അസാമാന്യമായ ആസൂത്രണം, കൃത്യമായ നടപ്പാക്കല്‍. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയുടെ കിരീടധാരണം കളിക്കളത്തിലെമാത്രം പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. മത്സരം തുടങ്ങുന്നതിന് ഏറെമുമ്പേ തുടങ്ങിയ ആലോചനയുടെയും അത് കൃത്യമായി നടപ്പാക്കിയ കളിക്കാരുടെയും വിജയമാണ്. ദുബായിലെ പിച്ച് അതിനുവേണ്ടി രംഗമൊരുക്കിക്കൊടുത്തു.
ഇന്ത്യയുടെ പരമ്പരാഗത ഏകദിന ടീമില്‍നിന്ന് വ്യത്യസ്തമായ മൂന്നുകാര്യങ്ങള്‍ ഈ ടൂര്‍ണമെന്റില്‍ അവതരിപ്പിച്ചു. കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും അതില്‍ തുല്യപങ്കാളിത്തമുണ്ടായിരുന്നു.
2023 ഏകദിന ലോകകപ്പ് ഫൈനലില്‍ തോറ്റശേഷം ഒരുമാസത്തോളം വീട്ടില്‍നിന്ന് പുറത്തിറങ്ങിയില്ലെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞിരുന്നു. ആ ലോകകപ്പില്‍ കളിച്ചവരെല്ലാം, ഇനിയൊരു ഫൈനലില്‍ക്കൂടി തോറ്റുമടങ്ങാനാകില്ലെന്നുറപ്പിച്ച് കൈമെയ് മറന്ന് കളിച്ചു. എല്ലാ മത്സരങ്ങളും ദുബായിലാണെന്ന സാഹചര്യം പ്രയോജനപ്പെടുത്താന്‍ അനുയോജ്യമായ ടീമിനെ ഒരുക്കിയെടുക്കുകയായിരുന്നു.
പേസ് ബൗളര്‍ ജസ്പ്രീത് ബുംറ പരിക്കുകാരണം ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ചില്ല. കളിച്ച മുഹമ്മദ് ഷമി പരിക്കുമാറി തിരിച്ചെത്തിയിട്ട് അധികകാലമായിട്ടുമില്ല. പേസ് വിഭാഗത്തിലെ ഈ പ്രതിസന്ധി സ്പിന്നിലെ മികവുകൊണ്ട് മറികടക്കാനായി.
അപ്രതീക്ഷിതം അക്സര്‍
അക്സര്‍ പട്ടേലിനെ അഞ്ചാംസ്ഥാനത്തിറക്കാനുള്ള തീരുമാനം ഗൗതം ഗംഭീറിന്റേതാണെന്നാണ് സൂചന. സമീപകാലംവരെ ബാറ്റര്‍ എന്ന നിലയ്ക്ക് വലിയ സ്വീകാര്യതയില്ലാതിരുന്ന അക്സറിനെ അഞ്ചാമതിറക്കിയതോടെ മുന്നേറ്റത്തില്‍ ഇടംകൈയന്‍ ഇല്ലെന്ന പ്രശ്‌നം പരിഹരിച്ചതിനൊപ്പം പുതിയൊരു ബാറ്ററെ ബോണസായി കിട്ടിയതുപോലെയായി. ഫൈനലിലെ നിര്‍ണായകഘട്ടത്തില്‍ 40 പന്തില്‍ 29 റണ്‍സെടുത്തതാണ് അതിന്റെ ഏറ്റവുംമികച്ച ഫലം. അഞ്ചുകളിയില്‍ അക്‌സര്‍ 109 റണ്‍സും അഞ്ചുവിക്കറ്റും നേടി.
