'ടാക്സ് അടയ്ക്കാതെ സ്ഥാപനം നടത്താൻ പറ്റുമോ?; ഞാനും കുടുംബവും സമൂഹത്തിന് മുന്നിൽ കള്ളന്മാരായിപ്പോയി'

7 months ago 7

krishnakumar diya krishna

കൃഷ്ണകുമാർ, കൃഷ്ണകുമാറും ദിയ കൃഷ്ണയും വാർത്താസമ്മേളനത്തിൽ | Photo: Mathrubhumi

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനമായ 'ഒ ബൈ ഓസി'യുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പ് വളരെ വ്യാപ്തിയുള്ള സംഭവമാണെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. പരാതിക്കാരായ തങ്ങള്‍ക്കെതിരേ പോലീസ് കേസെടുത്തു. വാര്‍ത്ത പുറത്തുവന്ന ആദ്യമണിക്കൂറുകളില്‍ താനും മകളും കുടുംബവും സമൂഹത്തിന് മുന്നില്‍ വെറും കള്ളന്മാരായിപ്പോയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. നിലവിലെ അവസ്ഥയില്‍ അന്വേഷണം വളരേ തൃപ്തികരമാണെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. കൃഷ്ണകുമാറിനും മകള്‍ക്കുമെതിരായി ചുമത്തപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് സംസാരിച്ചതിലെ പ്രസക്തഭാഗങ്ങള്‍

ഞങ്ങള്‍ കള്ളം പറയുകയായിരുന്നെങ്കില്‍ ഞാനും ദിയയും എവിടെയോ ഇരിക്കുന്ന അഹാനയും പറയുന്നത് തമ്മില്‍ പൊരുത്തക്കേട് ഉണ്ടായേനേ. ഒരുസ്ഥാപനത്തില്‍നിന്ന് പണം തട്ടിച്ചുകൊണ്ടുപോയെന്ന വഞ്ചനാകേസാണിത്. ഞങ്ങളുടെ ക്യുആര്‍ കോഡുവെച്ച് പണമെടുക്കാന്‍ ദിയ പറഞ്ഞിരിക്കുന്നു എന്നാണ് അവര്‍തന്നെ പല മാധ്യമങ്ങളിലും പറഞ്ഞത്. തുക സ്വീകരിച്ച ശേഷം ദിയയ്ക്ക് അത് പണമായി നല്‍കിയെന്നും അവര്‍ പറയുന്നു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്ത് പണം വന്നതും പിന്‍വലിച്ചതും തമ്മില്‍ ഒത്തുനോക്കിയാല്‍ പ്രശ്‌നം തീരും. പണം പിന്‍വലിക്കാതെ മറ്റാരുടേയെങ്കിലും അക്കൗണ്ടിലേക്കാണ് മാറ്റിയതെങ്കില്‍ അവരെ ചോദ്യംചെയ്താല്‍ എല്ലാ വിവരവും കിട്ടും. ഏതൊരു സാധാരണക്കാരനും മനസിലാവുന്നതാണിത്. പകരം, പരാതിക്കാരായ ഞങ്ങള്‍ക്കെതിരേ കേസെടുത്തു.

വളരേയധികം വ്യാപ്തിയുള്ള സംഭവമാണ് നടന്നിരിക്കുന്നത്. നമുക്ക് ഏകദേശം കാര്യം പിടികിട്ടി തുടങ്ങി. 69 ലക്ഷം രൂപയോളം നഷ്ടമായെന്നാണ് പ്രാഥമികമായി കാണുന്നത്. സ്റ്റോക്ക് വളരേയധികം കുറഞ്ഞിരിക്കുന്നു. പ്രീമിയം കസ്റ്റമേഴ്‌സിനെ അങ്ങോട്ട് ബന്ധപ്പെട്ട് വിലക്കുറവ് വാഗ്ദാനംചെയ്ത് പണം തട്ടിയതായും കാണുന്നു.

ആരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കില്‍ സ്‌ക്രീന്‍ഷോട്ട് നല്‍കണമെന്ന് ദിയ ആവശ്യപ്പെട്ടിരുന്നു. ആയിരത്തോളം പേരാണ് ഇതിന് പ്രതികരിച്ചിരിക്കുന്നത്. ഇന്നത്തെ അവസ്ഥയില്‍ അന്വേഷണം വളരേ തൃപ്തികരമായി പോവുന്നു.

പോലീസ് മൊഴിയെടുക്കാന്‍ പോയപ്പോള്‍ യുവതികള്‍ ഒളിവിലാണെന്നാണ് അറിഞ്ഞത്. അവര്‍ ആരും ഇവിടെയില്ല. അതിനര്‍ഥം അവര്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണെന്നും അവര്‍ക്ക് ആരേയും അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണെന്നുമാണ്. അവര്‍ വക്കീലിനെ കാണാന്‍ പോയിരിക്കുകയാണെന്ന് അറിയുന്നു, അര്‍ധരാത്രി ഏതുവക്കീലിനെ കാണാന്‍ പോയി എന്നറിയില്ല.

ടാക്‌സ് അടയ്ക്കാതിരുന്നാല്‍ ഒരു സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റുമോ? നോട്ടീസ് കിട്ടും. ടാക്‌സ് അടച്ച രേഖകള്‍ ഉള്‍പ്പെടെയാവും കേസ് കോടതിയില്‍ എത്തിയാല്‍ ഞങ്ങള്‍ പോവുക.

