
ഐശ്വര്യ ലക്ഷ്മി | ഫോട്ടോ: അരുൺ മാത്യു, ആരിഫ് മിൻഹാസ് | മാതൃഭൂമി
'ഞാൻ ഭയങ്കര ഇമോഷണലാണ്, അങ്ങനത്തെ സന്ദർഭങ്ങൾ വരുമ്പോഴാണ് വൈകാരികമായി പെരുമാറുന്നത്. അന്നേരം അങ്ങനെ തോന്നിയില്ലെങ്കിൽ എന്റെ മനസ് മരിച്ച് പോയെന്നല്ലേ അർഥം. എന്റെ മനസ് മരിച്ചിട്ടില്ല. അതുകൊണ്ടാണ് കുറച്ചെങ്കിലും ഭേദപ്പെട്ട് അഭിനയിക്കാൻ പറ്റുന്നത്'..പറയുകയാണ് മലയാളത്തിനേറെ പ്രിയങ്കരിയായ നടി ഐശ്വര്യ ലക്ഷ്മി. മാമൻ എന്ന തന്റെ ഏറ്റവും പുതിയ ചിത്രം പ്രേക്ഷകപ്രീതി നേടിയ സന്തോഷം മാതൃഭൂമി ഡോട് കോമിനൊപ്പം പങ്കുവയ്ക്കുകയാണ് ഐശ്വര്യ.
മാമനിൽ ഒരു ഡയലോഗുണ്ട്. എന്തു വന്നാലും ഞാൻ നിന്നെ കൈവിടില്ലെന്ന് പറയുന്നുണ്ട്. ഐശ്വര്യയുടെ ജീവിതത്തിൽ അങ്ങനെ പറഞ്ഞിട്ടുള്ളത് ആരാണ് ?
എന്റെ സുഹൃത്തുക്കൾ. എന്തു വന്നാലും ഞങ്ങൾ നിന്റെ കൂടെയുണ്ട് എന്ന് അവർ പറയാറൊന്നുമില്ല. പക്ഷേ അവരുണ്ടാവും നൂറ് ശതമാനം.
മാമനിൽ ഇതുവരെ കണ്ട ഐശ്വര്യയേ ആയിരുന്നില്ല ?
മാമനിൽ സൂരി സാറിന്റെ ഭാര്യാ വേഷമായിരുന്നു എനിക്ക്. ഈ സിനിമയുടെ സെറ്റ് ഞാനിന്നേ വരെ അഭിനയിച്ച സിനിമകൾ പോലെയേ ആയിരുന്നില്ല. കൂട്ടുകുടുംബത്തിന്റെ കഥ പറയുന്ന സിനിമയാണ് മാമൻ. സെറ്റിൽ നിന്ന് തിരിയാനുള്ള സ്ഥലം ഉണ്ടായിരുന്നില്ല എന്ന് ഞാൻ പറയുന്നത് അതിശയോക്തിയല്ല. അങ്ങനെ തന്നെയായിരുന്നു. വളരെയധികം പേഴ്സണൽ സ്പേസ് എടുക്കുന്ന ആളാണ് ഞാൻ. പെട്ടെന്ന് അങ്ങനെയൊരു സെറ്റിൽ ചെന്നപ്പോൾ ആകെ കൺഫ്യൂഷനായി പോയി. ചുറ്റും ഒരു ഇരുനൂറോളം പേരുണ്ടാകും. അതുമായി ഇഴുകിചേരണം. പിന്നെ അങ്ങനെ ജീവിക്കാനുള്ള അവസരം കിട്ടുന്നത് നല്ല കാര്യമാണ്, ഭാഗ്യമാണ്. അപ്പൂപ്പൻ, അമ്മൂമ്മ, ചിറ്റപ്പൻ, കുഞ്ഞമ്മ, കൊച്ചുമക്കൾ, നാട്ടുകാർ അങ്ങനെ അങ്ങനെ നിറയെ ബന്ധങ്ങളാണ്. പിന്നെ അച്ഛന്റെ ചെല്ലക്കുട്ടിയാണ് മാമനിലെ രേഖ. അച്ഛനെ വളരെയധികം ആശ്രയിക്കുന്ന മകൾ. വ്യക്തിജീവിതത്തിൽ ഇതിൻെ നേരെ വിപരീതമാണ് ഞാൻ. ആരെയും ആശ്രയിക്കാറില്ല. അതുകൊണ്ട് തന്നെ രേഖയെ അവതരിപ്പിക്കുമ്പോൾ ഈ സംഗതി കൊള്ളാലോ വീട്ടിൽ പോയി കുറച്ച് നാൾ വീട്ടിലുള്ളവരെ ആശ്രയിച്ച് ജീവിച്ചാലോ എന്ന് വരെ തോന്നി.
