Published: May 31 , 2025 03:32 PM IST
1 minute Read
മുല്ലന്‍പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ എലിമിനേറ്റർ പോരാട്ടത്തിനിടെ ബൗണ്ടറി ലൈനില്‍നിന്ന് നിർദേശങ്ങൾ നല്‍കുകയായിരുന്ന മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേള ജയവർധനയെ സമാധാനിപ്പിച്ചു വിട്ട് സൂപ്പർ താരം ജസ്പ്രീത് ബുമ്ര. ഗുജറാത്ത് ബാറ്റിങ്ങിനിടെ മത്സരം സ്വന്തമാക്കാൻ മുംബൈ താരങ്ങൾ പരിശ്രമിക്കുന്നതിനിടെയാണ് ബാറ്റിങ് പരിശീലകൻ കീറണ്‍ പൊള്ളാർഡും ജയവർധനെയും ബൗണ്ടറി ലൈനിനു സമീപത്ത് എത്തിയത്. ഇവരോടു സംസാരിക്കുന്നതിനിടെ ‘കുഴപ്പമില്ലെന്ന’ ഭാവത്തിൽ ജസ്പ്രീത് ബുമ്ര കൈകൾ കൊണ്ട് ആംഗ്യം കാണിക്കുകയാണ്.
ഇതോടെ ജയവർധനെയും പൊള്ളാർഡും ടീമിന്റെ ഡഗ്ഔട്ടിലേക്കു മടങ്ങിപ്പോയി. ‘എന്റെ ജോലി എനിക്ക് നന്നായി അറിയാം, ഞാൻ ഇവിടെയുണ്ട്. എനിക്ക് ഒരു അവസരം തന്ന് സമാധാനത്തോടെ ഇരിക്കൂ.’’– എന്നാണ് ബുമ്ര ഉദ്ദേശിച്ചതെന്ന് കമന്ററിക്കിടെ ജതിൻ സാപ്രു പ്രതികരിച്ചു. എന്തായാലും ബുമ്രയുടെ നിർണായക പ്രകടനത്തിലൂടെ തന്നെ കളി മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. നാലോവറുകൾ പന്തെറിഞ്ഞ ബുമ്ര 27 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് ടൈറ്റൻസിനു മികച്ച തുടക്കം ലഭിച്ചെങ്കിലും മുൻനിര വിക്കറ്റുകൾ നഷ്ടമായതോടെ ടീം പ്രതിരോധത്തിലായി. 44 പന്തിൽ 84 റൺസ് കൂട്ടിച്ചേർത്ത സായ് സുദർശൻ– വാഷിങ്ടൻ സുന്ദർ സഖ്യം മത്സരം പതിയെ ഗുജറാത്തിന്റെ നിയന്ത്രണത്തിലേക്കു കൊണ്ടുവന്നെങ്കിലും ജസ്പ്രീത് ബുമ്രയുടെ അസാധ്യ യോർക്കറിൽ വാഷിങ്ടൻ ക്ലീൻ ബോൾഡായതോടെ മത്സരത്തിൽ വീണ്ടും ട്വിസ്റ്റ് സംഭവിക്കുകയായിരുന്നു.
ബുമ്രയുടെ 14–ാം ഓവറിലെ നാലാം പന്തിലായിരുന്നു വാഷിങ്ടൻ സുന്ദർ പുറത്തായത്. അധികം വൈകാതെ സായ് സുദർശനും ഔട്ടായതോടെ ഗുജറാത്തിനു തോൽവി സമ്മതിക്കേണ്ടിവന്നു. 20 ഓവറുകൾ ബാറ്റു ചെയ്ത ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് മാത്രമാണു നേടിയത്. 20 റൺസ് വിജയത്തോടെ മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്സിനെതിരായ രണ്ടാം ക്വാളിഫയറിനു യോഗ്യത ഉറപ്പാക്കി.
English Summary:








English (US) ·