Published: July 11 , 2025 10:08 AM IST Updated: July 11, 2025 10:17 AM IST
1 minute Read
ഗുരുഗ്രാം∙ ഹരിയാനയിൽ പിതാവിന്റെ വെടിയേറ്റു മരിച്ച രാധിക യാദവ്, സംസ്ഥാന തല മത്സരങ്ങളിൽ ഉൾപ്പെടെ മെഡലുകൾ നേടിയ ടെന്നിസ് താരം. യുവതാരങ്ങളെ കണ്ടെത്തി വളർത്തുന്നതിനായി ഗുരുഗ്രാമിൽ ടെന്നിസ് അക്കാദമിയും നടത്തിയിരുന്ന ഇരുപത്തഞ്ചുകാരിയായ രാധിക, ഒടുവിൽ കൊല്ലപ്പെട്ടതും അതേ ടെന്നിസ് അക്കാദമിയുമായി ബന്ധപ്പെട്ട തർക്കത്തിലാണെന്നാണ് റിപ്പോർട്ട്. ഈ ടെന്നിസ് അക്കാദമി അടച്ചുപൂട്ടാനുള്ള നിർദ്ദേശം അവഗണിച്ചതിനാണ് പിതാവ് ദീപക് യാദവ് മകളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു.
ടെന്നിസ് അക്കാദമി നടത്തുന്ന മകളുടെ ചെലവിലാണ് ജീവിക്കുന്നതെന്ന് നാട്ടുകാരും സുഹൃത്തുക്കളിൽ ചിലരും ദീപക് യാദവിനെ കളിയാക്കിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഇതിൽ ക്രുദ്ധനായാണ് ദീപക് യാദവ് മകളോട് അക്കാദമി പൂട്ടാൻ ആവശ്യപ്പെട്ടത്. പിതാവ് നിരന്തരം ഈ ആവശ്യം ഉന്നയിച്ചെങ്കിലും, അക്കാദമി പൂട്ടാൻ രാധിക തയാറായില്ല. ഇതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായാണ് ദീപക് മകൾക്കുനേരെ വെടിയുതിർത്തത്.
‘‘ഈ ടെന്നിസ് അക്കാദമി അടച്ചുപൂട്ടാൻ ദീപക് യാദവ് മകളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാധിക ഈ ആവശ്യം നിരസിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉടലെടുത്ത തർക്കത്തിനു പിന്നാലെയാണ് ദീപക് രാധികയ്ക്കു നേരെ നിറയൊഴിച്ചത്’ – അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ യശ്വന്ത് യാദവ് വിശദീകരിച്ചു.
മകളുടെ കരിയറിനെക്കുറിച്ചും സ്വന്തമായുള്ള വരുമാനത്തെക്കുറിച്ചും ചുറ്റുമുള്ളവർ തുടർച്ചയായി കളിയാക്കിയതോടെ ദീപക് യാദവ് വിഷാദത്തിന് അടിപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. എല്ലാവരും പരിഹസിച്ചതോടെ അഭിമാനം വ്രണപ്പെട്ടെന്നും ഇതോടെയാണ് മകൾക്കെതിരെ നിറയൊഴിച്ചതെന്നും ദീപക് യാദവ് പൊലീസിനു മൊഴി നൽകിയതായി എഫ്‍ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്.
സ്കൂൾ പഠനകാലം മുതലേ ടെന്നിസ് കോർട്ടിൽ സജീവമായിരുന്ന രാധിക യാദവ്, സംസ്ഥാന തലത്തിൽ ഒട്ടേറെ ടൂർണമെന്റുകളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഇടക്കാലത്ത് തോളിനു പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടയിലും അക്കാദമിയിലെത്താനും യുവതാരങ്ങൾക്ക് പരിശീലനം നൽകാനും രാധിക ശ്രദ്ധിച്ചിരുന്നു. ടൂർണമെന്റുകളിൽ വിജയിക്കുമ്പോൾ പിതാവിനൊപ്പം കിരീടവുമായി ആനന്ദനൃത്തം ചവിട്ടുന്ന റീലുകൾ ഉൾപ്പെടെ രാധിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നതായി പൊലീസ് പറയുന്നു.
English Summary:








English (US) ·