ഞാൻ ഒരു നിലപാട് പറഞ്ഞതിന്റെ പേരിൽ ഗീതു എടുക്കുന്ന സിനിമകളും അതേ രീതിയിൽ ആയിരിക്കണമെന്ന് ഞങ്ങൾ പരസ്പരം ഒരു കടിഞ്ഞാൺ ഇട്ടിട്ടില്ല: പാർവതി

2 weeks ago 5

നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് നടി പാർവതി തിരുവോത്ത്. ഡബ്ല്യുസിസിയുടെ രൂപീകരണം മുതൽ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും ഭീഷണികളെ അതിജീവിച്ചതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു താരം. ഡബ്ല്യുസിസിയുമായി മുന്നോട്ടുപോയാൽ കരിയർ അവസാനിച്ചേക്കുമെന്ന് അറിയാമായിരുന്നിട്ടും ആ തീരുമാനവുമായി മുന്നോട്ടുപോയെന്നാണ് പാർവതി പറയുന്നത്.

മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തനിക്ക് നേരെയുണ്ടായ പല ഭീഷണികളും ശൂന്യമായിരുന്നുവെന്നും ഇപ്പോൾ ഭയമില്ലെന്നും താരം പറഞ്ഞു.

“നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരെ പേടിപ്പിക്കാൻ കഴിയില്ല. എന്നെ ഭയപ്പെടുത്താൻ ശ്രമിച്ചവരോട് നന്ദിയുണ്ട്. ‘പുലി വരും, പുലി വരും’ എന്ന് പറഞ്ഞെങ്കിലും ആ പുലി വന്നില്ല. ഇപ്പോൾ എനിക്ക് ഭയമില്ല. പലതും ശൂന്യമായ ഭീഷണികളായിരുന്നു. ജോലി നഷ്ടപ്പെടുന്നതുൾപ്പെടെ പല കാര്യങ്ങളും സംഭവിക്കാമായിരുന്നു. എന്നാൽ ഡബ്ല്യുസിസി രൂപീകരിക്കുന്ന സമയത്ത് തന്നെ ഞങ്ങൾ എടുത്ത തീരുമാനം എളുപ്പമുള്ളതായിരുന്നില്ല. ആ വഴിയിലൂടെ മുന്നോട്ടുപോയാൽ കരിയർ തന്നെ അവസാനിച്ചേക്കാമെന്ന് അന്ന് നടത്തിയ ചർച്ചകളിൽ എല്ലാവർക്കും അറിയാമായിരുന്നു. അതെല്ലാം അറിഞ്ഞുകൊണ്ടാണ് ഞങ്ങൾ ആ തീരുമാനമെടുത്തത്,” പാർവതി പറഞ്ഞു.

അതേസമയം, ഗീതു മോഹൻദാസിന്റെ ടോക്സിക് സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളിലും പാർവതി തന്റെ നിലപാട് വ്യക്തമാക്കി. താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ ചിന്താഗതിയാണെന്നും, അതിന്റെ അടിസ്ഥാനത്തിൽ ഗീതു സിനിമകൾ ഒരുക്കണമെന്ന് താൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും താരം പറഞ്ഞു.

“ഞാൻ പറഞ്ഞത് എന്റെ ചിന്താഗതിയാണ്. ഗീതു അത് ഏറ്റുപറഞ്ഞിട്ടില്ല. അവർക്ക് ഇഷ്ടമുള്ള സിനിമ ചെയ്യാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട്. ഞാൻ ഒരു നിലപാട് പറഞ്ഞതിന്റെ പേരിൽ ഗീതു എടുക്കുന്ന സിനിമകളും അതേ രീതിയിൽ ആയിരിക്കണമെന്ന് ഞങ്ങൾ പരസ്പരം ഒരു കടിഞ്ഞാൺ ഇട്ടിട്ടില്ല. ആ ക്രിയേറ്റീവ് ഫ്രീഡം അവർക്ക് ഉണ്ടെന്നും അവരെ അവർക്ക് ഇഷ്ടമുള്ള സിനിമ ചെയ്യാൻ അനുവദിക്കണമെന്നുമാണ് എന്റെ നിലപാട്,” പാർവതി കൂട്ടിച്ചേർത്തു.

Read Entire Article