മാമന്റെ പ്രമോഷണൽ പരിപാടികളിലൊന്നിൽ കണ്ണീരടക്കാൻ പാടുപെട്ട ഐശ്വര്യയെ കണ്ടിരുന്നു ?
ഭയങ്കര ആത്മാർഥതയുള്ള മനുഷ്യനാണ് സൂരി സാർ. സാർ നമ്മളെ അഭിനന്ദിച്ച് പറയുന്ന വാക്കുകളിലും ആ ആത്മാർഥത കാണാം. സിനിമ റിലീസിനോട് അനബന്ധിച്ച് തിരുപ്പൂരിൽ നടന്ന പരിപാടിയിൽ ഞാന് ഭയങ്കര ഇമോഷണലായി പോയത് അതുകൊണ്ടാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ നമ്മളുടെ പ്രകടനം നല്ലതാണോ എന്ന് എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കും. അപ്പോൾ സൂരി സാറിനെപ്പോലെയുള്ള മികച്ച അഭിനേതാക്കൾ നമ്മൾ നന്നായി ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് കേൾക്കുന്നത് തന്നെ വലിയ സമാധാനം ആണ്. വേദിയിൽ മാത്രമല്ല ഓരോ ഷോട്ട് കഴിയുമ്പോഴും അദ്ദേഹം നമ്മളെ അഭിനന്ദിക്കാൻ മറന്നിരുന്നില്ല. അത് കേൾക്കുന്നത് തന്നെ എന്ത് സന്തോഷമാണെന്നോ
ഐശ്വര്യ ഇമോഷണലാണല്ലേ ?
അതേ ഞാൻ ഭയങ്കര ഇമോഷണലാണ്. സൂരി സർ അന്ന് വേദിയിൽ വച്ച് എന്നെ അഭിനന്ദിച്ചപ്പോൾ കണ്ണു നിറഞ്ഞു പോയി. അതിന് മുമ്പ് അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പറഞ്ഞതും ഞാൻ കേട്ടിരുന്നു. എല്ലാം കൂടെ ആയപ്പോൾ വല്ലാതെ ഇമോഷണലായി പോയി. എന്നോട് എന്റെ സുഹൃത്തുക്കൾ പറയും നീയൊരു നായികയല്ലേ ആ മൂക്ക് പിഴിയാതെ എങ്കിലും ഇരുന്നൂടെ എന്ന്. വൈകാരികമായി പെരുമാറുന്നത് ക്ഷണികമാണ്. അങ്ങനത്തെ സന്ദർഭങ്ങൾ വരുമ്പോഴാണ്. അന്നേരം അങ്ങനെ തോന്നിയില്ലെങ്കിൽ എന്റെ മനസ് മരിച്ച് പോയെന്നല്ലേ അർഥം. എന്റെ മനസ് മരിച്ചിട്ടില്ല. അതുകൊണ്ടാണ് കുറച്ചെങ്കിലും ഭേദപ്പെട്ട് അഭിനയിക്കാൻ പറ്റുന്നത്.
മാമനിൽ സ്വാസികയുടേതും വളരെ വ്യത്യസ്തത നിറഞ്ഞ കഥാപാത്രമാണ് ?
സ്വാസിക നല്ലൊരു അഭിനേത്രിയാണ്. മാമനിൽ ഒരു രംഗത്തിൽ നീണ്ട സംഭാഷണം ഉണ്ട് സ്വാസികയ്ക്ക്. ഭയങ്കര ഇമോഷണലായ രംഗമാണ്. ചുറ്റും നിരവധി പേർ ഉണ്ട്. അത് ഒറ്റ ടേക്കിൽ ഗംഭീര പെർഫോമൻസ് നടത്തി ഞെട്ടിച്ചു സ്വാസിക.അഭിനയിക്കുന്നതിനിടയിൽ തന്നെ ഞങ്ങളെല്ലാവരും കയ്യടിച്ചുപോയി. തമിഴ് സിനിമ എത്രനാൾ ഉണ്ടാവും അത്രയും നാൾ ഈ നടിക്ക് ഇവിടെ കഥാപാത്രങ്ങളുമുണ്ടാകും എന്നാണ് ഒരു വേദിയിൽ മാരി സെൽവരാജ് സർ സ്വാസികയെക്കുറിച്ച് പറഞ്ഞത്. ആ വേദിയിലിരുന്ന് അത് കേട്ട് എനിക്ക് രോമാഞ്ചം വന്നു. നമ്മുടെ കൂട്ടത്തിലെ ഒരാൾക്ക് കിട്ടുന്ന അംഗീകാരമല്ലേ. ഒരാൾ ജയിക്കുമ്പോൾ അയാളുടെ ഒപ്പമുണ്ടാവാൻ സാധിക്കുന്നു എന്നതും വലിയ സുഖമാണ്.
