ഞെട്ടിക്കൽ സ്റ്റാർസ്; ചെലവാക്കിയ 41 കോടിയിൽ 28.4 കോടിയും രണ്ട് ‘അൺക്യാപ്ഡ്’ താരങ്ങൾക്ക്, ചെന്നൈയുടെ മനസ്സിൽ എന്ത്?

1 month ago 2

മനോരമ ലേഖകൻ

Published: December 17, 2025 01:02 PM IST

1 minute Read

chennai-auction
ലേലത്തിൽ പങ്കെടുത്ത ചെന്നൈ സൂപ്പർ കിങ്സ് സംഘം

അബുദാബി ∙ 41 കോടി രൂപയാണ് ചെന്നൈ സൂപ്പർ കിങ്സ് ഇന്നലെ ഐപിഎൽ ലേലത്തിൽ ചെലവിട്ടത്. അതി‍ൽ 28.4 കോടി രൂപയും മുടക്കിയത് 2 യുവതാരങ്ങൾക്കുവേണ്ടി.! ഇന്ത്യൻ ആഭ്യന്തര താരങ്ങളായ പ്രശാന്ത് വീറിനെയും കാർത്തിക് ശർമയെയും 14.2 കോടി രൂപ വീതം ചെലവിട്ട് ടീമിലെത്തിച്ച് ചെന്നൈ ടീം ആരാധകരെ ഞെട്ടിച്ചു. ഐപിഎൽ ലേലത്തിൽ ഉയർന്ന പ്രതിഫലം ലഭിക്കുന്ന ആഭ്യന്തര താരങ്ങളെന്ന റെക്കോർഡ് സ്വന്തമാക്കിയ പ്രശാന്തും കാർത്തിക്കും 2022ൽ 10 കോടി രൂപയ്ക്ക് ലക്നൗ ടീമിലെത്തിയ ആവേശ് ഖാന്റെ റെക്കോർഡാണ് മറികടന്നത്. 8.4 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ ജമ്മു കശ്മീർ പേസർ അക്വിബ് നബിക്കാണ് ഇത്തവണ ആഭ്യന്തര താരങ്ങളിലെ രണ്ടാമത്തെ മികച്ച പ്രതിഫലം. 

കാർത്തിക് ശർമരാജസ്ഥാന്റെ സിക്സ് ഹിറ്റിങ് മെഷീൻ എന്നറിയപ്പെടുന്ന വിക്കറ്റ് കീപ്പർ ബാറ്റർ കാർത്തിക് ശർമയ്ക്ക് തുണയായത് ആഭ്യന്തര ക്രിക്കറ്റിലെ വെടിക്കെട്ട് പ്രകടനങ്ങളാണ്. 12 ആഭ്യന്തര ട്വന്റി20 മത്സരങ്ങളിൽനിന്ന് 164 സ്ട്രൈക്ക് റേറ്റിൽ 334 റൺസ് നേടിയ 19 വയസ്സുകാരൻ കാർത്തിക് പറത്തിയത് 28 സിക്സുകളാണ്. ഈ സീസൺ രഞ്ജിയിലും 6 ഇന്നിങ്സുകളിൽനിന്ന് 16 സിക്സുകളും നേടിയിരുന്നു. വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ രാജസ്ഥാന്റെ ടോപ് സ്കോററും കാർത്തിക് ശർമയായിരുന്നു. 30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരത്തെ സ്വന്തമാക്കാൻ ഇന്നലെ മുംബൈ, ലക്നൗ, കൊൽക്കത്ത, ഹൈദരാബാദ് ടീമുകളും ശ്രമിച്ചിരുന്നു.  

പ്രശാന്ത് വീർരവീന്ദ്ര ജഡേജയുടെ അഭാവം നികത്താനാണ് സ്പിൻ ബോളിങ് ഓൾറൗണ്ടറായ പ്രശാന്ത് വീറിനായി ചെന്നൈ വലയെറിഞ്ഞത്. ഇടംകൈ സ്പിന്നറായ ഉത്തർപ്രദേശുകാരൻ പ്രശാന്ത് വീറിന്റെ മൂല്യം കുത്തനെ ഉയരാൻ മിഡിൽ ഓർഡർ ബാറ്റിങ് മികവും കാരണമായി. ഈ സീസൺ ഉത്തർപ്രദേശ് ട്വന്റി20 ലീഗിൽ 10 മത്സരങ്ങളിൽ 320 റൺസും 8 വിക്കറ്റുമാണ് ഇരുപതുകാരൻ പ്രശാന്തിന്റെ നേട്ടം. മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ 7 മത്സരങ്ങളിൽനിന്ന് 160.70 സ്ട്രൈക്ക് റേറ്റിൽ 112 റൺസ് നേടിയ താരം 9 വിക്കറ്റുകളും വീഴ്ത്തി. 30 ലക്ഷം രൂപയായിരുന്നു പ്രശാന്തിന്റെ അടിസ്ഥാന വില.

English Summary:

IPL Auction 2025 saw Chennai Super Kings spending large connected young talents Prashant Veer and Karthik Sharma. These home players secured precocious bids owed to their awesome performances successful home cricket, strengthening CSK's squad for the upcoming season.

Read Entire Article