Published: May 14 , 2025 08:10 AM IST
1 minute Read
ന്യൂഡൽഹി ∙ രോഹിത് ശർമയ്ക്കു പിന്നാലെ വിരാട് കോലിയും ടെസ്റ്റിൽ നിന്നു വിരമിച്ചതോടെ ഇന്ത്യൻ ടീം ഡ്രസ്സിങ് റൂമിൽ ഇനി ഒരു അധികാരകേന്ദ്രം മാത്രം– പരിശീലകൻ ഗൗതം ഗംഭീർ. അടുത്ത ലോക ചാംപ്യൻഷിപ് കാലയളവിനായി ടീമിനെ ഒരുക്കുന്ന ഗംഭീറിനു മുന്നിലുള്ള ഏറ്റവും വലിയ ആനുകൂല്യവും ഒപ്പം വെല്ലുവിളിയും അതു തന്നെ. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഇന്ത്യൻ ബാറ്റിങ്ങിന് നെടുന്തൂണുകളായി നിന്ന ഇരുവരുടെയും വിരമിക്കലിനു പിന്നിൽ ഗംഭീറിന്റെ ഉറച്ച നിലപാടുകൾക്കു പങ്കുണ്ടെന്നു കരുതുന്നവരും കുറവല്ല.
ഇന്ത്യൻ ക്രിക്കറ്റിലെ താരാധിപത്യത്തെ വെല്ലുവിളിച്ച ഒരു പരിശീലകനും വിജയിച്ച ചരിത്രമില്ല എന്നിടത്താണ് നാൽപത്തിമൂന്നുകാരൻ ഗംഭീർ വ്യത്യസ്തനാകുന്നത്. ഗ്രെഗ് ചാപ്പലും അനിൽ കുംബ്ലെയുമെല്ലാം എതിർസ്വരമുയർത്തി പിൻവാങ്ങേണ്ടി വന്നവരാണ്. എന്നാൽ ജോൺ റൈറ്റ്, ഗാരി കേസ്റ്റൻ, രവി ശാസ്ത്രി, രാഹുൽ ദ്രാവിഡ് എന്നിവർ നയതന്ത്രഞ്ജതയോടെ താരങ്ങളോടു ചേർന്നു പോയവരും.
കളിക്കുന്ന കാലത്തു തന്നെ കലഹങ്ങൾക്കു മടിക്കാത്ത ഗംഭീർ ചുമതലയേറ്റെടുത്തപ്പോൾ ചാപ്പലിന്റെയും കുംബ്ലെയുടെയും അവസ്ഥ തന്നെ അദ്ദേഹം നേരിടേണ്ടി വരും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഒരു വർഷത്തിനകം തന്നെ തന്റെ ഇഷ്ടപ്രകാരമുള്ള ഭാവി ടീമിനെ ഒരുക്കിയെടുക്കാനുള്ള സാഹചര്യം ഗംഭീർ നേടിയെടുത്തു.
ടീമിനു മികച്ച വിജയങ്ങളില്ലാതിരുന്നിട്ടും ഇതു സാധിച്ചതിലാണ് ഗംഭീറിന്റെ വിജയം. ന്യൂസീലൻഡിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും ടീം ഇന്ത്യ തോൽവികൾ നേരിട്ടപ്പോഴൊന്നും പരിശീലകൻ ഗംഭീർ വലിയ വിമർശനം കേട്ടില്ല. എന്നാൽ രോഹിത്, കോലി എന്നിവരുടെ ഫോം നഷ്ടം വലിയ ചർച്ചയാവുകയും ചെയ്തു. ഇരുവരുടെയും അപ്രതീക്ഷിത വിരമിക്കലിനു തന്നെ അതു കാരണമായപ്പോഴും ഗംഭീർ അതിശക്തനായി നിലനിന്നു.
ബിസിസിഐയുടെ പിന്തുണയ്ക്കൊപ്പം ഇക്കാര്യത്തിൽ ഗംഭീറിനു തുണയായി നിന്ന ഒരാൾ കൂടിയുണ്ട്– ചീഫ് സിലക്ടർ അജിത് അഗാർക്കർ. അശ്വിന്റെയും രോഹിത്തിന്റെയും കോലിയുടെയുമെല്ലാം വിരമിക്കൽ ‘സ്വമേധയാ’ ആയതോടെ അവരെ പുറത്തിരുത്തുക എന്ന സാഹസത്തിൽ നിന്ന് സിലക്‌ഷൻ സമിതിയും രക്ഷപ്പെട്ടു.
കളത്തിനു പുറത്തു ജയിച്ച ഗംഭീറിനു മുന്നിലുള്ള ആദ്യത്തെ വലിയ വെല്ലുവിളി ജൂണിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനം തന്നെയാണ്. ഏതൊരു ടെസ്റ്റ് ടീമിന്റെയും മികവിന്റെ ഉരകല്ലായി വിശേഷിപ്പിക്കപ്പെടുന്ന പര്യടനത്തിൽ യുവനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പരയിൽ ഇന്ത്യ പരാജയം നേരിട്ടാൽ ഇത്തവണ ആദ്യം പഴി കേൾക്കുക താൻ തന്നെയാകും എന്ന ബോധ്യം ഗംഭീറിനുണ്ട്. ജയിച്ചാൽ ഡ്രസ്സിങ് റൂമിലെ ‘അവസാന വാക്ക്’ എന്ന തന്റെ സ്ഥാനം ശക്തിപ്പെടുമെന്നും!
English Summary:








English (US) ·