ഐശ്വര്യയ്ക്ക് കുറേ നല്ല കഥാപാത്രങ്ങൾ വ്യത്യസ്തമാർന്നവ തമിഴിൽ ലഭിച്ചിട്ടുണ്ട് ?
ഭാഗ്യം എന്ന് വിചാരിക്കുന്നു. അല്ലാതെ വേറൊന്നുമില്ല. എനിക്ക് വേണ്ടി പോയി സിനിമകൾ തപ്പി കണ്ടുപിടിച്ച് വരാനൊന്നും ആരുമില്ല. ഏതെങ്കിലും സംവിധായകന് എന്റെ മുഖം ആ കഥാപാത്രത്തിന് ചേർന്നതാണെന്ന് തോന്നണമല്ലോ . അങ്ങനെയാണല്ലോ അവസരങ്ങൾ കിട്ടുന്നത്. അതിന് നമ്മൾ ചെയ്യുന്ന സിനിമകൾ അവർക്ക് ഇഷ്ടപ്പെടണം. അങ്ങനെ നോക്കുമ്പോൾ മായാനദി എന്നെ സഹായിച്ചിട്ടുണ്ട്. കാരണം കാർത്തിക് സുബ്ബരാജ് സാറും മണിരത്നം സാറും മായാനദി കണ്ടാണ് അവരുടെ സിനിമകളിലേക്ക് എന്നെ വിളിക്കുന്നത്. അതുപോലെ പൊന്നിയിൻ സെൽവനിലെ പൂങ്കുഴലി കണ്ട് ധാരാളം ഓഫറുകൾ എനിക്ക് വന്നിട്ടുണ്ട്. ഗാട്ടാ ഗുസ്തി കണ്ട് നാട്ടിൻപുറം കഥാപാത്രങ്ങൾക്ക് ഞാൻ ചേരും എന്ന് തോന്നി അത്തരം ഓഫറുകൾ വന്നിട്ടുണ്ട്. ഭാഗ്യം അല്ലാതെ വേറൊന്നും അതിൽ പറയാനില്ല. അത് അങ്ങനെ തന്നെ തുടരട്ടെ.
ഞാനിവിടെ തന്നെ കാണും എന്ന് സിനിമയിൽ വന്ന ശേഷം എപ്പോഴാണ് ഐശ്വര്യ ഉറപ്പിക്കുന്നത് ?
സിനിമയിൽ തുടങ്ങിയത് താത്പര്യം ഇല്ലാതെയാണ്. പക്ഷേ ഇന്ന് സിനിമയാണ് എല്ലാം. എങ്കിലും ഞാനിവിടെ തന്നെ ഉണ്ടാവും എന്ന് ഉറപ്പിച്ച നിമിഷമൊന്നുമില്ല. എനിക്കങ്ങനെ ഒരു തോന്നൽ വരാൻ പേടിയാണ്, എന്തൊക്കെയോ ഇനിയും മെച്ചപ്പെടുത്താനുണ്ട് എന്നറിയാം. ഇവിടെ നിലനിൽക്കാനുള്ള ഉപായമെന്തെന്ന് പോലും എനിക്ക് ഇതുവരെ മനസിലായിട്ടില്ല. അവിടെ ഇന്നും ചോദ്യചിഹ്നമാണ്. ഞാനൊരു നല്ല നടിയാ
ആൾക്കാരുടെ കമന്റിനെ ഭയക്കുന്നെന്ന് ഒരിക്കൽ പറഞ്ഞിരുന്നു, ആ പേടി ഇന്ന് മാറിയോ ?
ഇല്ല ആ പേടി ഇപ്പോഴും ഉണ്ട്. അനിശ്ചിതത്വം ഒരുപാടുള്ള മേഖലയാണ് സിനിമ. അങ്ങനെയുള്ളിടത്ത് ഒരാളുടെ വാക്കിന് നമ്മുടെ കരിയർ അട്ടിമറിക്കാനുള്ള ശക്തിയുണ്ടെന്ന് കാണുമ്പോൾ പേടിയുണ്ടാവില്ലേ. പക്ഷേ ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് സ്വീകരിക്കാൻ ഞാനിന്ന് പഠിച്ചു. അതിനെ മറികടക്കാനുള്ള വഴികളെന്താണെന്ന് പഠിച്ചു. എന്നുകരുതി അത് ബാധിക്കില്ല എന്നില്ല. പിന്നെ എന്റെ ജോലി എന്നെ അതിന് സഹായിച്ചിട്ടുണ്ട്. ഈ കമന്റുകളിൽ നിന്ന് പോസറ്റീവ് ആയുള്ളവ എടുക്കാൻ പഠിച്ചു. പക്ഷേ ജോലിയില്ലാത്തപ്പോൾ അതെന്നെ ബാധിച്ചെന്ന് വരാം.
Content Highlights: Aishwarya Lakshmi opens up astir her affectional relation successful Maaman, and dealing with online criticism





English (US) ·