ടീം അടിമുടി വാർത്തിട്ടും രക്ഷയില്ല, തോൽവിയിൽനിന്ന് കരകയറാനാവാതെ പാകിസ്താൻ; ന്യൂസീലൻഡിനോട് വൻ പരാജയം

10 months ago 9

ക്രൈസ്റ്റ്ചര്‍ച്ച് (ന്യൂസീലന്‍ഡ്): സ്വന്തം നാട്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ മറുനാട്ടിലും നാണംകെട്ട തോല്‍വിയേറ്റുവാങ്ങി പാകിസ്താന്‍. ന്യൂസീലന്‍ഡ് പര്യടനത്തിലാണ് വീണ്ടും തോല്‍വി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരംതന്നെ തോറ്റത് സന്ദര്‍ശകരുടെ ആഘാതം കടുപ്പിച്ചു. കിവികള്‍ ഒന്‍പത് വിക്കറ്റിന്റെ ആധികാരിക ജയം നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 18.4 ഓവറില്‍ 91 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡ് 10.1 ഓവറില്‍ ഒരുവിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നാലുവിക്കറ്റ് നേടിയ ജേക്കബ് ഡഫിയും മൂന്ന് വിക്കറ്റ് പിഴുത കൈല്‍ ജമീസണുമാണ് പാകിസ്താനെ തകര്‍ത്തത്. സിഫര്‍ട്ടും (44), ഫിന്‍ അലനും (29*) ടിം റോബിന്‍സണും (18) ചേർന്ന് ന്യൂസീലന്‍ഡിന് വിജയമൊരുക്കി.

പാക് നിരയില്‍ എട്ടുപേര്‍ രണ്ടക്കംപോലും കടക്കാതെയാണ് മടങ്ങിയത്. 32 റണ്‍സ് നേടിയ ഖുഷ്ദില്‍ ഷായും 18 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും 17 റണ്‍സ് നേടിയ ജഹന്‍ദാദ് ഖാനും ആണ് ടോപ് സ്‌കോറര്‍മാര്‍. അഞ്ചോവര്‍ പൂര്‍ത്തിയാവുന്നതിന് മുന്നേ 11 റണ്‍സിനിടെ ആദ്യ നാലുപേര്‍ മടങ്ങിയതാണ് പാകിസ്താന് തിരിച്ചടിയായത്. 11 റണ്‍സെടുക്കുന്നതിനിടെ തന്നെ അവസാനത്തെ നാലുപേരും മടങ്ങിയതോടെ പാകിസ്താന്റെ കഥകഴിഞ്ഞു. ന്യൂസീലന്‍ഡ് മണ്ണില്‍ പാകിസ്താന്റെ ഏറ്റവും വലിയ ടി20 പരാജയമാണിത്.

ടീം മാറി, കഥ തുടരുന്നു

1996-നുശേഷം പാകിസ്താനിലേക്ക് ആദ്യമായി വന്ന ഐസിസി ടൂര്‍ണമെന്റായിരുന്നു ചാമ്പ്യന്‍സ് ട്രോഫി. അതിന്റെ ആരവവും ആവേശവുമെല്ലാം അവിടത്തെ ജനതയ്ക്കുണ്ടായിരുന്നു. പക്ഷേ, അവരെ പ്രതിനിധാനം ചെയ്ത ടീമിന് അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരംപോലും ജയിക്കാനാവാതെ രാജ്യം പുറത്താവുന്നത് സ്വന്തം നാട്ടുകാര്‍ക്ക് നോക്കിയിരിക്കേണ്ടിവന്നു. ആദ്യം ന്യൂസീലന്‍ഡിനോടും പിന്നെ ഇന്ത്യയോടും തോറ്റ പാകിസ്താന് അവസാന മത്സരത്തില്‍ നേരിടേണ്ടിയിരുന്നത് ബംഗ്ലാദേശിനെയായിരുന്നു. മഴ കാരണം മത്സരം ഉപേക്ഷിച്ചതോടെ ഒരു ജയംപോലും സാധ്യമായില്ല.

തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ ടീം ഏറ്റുവാങ്ങി. പിന്നാലെ ഇന്ന് ആരംഭിച്ച ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് മറ്റൊരു ടീമിനെത്തന്നെ ഒരുക്കി എന്നു പറയാം. ബാബര്‍ അസം ഉള്‍പ്പെടെയുള്ളവരെ തഴഞ്ഞ് അബ്ദുല്‍ സമദ്, ഹസന്‍ നവാസ്, മുഹമ്മദ് അലി എന്നീ മൂന്ന് അരങ്ങേറ്റക്കാര്‍ക്ക് അവസരം നല്‍കി. ഈ മൂന്നുപേര്‍ക്കും തിളങ്ങാനായില്ല. സല്‍മാന്‍ ആഗയെ ക്യാപ്റ്റനാക്കി യുവാക്കളെ അണിനിരത്തിയിട്ടും തോല്‍വി തുടര്‍ന്നു.

Content Highlights: caller zealand beats pakistan successful t20i cricket

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article