Published: September 25, 2025 06:12 PM IST Updated: September 26, 2025 07:24 AM IST
1 minute Read
ലക്നൗ ∙ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇന്ത്യയ്ക്ക് തിരിച്ചടിയെന്ന് സൂചന. ടീമംഗമായ കെ.എൽ.രാഹുലിനു പരുക്കേറ്റതാണ് ഇന്ത്യൻ ക്യാംപിനെ ആശങ്കയിലാഴ്ത്തുന്നത്. ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ മൂന്നാം ദിനം ബാറ്റു ചെയ്യുന്നതിനിടെയാണ് രാഹുലിന് പരുക്കേറ്റത്. ഇന്ത്യ എയുടെ രണ്ടാം ഇന്നിങ്സിൽ ഓപ്പണറായി ഇറങ്ങിയ രാഹുൽ, 92 പന്തിൽ 74 റൺസെടുത്തു നിൽക്കെ റിട്ടയർഡ് ഹർട്ടാവുകയായിരുന്നു. ഫിസിയോയ്‌ക്കൊപ്പമാണ് രാഹുൽ ഡഗൗട്ടിലേക്ക് നടന്നു നീങ്ങിയത്.
ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ, ഓസ്ട്രേലിയ ഉയർത്തിയ 412 റൺസ് വിജയലക്ഷ്യവുമായിട്ടാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയത്. ഓപ്പണർമാരായ എൻ.ജഗദീഷനും (55 പന്തിൽ 36) കെ.എൽ.രാഹുലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസെടുത്തു. പിന്നാലെയെത്തിയ സായ് സുദർശനും (84 പന്തിൽ 44*) രാഹുലിന് ഉറച്ച പിന്തുണ നൽകി. എന്നാൽ ഇതിനിടെ രാഹുലിന് പരുക്കേൽക്കുകയായിരുന്നു.
തുടർന്നെത്തിയ ദേവ്ദത്ത് പടിക്കൽ (5) പുറത്തായതോടെ നൈറ്റ് വാച്ചമാനായി എത്തിയ മാനവ് സുഥാർ (1*) ആണ് സായ് സുദർശനൊപ്പം ക്രീസിൽ. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ169/2 എന്ന നിലയിലാണ് ഇന്ത്യ എ. ചതുർദിന മത്സരത്തിൽ ഒരു ദിവസവും എട്ടു വിക്കറ്റും ബാക്കി നിൽക്കെ 243 റൺസാണ് ഇന്ത്യയ്ക്ക് ഇനി ജയത്തിലേക്കു വേണ്ടത്.
രണ്ടാം ഇന്നിങ്സിൽ 3ന് 16 എന്ന നിലയിൽ മൂന്നാം ദിനം കളി പുനരാരംഭിച്ച ഓസ്ട്രേലിയ, 185 റൺസിന് ഓൾഔട്ടാകുകായിരുന്നു. ഇന്ത്യയ്ക്കായി മാനവ് സുഥാർ, ഗുർനൂർ ബ്രാർ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 420 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ എ, ആദ്യ ഇന്നിങ്സിൽ 194ന് ഓൾഔട്ടായിരുന്നു. അർധ സെഞ്ചറി നേടിയ സായ് സുദർശൻ (75) ഒഴികെ മറ്റാർക്കും ഇന്ത്യൻ നിരയിൽ തിളങ്ങാൻ സാധിച്ചില്ല. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 226 റൺസ് ലീഡ് വഴങ്ങി.
English Summary:








English (US) ·