ടീം ഇന്ത്യ തഴഞ്ഞ അയ്യർക്ക് അർധസെഞ്ചറി, തിരിച്ചുവിളിച്ച കരുണിന് അർധസെഞ്ചറി നഷ്ടം; ഒടുവിൽ പഞ്ചാബിനെ ഡൽഹി വീഴ്ത്തി!

7 months ago 8

ജയ്പുർ∙ പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും ടീമിന്റെ പോരാട്ടവീര്യത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് തെളിയിച്ചു. ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തി സംഘർഷം രൂക്ഷമായതോടെ പാതിവഴിയിൽ ഉപേക്ഷിച്ച മത്സരം ദിവസങ്ങൾക്കു ശേഷം മറ്റൊരു വേദിയിൽ വീണ്ടും നടത്തിയപ്പോൾ, പഞ്ചാബ് കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആവേശ ജയം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഡൽഹി പഞ്ചാബിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 206 റൺസ്. മറുപടി ബാറ്റിങ്ങിൽ മൂന്നു പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഡൽഹി വിജയത്തിലെത്തി.

നേരത്തേ തന്നെ പ്ലേഓഫ് ഉറപ്പിച്ചെങ്കിലും, പോയിന്റ് പട്ടികയിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാനുള്ള പഞ്ചാബിന്റെ ശ്രമത്തിന് ഈ തോൽവി തിരിച്ചടിയാകും. നിലവിൽ 13 കളികളിൽനിന്ന് 17 പോയിന്റുമായി രണ്ടാമതാണ് പഞ്ചാബ്. ആർസിബിക്കും ഒരു കളി ബാക്കിനിൽക്കെ 17 പോയിന്റുണ്ട്. മുംബൈ ഇന്ത്യൻസ് 16 പോയിന്റുമായി നാലാമത്. ഗുജറാത്ത് ടൈറ്റൻസ് 18 പോയിന്റുമായി തലപ്പത്തുണ്ട്. ഫലത്തിൽ നാലു ടീമുകൾക്കും അവസാന മത്സരം നിർണായകമായി.

അർധസെഞ്ചറി നേടിയ യുവതാരം സമീർ റിസ്‌വി (25 പന്തിൽ പുറത്താകാതെ 58), അർധസെഞ്ചറിക്ക് അരികെ പുറത്തായ മലയാളി താരം കരുൺ നായർ (44) എന്നിവരുടെ ഇന്നിങ്സുകളാണ് ഡ‍ൽഹിക്ക് ആശ്വാസ ജയം സമ്മാനിച്ചത്. ഓപ്പണർ കെ.എൽ. രാഹുൽ (2 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 35), ക്യാപ്റ്റൻ കൂടിയായ ഫാഫ് ഡുപ്ലേസി (15 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 23) സെദീഖുല്ല അടൽ (16 പന്തിൽ രണ്ടു സിക്സുകൾ സഹിതം 22) എന്നിവരും തിളങ്ങി. ട്രിസ്റ്റൻ സ്റ്റബ്സ് 14 പന്തിൽ രണ്ടു ഫോർ സഹിതം 18 റൺസുമായി പുറത്താകാതെ നിന്നു. പഞ്ചാബിനായി ഹർപ്രീത് ബ്രാർ നാല് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മാർക്കോ യാൻസൻ, പ്രവീൺ ദുബെ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

∙ അയ്യർ പഞ്ചാബിന്റെ ശ്രേയസ്!

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 206 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. അയ്യർ 34 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 53 റൺസെടുത്തു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ശ്രേയസ് അയ്യരെ സിലക്ടർമാർ തഴഞ്ഞ അതേ ദിവസമാണ് തകർപ്പൻ അർധസെഞ്ചറിയുമായി താരത്തിന്റെ മറുപടി.

അവസാന ഓവറുകളിൽ തകർത്തടിച്ച് ആവേശം സൃഷ്ടിച്ച ഓസീസ് താരം മാർക്കസ് സ്റ്റോയ്നിസിന്റെ പ്രകടനമാണ് പഞ്ചാബ് സ്കോർ 200 കടത്തിയ്. സ്റ്റോയ്‌നിസ് 16 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 44 റൺസുമായി പുറത്താകാതെ നിന്നു. അവസാന മൂന്നു പന്തുകൾ ശേഷിക്കെ ക്രീസിലെത്തിയ ഹർപ്രീത് ബ്രാർ രണ്ടു പന്തിൽ ഒരു സിക്സ് സഹിതം ഏഴു റണ്‍സോടെ സ്റ്റോയ്നിസിനു കൂട്ടുനിന്നു.

ഓപ്പണർ പ്രഭ്സിമ്രാൻ സിങ് (18 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 28), ജോഷ് ഇംഗ്ലിസ് (12 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 32), നേഹൽ വധേര (10 പന്തിൽ 11) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. പഞ്ചാബ് നിരയിൽ തീർത്തും നിരാശപ്പെടുത്തിയത് ഓപ്പണർ പ്രിയാൻഷ് ആര്യ (ഒൻപതു പന്തിൽ ആറ്), അസ്മത്തുല്ല ഒമർസായ് (മൂന്നു പന്തിൽ ഒന്ന്), മാർക്കോ യാൻസൻ (രണ്ടു പന്തിൽ പൂജ്യം) എന്നിവർ മാത്രം. ഡൽഹിക്കായി മുസ്താഫിസുർ റഹ്മാൻ നാല് ഓവറിൽ 33 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. വിപ്‌രാജ് നിഗം നാല് ഓവറിൽ 38 റൺസ് വഴങ്ങിയും കുൽദീപ് യാദവ് നാല് ഓവറിൽ 39 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുകേഷ് കുമാറിന് ഒരു വിക്കറ്റ് ലഭിച്ചു.

English Summary:

Punjab Kings vs Delhi Capitals, IPL 2025 Match - Live Updates

Read Entire Article