ടീം ഇന്ത്യയ്ക്കു വെല്ലുവിളിയാകാനുള്ള കരുത്ത് പാക്കിസ്ഥാനില്ല, ‘ബോർഡർ ക്ലാസിക്കിൽ’ സ്പിൻ പോരാട്ടം വരും

4 months ago 4

മനോരമ ലേഖകൻ

Published: September 14, 2025 08:03 AM IST

1 minute Read

  • ഏഷ്യാകപ്പിൽ ഇന്ന് ഇന്ത്യ– പാക്കിസ്ഥാൻ‌

  • മത്സരം രാത്രി 8 മുതൽ ദുബായിൽ

CRICKET-ASIA-2025-T20-IND-PRACTICE
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ. Photo: SAJJAD HUSSAIN / AFP

ദുബായ്∙ ഏഷ്യൻ ക്രിക്കറ്റിന്റെ മേൽവിലാസമായ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് ഏഷ്യാകപ്പ് ട്വന്റി20യിൽ നേർക്കുനേർ വരുമ്പോൾ തുല്യശക്തികളുടെ പോരാട്ടമെന്ന് മത്സരത്തെ വിശേഷിപ്പിക്കാൻ പാക്ക് ആരാധകർപോലും മുതിർന്നേക്കില്ല. ഒരുവശത്ത് ട്വന്റി20 ലോകകപ്പിലെയും ഏഷ്യാകപ്പിലെയും നിലവിലെ ചാംപ്യൻമാരെന്ന പകിട്ടും ലോക റാങ്കിങ്ങിലെ ഒന്നാം നമ്പർ ടീമെന്ന പ്രൗഢിയുമായാണ് ടീം ഇന്ത്യ നി‍ൽക്കുന്നത്.

മറുവശത്ത്, റാങ്കിങ്ങിൽ ആദ്യ 5ൽനിന്നു പുറത്തായ, ഫോം ഔട്ടിന്റെ പേരിൽ സീനിയർ താരങ്ങളെ ഒന്നാകെ തഴഞ്ഞ, പ്രതീക്ഷയുടെ കടിഞ്ഞാൺ യുവതാരങ്ങളുടെ കയ്യിൽ ഏൽപിച്ച സംഘവുമായാണ് പാക്കിസ്ഥാന്റെ വരവ്. കണക്കിലും കളിയിലും ടീം ഇന്ത്യയ്ക്കു വെല്ലുവിളി ഉയർത്താനുള്ള കരുത്ത് പാക്കിസ്ഥാന് ഇല്ലെങ്കിലും നിർണായക മത്സരങ്ങളിൽ അപ്രതീക്ഷിത പ്രകടനം നടത്തുന്ന പതിവ് അവർ തുടർന്നാൽ ഏഷ്യാകപ്പിൽ ഇന്ന് സൂപ്പർ പോരാ‍ട്ടിന് അരങ്ങൊരുങ്ങും.

അതിർത്തിയിലെ സംഘർഷങ്ങൾക്കും മത്സരം ബഹിഷ്കരിക്കണമെന്ന ആക്രോശങ്ങൾക്കുമിടയിലാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നതെന്നതും ഇന്ത്യ– പാക്ക് പോരാട്ടത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. മത്സരം രാത്രി 8 മുതൽ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ. സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം. ‌

ആരാകും താരം?ഒരു പതിറ്റാണ്ടിലേറെ ടീമിന്റെ ചിറകുകളായിരുന്ന വിരാട് കോലിയും രോഹിത് ശർമയും ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നതെങ്കിൽ ബാബർ അസം, മുഹമ്മദ് റിസ്‍വാൻ എന്നീ സൂപ്പർ താരങ്ങളെ തഴഞ്ഞാണ് പാക്കിസ്ഥാൻ ഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഈ സൂപ്പർ താരങ്ങളുടെ അഭാവം മത്സരത്തിന്റെ ശോഭ കെടുത്തുമോ എന്ന ആശങ്ക സംഘാടകർക്കുണ്ട്.

സീനിയർ താരങ്ങളുടെ അഭാവം യുവതാരങ്ങളുടെ മികവിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും. ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ തുടങ്ങി ഇന്ത്യൻ യുവനിര മികച്ച ഫോമിലാണ്. മറുവശത്ത് സയിം അയൂബ്, സൽമാൻ ആഗ, ഹസൻ നവാസ് അടക്കമുള്ള താരങ്ങൾ ടീമിന് പുതുജീവൻ സമ്മാനിക്കുമെന്നാണ് പാക്ക് ആരാധകരുടെ വിശ്വാസം.

സ്പിൻ മിന്നുംഇരു ടീമിലെയും സ്പിന്നർമാർ തമ്മിലുള്ള പോരാട്ടത്തിനു കൂടി ദുബായ് സ്റ്റേഡിയം ഇന്നു വേദിയാകും. വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നീ സ്പെഷലിസ്റ്റ് സ്പിന്നർമാർക്കൊപ്പം ഓൾറൗണ്ടർ അക്ഷർ പട്ടേൽ കൂടി വരുന്നതോടെ ഇന്ത്യൻ സ്പിൻ നിര സുശക്തം. മറുവശത്ത് അബ്രാർ അഹമ്മദ്, മുഹമ്മദ് നവാസ്, സൂഫിയാൻ മുഖീം എന്നീ യുവ സ്പിന്നർമാരാണ് പാക്ക് ടീമിന്റെ കരുത്ത്. ഇന്ത്യൻ പേസ് നിര ജസ്പ്രീത് ബുമ്രയുടെ കയ്യിൽ ഭദ്രമാണെങ്കിൽ പേസർ ഷഹീൻ ഷാ അഫ്രീദിയുടെ ഫോം പാക്കിസ്ഥാനു നിർണായകമാകും.

English Summary:

Asia Cup T20: India vs Pakistan - A Super Fight of Young Talents successful Dubai

Read Entire Article