Published: April 04 , 2025 08:16 AM IST
1 minute Read
കൊച്ചി ∙ ‘‘ടീം പുതുക്കിപ്പണിയണം, പുതിയ കളിക്കാരെ കൊണ്ടുവരണം. കളിക്കാരുടെ മനോഭാവത്തിലും മാറ്റമുണ്ടാക്കണം. ത്യാഗത്തിലും കഠിനാധ്വാനത്തിലും നിർമിതമാണ് എന്റെ ഫുട്ബോൾ ഫിലോസഫി. കളിക്കാരിൽനിന്നു പരമാവധി മികവാണ് ആഗ്രഹിക്കുന്നത്’’ – കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് ദവീദ് കറ്റാല സംസാരിച്ചു തുടങ്ങി. ബ്ലാസ്റ്റേഴ്സ് പരിശീലകനായി നിയമിക്കപ്പെട്ട ശേഷം സ്പെയിൻ കാരൻ കറ്റാല ആദ്യമായി മാധ്യമ പ്രവർത്തകരെ കാണുമ്പോൾ ഇടത്തും വലത്തുമായി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസും ടീം സിഇഒ അഭിക് ചാറ്റർജിയും ഉണ്ടായിരുന്നു.
‘‘പല മേഖലകളിലും മെച്ചപ്പെടണം. ഗോളുകൾ നേടുന്നതു മാത്രമല്ല, കുറച്ചു ഗോളുകൾ മാത്രം വഴങ്ങുക എന്നതും പ്രധാനമാണ്. സന്തുലിതമായ ശൈലിയാണ് ഞാൻ ആഗ്രഹിക്കുന്നത്. കളിക്കാരുടെ മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനാണ് എന്റെ മുൻഗണന. സീസൺ മോശമായിരുന്നതിനാൽ മത്സരിക്കാനുള്ള കളിക്കാരുടെ ആവേശം തണുത്തിട്ടുണ്ടാകും. സൂപ്പർ കപ്പിനു മുൻപ് അവരിൽ ആവേശവും ആത്മവിശ്വാസവും പകരാനാണ് എന്റെ ശ്രമം’’– ദവീദ് കറ്റാല പറഞ്ഞു.
‘‘ഞാനൊരു പ്രഫഷനൽ ഫുട്ബോളറായിരുന്നു. പിന്നീടു പരിശീലകനായി. ഇതെല്ലാം ഞാൻ തിരഞ്ഞെടുത്തതാണ്. അതിനർഥം അതിന്റെ സമ്മർദങ്ങൾ വഹിക്കാനും ഞാൻ തയാറാണ് എന്നു തന്നെ! എനിക്കറിയാം, ഒരു ടീം ജയിക്കാതെ വരുമ്പോൾ ആരാധകർ നിരാശരാകുമെന്ന്. ജയിക്കുമ്പോൾ അവർ സന്തോഷിക്കുകയും ചെയ്യും. പരിശ്രമം, കഠിനാധ്വാനം, തീവ്രമായ ആഗ്രഹം. സമ്മർദം കൈകാര്യം ചെയ്യാൻ ഇതേയുള്ളൂ വഴി.–കറ്റാല പറഞ്ഞു. 21 മുതൽ ഭുവനേശ്വറിലാണ് സൂപ്പർ കപ്പ് മത്സരങ്ങൾ.
English Summary:








English (US) ·