Published: May 23 , 2025 10:37 AM IST
1 minute Read
നജിമുദ്ദീനെ 1973ലെ കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി കിരീട വിജയത്തിന്റെ ശിൽപികളിലൊരാൾ എന്നു വിശേഷിപ്പിക്കാം. നജിമുദ്ദീന്റെ ക്രോസുകളിൽ നിന്നാണു ക്യാപ്റ്റൻ മണി രണ്ടു ഗോളടിച്ചത്. നജിമുദ്ദീൻ സ്പീഡി ഗെയിമാണു കളിച്ചിരുന്നത്; നല്ല ബോൾ കൺട്രോളുമുണ്ടായിരുന്നു. അന്നത്തെ കോച്ച് സൈമൺ സുന്ദർ രാജ് പറഞ്ഞുകൊടുക്കുന്നതു പോലെ തന്നെ കളിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കോച്ചിനു നജിമുദ്ദീനെ വലിയ ഇഷ്ടമായിരുന്നു.
റൈറ്റ് എക്സ്ട്രീം പൊസിഷനിലാണ് 1973 സന്തോഷ് ട്രോഫിയിൽ നജിമുദ്ദീൻ കളിച്ചത്. ബ്ലാസി ജോർജാണ് ആദ്യ 11ൽ ആ സ്ഥാനത്തു കളിക്കേണ്ടിയിരുന്നത്. പക്ഷേ, ആദ്യ കളിയുടെ തലേന്നു പരിശീലനത്തിനിടെ ബ്ലാസിക്കു പരുക്കേറ്റു. പകരം, ആദ്യ മത്സരത്തിൽ എം.ആർ.ജോസഫിനെ വലതു വിങ്ങിൽ കളിപ്പിച്ചു. മുഹമ്മദ് ബഷീറായിരുന്നു ഇടതു വിങ്ങിൽ.
ബഷീറിന് ആദ്യ മത്സരത്തിൽ തന്നെ പരുക്കേറ്റതോടെ ജോസഫിനെ ഇടതു വിങ്ങിലേക്കു മാറ്റി. അങ്ങനെയാണു നജിമുദ്ദീൻ വലതു വിങ്ങിലെത്തിയത്. മണി, എം.ആർ.ജോസഫ്, നജിമുദ്ദീൻ, കെ.പി.വില്യംസ് എന്നിവരായിരുന്നു ഫോർവേഡുകൾ. ഇടയ്ക്കു സേവ്യർ പയസിനെയും ഇറക്കുമായിരുന്നു. ടീമിലെ ‘ബേബി’ ആയിരുന്ന നജിമുദ്ദീൻ ഒടുവിൽ വിജയ ശിൽപികളിലൊരാളായി മാറി.
1973 ലെ വിജയത്തിന്റെ സുവർണ ജൂബിലി ആഘോഷച്ചടങ്ങുകൾ നടന്നപ്പോഴും സൈമൺ സാർ നജിമുദ്ദീനെക്കുറിച്ചു നല്ല വാക്കുകൾ പറഞ്ഞിരുന്നു. രണ്ടു വർഷത്തിനിടെ, രണ്ടു തവണയെങ്കിലും അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. നജിമുദ്ദീൻ സുഖമില്ലാതെ വെന്റിലേറ്ററിലാണെന്ന് അറിയാമായിരുന്നു. കളത്തിലും പുറത്തും മാന്യനായിരുന്നു നജിമുദ്ദീൻ. എല്ലാ അർഥത്തിലും ജെന്റിൽമാൻ ഫുട്ബോളർ. വലിയ സങ്കടം; വിട.
(മുൻ ഇന്ത്യൻ താരവും പരിശീലകനുമാണ് സി.സി.ജേക്കബ്)
English Summary:








English (US) ·