ക്ലിനിക്കല്‍ രാഹുല്‍
ഋഷഭ് പന്തിനെ മാറ്റി പ്രധാന വിക്കറ്റ് കീപ്പറായി കെ.എല്‍. രാഹുലിനെ കളിപ്പിക്കാനുള്ള തീരുമാനവും നിര്‍ണായകമായി. ലോകത്തെ മികച്ച അഗ്രസീവ് ബാറ്റര്‍മാരില്‍ ഒരാളായിരിക്കുമ്പോള്‍ത്തന്നെ ഋഷഭ് പന്ത് സാഹചര്യം മനസ്സിലാക്കാതെ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയ സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്. ആക്രമണാത്മക ബാറ്റര്‍മാരായ അക്സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ മധ്യനിരയിലുള്ളതിനാല്‍ ആറാംനമ്പറില്‍ സ്ഥിരതയുള്ള ബാറ്റര്‍ വേണം എന്നതിനാലാണ് രാഹുലിനെ ദൗത്യം ഏല്‍പ്പിച്ചത്. ഓപ്പണിങ്ങില്‍ ഉള്‍പ്പെടെ കളിച്ച ശീലവും ഏറെക്കാലത്തെ പരിചയസമ്പത്തുമുള്ള രാഹുലിന് തന്റെ ദൗത്യം കൃത്യമായി നടപ്പാക്കാനായി. അഞ്ചുമത്സരത്തില്‍ രാഹുല്‍ നേടിയ 140 റണ്‍സിന് വലിയമൂല്യമുണ്ട്.
മിസ്റ്ററി വരുണ്‍
മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് അവസാനഘട്ടത്തിലാണ്. അതിനു തൊട്ടുമുന്‍പ് ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചുകളിയില്‍ 14 വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് വരുണ്‍ മികവുതെളിയിച്ചത്. ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങുംമുന്‍പ് കളിച്ചത് ഒരേയൊരു ഏകദിനം മാത്രം.
ജസ്പ്രീത് ബുംറയ്ക്ക് കളിക്കാനാകില്ലെന്നുറപ്പായതോടെ, റിസര്‍വ് ഓപ്പണറായ യശസ്വി ജയ്സ്വാളിനെ മാറ്റിയാണ് വരുണിനെ ടീമിലെടുത്തത്. വാഷിങ്ടണ്‍ സുന്ദറിനെക്കാള്‍ വരുണിന് മുന്‍ഗണനനല്‍കിയത് രോഹിത് ശര്‍മയുടെ തീരുമാനമായിരുന്നു.
ആദ്യത്തെ രണ്ടുകളികളില്‍ ഷമി, ഹാര്‍ദിക്, ഹര്‍ഷിത് റാണ എന്നീ പേസര്‍മാരും രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നീ സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. പ്രാഥമികറൗണ്ടിലെ മൂന്നാം മത്സരത്തില്‍ ഹര്‍ഷിത്തിനു പകരം വരുണിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയതോടെ നാലുസ്പിന്നര്‍മാരായി. ഇതില്‍ മൂന്നുപേര്‍ ഇടംകൈയന്മാരാണ്. ആദ്യകളിയില്‍ അഞ്ചുവിക്കറ്റുമായി മാന്‍ ഓഫ് ദി മാച്ചായ വരുണിന്റെ മാന്ത്രികബോളുകള്‍ ഫൈനലിലും ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്നുകളിയില്‍ വരുണ്‍ ഒന്‍പതുവിക്കറ്റ് നേടി.
അക്സര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ചേര്‍ന്നതോടെ മൂന്ന് തികഞ്ഞ ഓള്‍റൗണ്ടര്‍മാരെ കിട്ടി. രവീന്ദ്ര ജഡേജയുടെ എട്ടാംനമ്പര്‍വരെ ബാറ്റിങ്ങില്‍ ഗാരന്റിയുള്ളത് മുന്‍നിരയ്ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ആത്മവിശ്വാസവും നല്‍കി.
Content Highlights: India`s Champions Trophy triumph was a effect of meticulous readying and execution, featuring a unique








English (US) ·