
ഷമി മകളെ കണ്ടപ്പോൾ, ഹസിൻ ജഹാൻ | Photo: Instagram/ Mohammed Shami, PTI
കൊല്‍ക്കത്ത: മുന്‍ ഭാര്യ ഹസിന്‍ ജഹാനും മകള്‍ ഐറയ്ക്കും ചെലവിനായി പ്രതിമാസം നാലുലക്ഷം രൂപവീതം നല്‍കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയോട് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. പ്രതിമാസം 50,000 രൂപ ജീവനാംശവും 80,000 രൂപ മകള്‍ക്കായും നല്‍കാനുത്തരവിട്ട ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരേ ഹസിന്‍ ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. ഇപ്പോഴിതാ ഉത്തരവിന് പിന്നാലെ ഷമിക്കെതിരേ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഹസിൻ ജഹാൻ. താൻ ഒരു വീട്ടമ്മയായി മാത്രം ജീവിക്കുകയാണ് ഷമിക്ക് വേണ്ടതെന്നും തന്റെ ജീവിതം നശിപ്പിക്കാനുള്ള വാശി ഷമി ഉപേക്ഷിക്കണമെന്നും ഹസിൻ ജഹാൻ പറഞ്ഞു.
വിവാഹത്തിന് മുമ്പ് ഞാൻ മോഡലിങ്ങും അഭിനയവും ചെയ്തിരുന്നു. എൻ്റെ ജോലി ഉപേക്ഷിക്കാൻ ഷമി നിർബന്ധിച്ചു. ഞാൻ ഒരു വീട്ടമ്മയായി മാത്രം ജീവിക്കുകയാണ് അയാൾക്ക് വേണ്ടത്. എനിക്ക് ഷമിയെ അത്രയധികം ഇഷ്ടമായിരുന്നതുകൊണ്ട് ഞാൻ സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്നാൽ ഇപ്പോൾ എനിക്ക് സ്വന്തമായി വരുമാനമില്ല. ഇതിന്റെ എല്ലാ ഉത്തരവാദിത്തവും ഷമിക്കാണ്. അതുകൊണ്ടാണ് ഷമി ഇത് നിഷേധിച്ചപ്പോൾ ഞങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. നമ്മുടെ രാജ്യത്ത് ആളുകളോട് അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ഉത്തരവിടുന്ന ഒരു നിയമമുണ്ടായതിൽ ദൈവത്തോട് നന്ദി പറയുന്നു. - ഹസിൻ ജഹാൻ പറഞ്ഞു.
ഒരാളുമായി ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുമ്പോൾ, അവർക്ക് മോശം സ്വഭാവമാണെന്നോ, അവർ ഒരു കുറ്റവാളിയാണെന്നോ, അല്ലെങ്കിൽ മകളുടെ ഭാവി വെച്ച് കളിക്കുമെന്നോ അവരുടെ മുഖത്ത് എഴുതി വെച്ചിട്ടുണ്ടാവില്ലല്ലോ. ഞാനും ഇതിന്റെ ഇരയായി. ഏറ്റവും വലിയ കുറ്റവാളികൾക്ക് പോലും ദൈവം മാപ്പ് നൽകുന്നു. അദ്ദേഹത്തിന് തൻ്റെ മകളുടെ സംരക്ഷണവും ഭാവിയും സന്തോഷവും കാണാൻ കഴിയുന്നില്ല. ഹസിൻ ജഹാന്റെ ജീവിതം നശിപ്പിക്കാനുള്ള വാശി ഉപേക്ഷിക്കണം. ഞാൻ നീതിയുടെ പാതയിലും അയാൾ അനീതിയുടെ പാതയിലുമാണ്. അതിനാൽ അയാൾക്ക് എന്നെ നശിപ്പിക്കാൻ കഴിയില്ല. - ഹസിൻ ജഹാൻ പറഞ്ഞു.
ഹസിന്‍ ജഹാന് മാസം ഒന്നര ലക്ഷം രൂപയും മകള്‍ ഐറയ്ക്ക് രണ്ടര ലക്ഷം രൂപയും നല്‍കണമെന്നാണ് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്. അതിനാൽ ഇരുവര്‍ക്കുമായി ഷമി മാസം 4 ലക്ഷം രൂപ നല്‍കേണ്ടിവരും. ഏഴുവര്‍ഷം മുമ്പ് ജീവനാംശമായി 7 ലക്ഷം രൂപ ആവശ്യപ്പെട്ട് ജഹാന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. മോഡലിങ് വഴി ജഹാന്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് തള്ളിയത്. എന്നാല്‍ ജഹാന്‍ നിയമപോരാട്ടം തുടരുകയായിരുന്നു.
ഷമി പ്രതിവര്‍ഷം 7.5 കോടി രൂപ സമ്പാദിക്കുന്നുണ്ടെന്നും തനിക്കും മകള്‍ക്കും ആവശ്യമായ പണം നല്‍കുന്നില്ലെന്നുമായിരുന്നു ജഹാന്റെ പരാതി. ഷമിയുടെ വരുമാനം കണക്കിലെടുത്താണ് കോടതി പ്രതിമാസം നാലുലക്ഷം നല്‍കണമെന്ന് വിധിച്ചത്.
ഹസിന്‍ ജഹാനില്‍ ഷമിക്ക് പിറന്ന മകളാണ് ഐറ. വിവാഹബന്ധം വേര്‍പെടുത്തിയതോടെ അമ്മ ഹസിന്‍ ജഹാനൊപ്പമാണ് ഐറ താമസിക്കുന്നത്. 2012-ല്‍ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഐപിഎല്‍ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഷമിയെക്കാള്‍ 10 വയസിന് മൂത്ത ഹസിന് മുന്‍വിവാഹത്തില്‍ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്.
Content Highlights: Estranged Wife Hasin Jahans allegation Mohammed Shami aft Calcutta HC Order








English (US) ·