഗളൂരു ഒന്നാമതുമാണ്. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും മൂന്ന് തോല്‍വിയുമടക്കം 16 പോയന്റാണ് ആര്‍സിബിക്കുള്ളത്. 505 റണ്‍സുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ കോലി തന്നെയാണ് മുന്നില്‍.
Content Highlights: kohli sachin examination puerility teacher revealation








English (US) ·