'ഞാൻ സെലക്ടറല്ല'; ശ്രേയസ്സ് അയ്യരെ ഒഴിവാക്കിയതിൽ അഗാര്‍ക്കര്‍ക്കെതിരെ ഗംഭീറിന്റെ ഒളിയമ്പ് 

7 months ago 8

29 May 2025, 11:56 AM IST

shreyas iyer gambhir

ശ്രേയസ്സ് അയ്യരും ​ഗൗതം ​ഗംഭീറും | PTI

ന്യൂഡല്‍ഹി: രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതിന് പിന്നാലെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നതാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപനം. യുവതാരം ശുഭ്മാന്‍ ഗില്‍ ടീമിനെ നയിക്കുമ്പോള്‍ ഋഷഭ് പന്താണ് ഉപനായകന്‍. എന്നാല്‍ മികച്ച ഫോമിലുള്ള ശ്രേയസ്സ് അയ്യരെ ടീമിലെടുക്കാത്തത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ താരങ്ങളെ ടീമിലെടുക്കുന്നത് സെലക്ടർമാരാണെന്ന് സൂചിപ്പിക്കുകയാണ് പരിശീലകൻ ​ഗൗതം ​ഗംഭീർ.

ശ്രേയസ്സ് അയ്യരെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഗംഭീര്‍ തയ്യാറായില്ല. ഞാന്‍ സെലക്ടറല്ല എന്നുമാത്രമാണ് ഇന്ത്യന്‍ പരിശീലകന്‍ പ്രതികരിച്ചത്. ചോദ്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ മുതിരാതെ ഗംഭീര്‍ മറ്റുവിഷയങ്ങളിലേക്ക് കടന്നു. അജിത് അഗാര്‍ക്കറിന്റെ പേര് പറയാതെ പരോക്ഷമായി അദ്ദേഹത്തിനുനേരെ വിരല്‍ചൂണ്ടുകയായിരുന്നു ഗംഭീറെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിക്കുന്ന താരത്തെ ഒഴിവാക്കിയതില്‍ ആരാധകര്‍ക്കും അതൃപ്തിയുണ്ട്.

റെഡ്‌ബോള്‍ ക്രിക്കറ്റില്‍ നേരത്തേ കളിച്ചിട്ടുണ്ടെങ്കിലും ശ്രേയസ്സ് അയ്യരെ നിലവില്‍ ടെസ്റ്റ് ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഇടമില്ലെന്നാണ് നേരത്തേ അഗാര്‍ക്കര്‍ വിശദീകരിച്ചത്. 'ഏകദിന പരമ്പരകളിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ചയാളാണ് ശ്രേയസ്സ് അയ്യര്‍. പക്ഷേ നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന് ഇടമില്ല.'- അഗാര്‍ക്കര്‍ പ്രതികരിച്ചതിങ്ങനെയാണ്.

ഇന്ത്യക്കായി 14 ടെസ്റ്റില്‍ ശ്രേയസ്സ് അയ്യര്‍ കളിച്ചിട്ടുണ്ട്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസഞ്ചുറിയുമുണ്ട്. 2024 ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരേയാണ് അവസാനമായി ടെസ്റ്റ് കളിച്ചത്. ഏകദിനത്തില്‍ മികച്ച പ്രകടനം തുടരുന്ന താരം ഐപിഎല്ലിലും മിന്നും ഫോമിലാണ്. ശ്രേയസ്സ് അയ്യരുടെ നായകത്വത്തില്‍ പഞ്ചാബ് കിങ്‌സ് പ്ലേ ഓഫിലെത്തിയിട്ടുണ്ട്.

അതേസമയം സര്‍ഫറാസ് ഖാനെയും ടീമിലെടുത്തിട്ടില്ല. ടീമിലുള്ള പേസര്‍ ബുംറയാകട്ടെ ഇംഗ്ലണ്ട് പര്യടനത്തില്‍ എല്ലാ മത്സരങ്ങളും കളിക്കില്ല. അഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിക്കുന്ന കരുണ്‍ നായരും അഭിമന്യു ഈശ്വരനും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ജൂണ്‍ 20-നാണ് പര്യടനത്തിന് തുടക്കമാവുന്നത്.

Content Highlights: Gautam Gambhir indirectly blames Ajit Agarkar for Shreyas Iyers exclusion trial team

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article