ആദ്യ ഏതാനും മണിക്കൂറുകളില്‍ ഞാനും എന്റെ മകളും കുടുംബവും വെറും കള്ളന്മാരായിപ്പോയി സമൂഹത്തിന് മുന്നില്‍. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, രാഷ്ട്രീയ വിരോധംവെച്ച് എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ, കുടുംബത്തെ വലിച്ചിഴയ്ക്കാതിരിക്കുക. തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് ഇയാളെ എന്തെങ്കിലും ചെയ്യാം എന്നൊരു തോന്നലുണ്ടെങ്കില്‍, മത്സരിക്കാന്‍ ഒരിക്കലും താത്പര്യംകാണിക്കാത്ത വ്യക്തിയാണ് കൃഷ്ണകുമാര്‍. കുടുംബത്തെ വലിച്ചഴച്ച് ദ്രോഹിക്കരുതെന്ന് വളരെ താഴ്മയായി പറയുകയാണ്. ഏതെങ്കിലും രാഷ്ട്രീയക്കാര്‍, ഏതുപാര്‍ട്ടി എന്നൊന്നും പറയുന്നില്ല. ശത്രുതവെയ്ക്കുന്ന ഒരാളല്ല ഞാന്‍. വിഷയം കടുത്തപ്പോള്‍ ഞാന്‍ നേരേ പോയത് നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. എന്റെ പാര്‍ട്ടിയുടെ ഒരു രാഷ്ട്രീയക്കാരേയും ഞാന്‍ ഇതില്‍ വലിച്ചിഴച്ചിട്ടില്ല. ബിജെപിയില്‍നിന്ന് ആളുകള്‍ വിളിച്ചപ്പോള്‍, ഇടപെടേണ്ട ഇതൊരു രാഷ്ട്രീയ വിഷയമാക്കരുത് എന്നാണ് പറഞ്ഞത്. ഞാന്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിച്ചിട്ടില്ല.

എല്ലാവര്‍ക്കും രാഷ്ട്രീയ മോഹങ്ങളുണ്ട്. ഞാന്‍ ഒരുപാര്‍ട്ടിക്കും ആര്‍ക്കും നേരേയും വിരല്‍ ചൂണ്ടിയിട്ടില്ല. രാഷ്ട്രീയത്തില്‍ അങ്ങനെയൊന്നുമില്ല, സ്വന്തം പാര്‍ട്ടിയില്‍നിന്നാവാം, പുറത്തുനിന്നാവാം. എല്ലാപാര്‍ട്ടികളിലും അതിനകത്തുനടക്കുന്ന സംഘര്‍ഷങ്ങള്‍ കാണുന്നുണ്ടല്ലോ? ഏതുപാര്‍ട്ടിയില്‍നിന്നാണെങ്കിലും എന്നെ ടാര്‍ഗറ്റ് ചെയ്യാം, പക്ഷേ കുടുംബത്തെ വലിച്ചിഴയ്ക്കാതിരിക്കുക.

ജാതിക്കാര്‍ഡും മറ്റ് കാര്യങ്ങളും ഇറക്കാതിരിക്കുക. ജാതിയൊന്നും ഞങ്ങളുടെ കുടുംബത്തില്‍ ഒരുവിഷയമല്ലാത്തവരാണ്. ഞാനും ഭാര്യയും രണ്ടുജാതി, മകള്‍ വേറെ ജാതി, ഭാര്യയുടെ സഹോദരി വിവാഹം കഴിച്ചിരിക്കുന്നത് മറ്റൊരു സമുദായത്തില്‍നിന്നാണ്. ഇതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.

തെളിവില്ലാതെ ആരെക്കുറിച്ചും ഒരു ആരോപണവും ഉന്നയിക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ, അവര്‍ക്ക് പിന്നില്‍ ആരോ ഉണ്ട്. കുട്ടികളുടെ കഷ്ടകാലത്തിനാണ് അവര്‍ വന്നുപെട്ടിരിക്കുന്നത്. നിയമത്തിന്റെ യാതൊരു വശവുമറിയാത്ത, പൊട്ടബുദ്ധിയുള്ള, ഡിഗ്രി പോലുമില്ലാത്ത വക്കീലാണ് ഇവര്‍ക്ക് ഇതൊക്കെ പറഞ്ഞുകൊടുത്തിരിക്കുന്നത്. അല്ലെങ്കില്‍ കുട്ടികള്‍ ഇങ്ങനെ പെടില്ലായിരുന്നു. അവര്‍ കാണിച്ച പ്രവര്‍ത്തിക്ക് ഇനി അവരുടെ ജീവിതം ദുസ്സഹമായിപ്പോവും.

ഞാന്‍ എപ്പോഴെങ്കിലും കുട്ടികള്‍ ഇങ്ങനെ കാണിച്ചു, ഇത്തരമൊരു സംഭവമുണ്ട് എന്ന് പറഞ്ഞിരുന്നോ? കുട്ടികളെ തുറന്നുകാട്ടി കഴിഞ്ഞാല്‍, എന്റെ മക്കള്‍ക്കുണ്ടാവുന്ന ക്ഷീണം പോലെ, അവരുടെ മാതാപിതാക്കള്‍ എന്തുമാത്രം അനുഭവിക്കും. അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. ഞങ്ങള്‍ എന്തുമാത്രം ബുദ്ധിമുട്ടി. ഇതിനേക്കാള്‍ അവര്‍ ബുദ്ധിമുട്ടുമായിരുന്നു. അവരായിട്ട് ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു. ഇനി അവര്‍ക്ക് നില്‍ക്കക്കള്ളിയില്ല.

Content Highlights: Krishna Kumar speaks retired astir the fiscal fraud involving `Oh by Ozy'

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article